Image

മരുമകളെ വിവാഹം കഴിക്കുക, മകളെ രണ്ടാം ഭാര്യയാക്കുക തുടങ്ങിയ ആചാരങ്ങള്‍ ഉണ്ടായിരുന്ന നാട്: മനോജ് കുറൂര്‍

Published on 09 January, 2018
മരുമകളെ വിവാഹം കഴിക്കുക, മകളെ രണ്ടാം ഭാര്യയാക്കുക തുടങ്ങിയ ആചാരങ്ങള്‍ ഉണ്ടായിരുന്ന നാട്:   മനോജ് കുറൂര്‍
മരുമകളെ വിവാഹം കഴിക്കുക, മകളെ രണ്ടാം ഭാര്യയാക്കുക തുടങ്ങിയ ആചാരങ്ങള്‍ ഉണ്ടായിരുന്ന നാട് സാഹിത്യകാരന്‍ മനോജ് കുറൂര്‍ 


മനുഷ്യരെ എങ്ങനെയാണു ദ്വിമാനവ്യക്തിത്വങ്ങളായി കാണാന്‍ കഴിയുക? അത്തരത്തിലുള്ള സ്റ്റീരിയോ ടൈപ്പുകളെ വീരകഥകളില്‍ മാത്രമല്ലേ കാണാന്‍ കഴിയൂ? അതുകൊണ്ടു വിമര്‍ശനങ്ങള്‍ ആര്‍ക്കെതിരെയായാലും ഉണ്ടായെന്നിരിക്കും. വിമര്‍ശനത്തിന്റെയും പ്രതിവിമര്‍ശനത്തന്റെയുമൊക്കെ ഭാഷകള്‍ അങ്ങേയറ്റം ദുഷിച്ചു പോയ (അതു ദുഷിപ്പിച്ച കാര്യത്തില്‍ കക്ഷിഭേദമോ മതഭേദമോ ഇല്ല) ഒരു രാഷ്ട്രീയാന്തരീക്ഷത്തിന്റെ ഇരകളാണ് സൈബറിടത്തില്‍ രാഷ്ട്രീയചര്‍ച്ചയ്ക്കിറങ്ങുന്നവരെല്ലാം. ഇപ്പോഴത്തെ പ്രശ്‌നം തന്നെ നോക്കൂ. ഒരു ജനപ്രതിനിധി ഇപ്പറഞ്ഞ ദുഷിച്ച ഭാഷയില്‍ ഒരു അസംബന്ധം പറയുന്നു. അതാകട്ടെ സാമാന്യബുദ്ധിയ്‌ക്കോ യുക്തിക്കോ നിരക്കുന്ന ഒരാരോപണമല്ല. ഒരു പ്രത്യേകകാലത്ത് അന്നത്തെ സാമൂഹികജീവിതത്തില്‍ സ്വാഭാവികമായ ഒരു കാര്യം മാത്രമാണത്. (സ്വാതന്ത്ര്യപൂര്‍വകേരളത്തിലെ സാമൂഹികജീവിതത്തെക്കുറിച്ച് ഒന്നന്വേഷിച്ചുനോക്കൂ. മരുമകളെ വിവാഹം കഴിക്കുക, സ്വന്തം മകളെ രണ്ടാം ഭാര്യയാക്കുക തുടങ്ങിയ ആചാരങ്ങള്‍ വരെയുണ്ടായിരുന്ന നാടാണിത്. പന്ത്രണ്ടു വയസ്സായ പെണ്‍കുട്ടിയെ എഴുപതുകാരന്‍ വിവാഹം ചെയ്യുന്നതുപോലും സാധാരണമായിരുന്ന കാലവുമാണത്. അതിരിക്കട്ടെ) ശാശ്വതമായ നൈതികത എന്ന ഒരു മതബോധമാണ് മറ്റൊരു കാലത്തു മറ്റൊരു സന്ദര്‍ഭത്തില്‍ സംഭവിച്ച ഒരു സംഗതിയെ എക്കാലത്തേയ്ക്കും പ്രസക്തമെന്നു തോന്നിക്കുന്ന ഒരു യുക്തിയിലൂടെ വിമര്‍ശിക്കുന്നതിനു പിന്നില്‍. മാത്രമല്ല, ആരോപണത്തിനായി വളച്ചൊടിച്ചതാണത്. നിരവധി ദുരര്‍ത്ഥങ്ങള്‍ ആരോപിച്ചു മലിനമാക്കിയതുമാണ്. പക്ഷേ നേതാക്കളുടെ ഒളിവുജീവിതം എന്ന ആദര്‍ശാത്മകമായ മിത്തിനെ വികൃതമായി അവതരിപ്പിക്കുക എന്ന കൗശലം വിജയിച്ചു. അതിനെ എതിര്‍ക്കാന്‍ അതിലും ദുഷിച്ച ഭാഷയില്‍ മറുപടികള്‍ വന്നപ്പോള്‍ ഇക്കാലമായാലും അക്കാലമായാലും, ഇക്കാര്യമായാലും അക്കാര്യമായാലും എല്ലാം ഒരുപോലെതന്നെ എന്നൊരു തോന്നലിനെ ഉറപ്പിക്കാനും കഴിഞ്ഞു.

നോക്കണേ! സാമാന്യ യുക്തി കൊണ്ടു നേരിട്ടാല്‍പ്പോലും തകര്‍ന്നു തരിപ്പണമായിപ്പോകാവുന്ന ഒരാരോപണം. അതിന് അത്തരത്തിലുള്ള മറുപടി ധാരാളമായിരുന്നു. പക്ഷേ മേല്പറഞ്ഞ നൂലാമാലകള്‍ കാരണം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും മാന്യതയുടെയും പ്രശ്‌നമാക്കി വഴിതിരിച്ചു വിടാനുള്ള തത്പരകക്ഷികളുടെ ശ്രമം വിജയിച്ചു. ഞങ്ങളുടെ നേതാക്കള്‍ ഇങ്ങനെയെങ്കില്‍ നിങ്ങളുടെ നേതാക്കളും അങ്ങനെതന്നെ എന്ന് എളുപ്പത്തിലങ്ങു പറയാന്‍ അവര്‍ക്കു കഴിഞ്ഞു. അതിലൂടെ പരസ്പരവിമര്‍ശനങ്ങളുടെ ബലാബലം മാത്രമാണ് പ്രശ്‌നം എന്നും വന്നു. ഒരു കാര്യം പറയുന്നതിനുമുമ്പ് വേണ്ടത്ര അന്വേഷണങ്ങള്‍ നടത്തുക എന്നത് അനാവശ്യമായ സംഗതിയായി മാറിക്കഴിഞ്ഞല്ലൊ.

രാഷ്ട്രീയചര്‍ച്ചകളുടെ ഭാഷ, യുക്തി, നൈതികത എന്നിവയെപ്പറ്റി വേണ്ടത്ര കരുതലില്ലെങ്കില്‍ ചെന്നുപെടാവുന്ന ചതിക്കുഴികളെക്കുറിച്ചാണ് ഈ സമകാലികസന്ദര്‍ഭം ഓര്‍മ്മിപ്പിക്കുന്നത്.

'ഒളിവിലെ ഓര്‍മ്മകള്‍' എന്ന വിഷയത്തില്‍ ഇപ്പറഞ്ഞ യുവാവായ ജനപ്രതിനിധി ഇനിയൊരു പുസ്തകമെഴുതിയാല്‍ അതാവും ബെസ്റ്റ് സെല്ലര്‍ എന്നുകൂടി പറഞ്ഞില്ലെന്നുവേണ്ട!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക