Image

പച്ചമനുഷ്യനായിരുന്നു എകെജി: എ.പി.അബ്ദുല്ലക്കുട്ടി

Published on 09 January, 2018
പച്ചമനുഷ്യനായിരുന്നു എകെജി: എ.പി.അബ്ദുല്ലക്കുട്ടി
എകെജി- സുശീല പ്രണയത്തില്‍ മറ്റൊരു ആഖ്യാനവുമായി മുന്‍ എംഎല്‍എ എ.പി.അബ്ദുല്ലക്കുട്ടി.


എന്റെ ഓര്‍മയിലെ എകെജി

സുശീലയ്ക്ക് എകെജിയോട് തോന്നിയ ഇഷ്ടവും അവരുടെ ഒന്നിച്ചുള്ള ജീവിതവും പോരാട്ടവും ഏഴുതപ്പെടാത്ത നല്ല ഒരു പ്രണയകാവ്യമാണ്. ആലപ്പുഴയിലെ സി.കെ.കുമാരപ്പണിക്കരുടെ മകള്‍ക്ക് എകെജിയെ കണ്ടയുടനെ പ്രണയം തോന്നിയതില്‍ അതിശയപ്പെടാനൊന്നും ഇല്ല. കാരണം അത്ര സുന്ദരനായിരുന്നു അദ്ദേഹം. ഒരു വല്ലാത്ത കരിസ്മാറ്റിക് പ്രകൃതം. പ്രേമത്തിന് കണ്ണും കാതും മൂക്കും ഇല്ലാന്നല്ലേ നമ്മള് കേട്ടത്. പ്രായവും ഇല്ലെന്നു കൂട്ടിച്ചേര്‍ത്താല്‍ മതി പ്രശ്‌നമെല്ലാം തീരും.

എന്നാല്‍ കോയമ്പത്തൂര്‍ ജയിലില്‍ തന്നെ കാണാന്‍ വന്ന സുശീല ഇഷ്ടമാണെന്നു പറഞ്ഞപ്പോള്‍ നന്നായി പഠിക്കേണ്ട പ്രായത്തില്‍ ഇമ്മാതിരി ചിന്തയൊന്നും വേണ്ട എന്നായിരുന്നു എകെജി ഉപദേശിച്ചത്. എന്നിട്ടും സുശീലയുടെ ഇഷ്ടം പൂവണിഞ്ഞു. സുശീല പിന്നീട് ഭാര്യ മാത്രമല്ല. സത്യഗ്രഹപ്പന്തലുകളിലും പോരാട്ടങ്ങളിലും വളണ്ടിയര്‍ ആയിരുന്നു. കൂട്ടി പറഞ്ഞാല്‍ മഹാത്മാ ഗാന്ധിയുടെ ഒപ്പം സഹായിയായിരുന്ന ആഭ- മൈത്രിമാരെപ്പോലെ. എകെജിയോട് ആദ്യഭാര്യയും കുടുബവും കാണിച്ച ക്രൂരതയ്ക്കു ദൈവം നല്‍കിയ അനുഗ്രഹമാണ് സുശീല.

നല്ല കോണ്‍ഗ്രസുകാരനായിരുന്ന എകെജി, കേളപ്പജിയോടൊപ്പം ചേര്‍ന്ന് ഗുരുവായൂര്‍ സത്യഗ്രഹം, കള്ളുഷാപ്പ് പിക്കറ്റിങ്, ആനന്ദതീര്‍ഥനൊപ്പം
അയിത്തത്തിനെതിരെയുള്ള പയ്യന്നൂര്‍ സമരം.. ഇതിലെല്ലാം നന്നായി പങ്കെടുത്തു. മര്‍ദനമേറ്റു ജയിലും കേസുമായി കഴിഞ്ഞ ഗോപന്‍ എന്ന ഗാന്ധിയനെ ഭാര്യ മൊഴി ചൊല്ലുകയിരുന്നു. ആഢ്യന്‍മാരായ ആദ്യ ഭാര്യയുടെ അച്ഛന്‍ മകളെയും കൂട്ടിയിറങ്ങി പോകുമ്പോള്‍ 'കണ്ടാഗ്രസ്സായ തെമ്മാടി ഗോപാലിനൊപ്പം' എന്റെ മോള് പൊറുക്കൂല എന്നാണ് പറഞ്ഞത് ..

കണ്ടുനില്‍കുന്ന ഗോപാലന്റെ നിസ്സഹായത യുവ പൊതുപ്രവര്‍ത്തകര്‍ വീണ്ടും വായിക്കേണ്ടതാണ്. അതുകൊണ്ടാണ് ഞാന്‍ മുകളില്‍ കുറിച്ചത് സുശീലയ്ക്ക് എകെജിയോട് തോന്നിച്ച പ്രണയം ഈശ്വര നിമിത്തമാണ്. പലപ്പോഴും തന്റെ പോരാട്ടത്തില്‍ പാര്‍ട്ടിപോലും കൂടെ ഉണ്ടായിരുന്നില്ല. എന്നാല്‍ എന്നും സുശീലയുണ്ടായിരുന്നു. 1960 ല്‍ ഇടുക്കിയിലെ അമരാവതി സത്യാഗ്രഹം പാര്‍ട്ടിയോട് ആലോചിച്ചില്ല എന്നുപറഞ്ഞു കമ്യൂണിസ്റ്റ് പാര്‍ട്ടി
അദ്ദേഹത്തെ താക്കീത് ചെയ്തു. എം.എം.മണിയും കൂട്ടരും ഭൂമി കയ്യേറുമ്പോള്‍ പാര്‍ട്ടി കൂടെ പാറപോലെ നില്‍ക്കുന്നത് ഇത്തരുണത്തില്‍
ഓര്‍ക്കുന്നത് കൗതുകതരമായിരിക്കും.

ഡാം നിര്‍മാണം കൊണ്ടു കുടിയും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി 21 ദിവസം നിരാഹാരം കിടന്ന എകെജിക്കൊപ്പം സുശീലയും കമ്യൂണിസ്റ്റ് വിരുദ്ധനായ ഫാദര്‍ വാടക്കനും മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി നെഹ്റുവാണ് ആ പാവങ്ങള്‍ക്ക് ഭൂമിനല്‍കി സമരം തീര്‍ത്തത്. എകെജി ശരിയായ കമ്യൂണിസ്റ്റു ഒന്നുമല്ല. നല്ല പച്ച മനുഷ്യസ്‌നേഹിയാണ് എന്ന് ഫാദര്‍ വടക്കന്‍ പറഞ്ഞത് ശരിയാണ്. അതോണ്ടാണല്ലോ എകെജിയെ പാര്‍ട്ടി സിസിയിലും പിബിയിലും എടുക്കാന്‍ വൈകിയത്.

വിഎസ് 1954 നാഷനല്‍ കൗണ്‍സിലില്‍ വന്നു. എകെജി 1972 ലാണ് പിബിയില്‍ വരുന്നത് എന്നറിയുമ്പോള്‍ ചരിത്രവിദ്യാര്‍ഥികള്‍ മൂക്കത്തു വിരല്‍വയ്ക്കും. എകെജിയെക്കുറിച്ച് ഗവേഷണ വിദ്യാര്‍ഥികള്‍ പുതിയ വായനയ്ക്കു വേദിയാക്കിയാല്‍ നല്ല രസമായിരിക്കും. കോണ്‍ഗ്രസുകാരനായ എകെജിയാണോ കമ്യൂണിസ്റ്റായ എകെജിയാണോ കൂടുതല്‍ ഇഷ്ടം എന്ന് എന്നോട് ചോദിച്ചാല്‍ കണ്‍ഫ്യൂഷനാവും. അതിനാല്‍ ഇങ്ങനെ പറയാം. സ്വാതന്ത്ര്യസമരത്തെയും ജനകീയ പോരാട്ടത്തെയും സുശീലയെയും പ്രണയിച്ച ഒരു പച്ചമനുഷ്യനായിരുന്നു എകെജി.

വാല്‍ക്കഷ്ണം: വിശ്വ പ്രണയകഥ ലൈല -മജ്നു. ഇവരുടെ ഏക മകളുടെ പേര് ലൈല എന്നാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക