Image

അരിസോണ ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ തിരുനാള്‍ ആചരണത്തിന് തുടക്കമായി

ജോയിച്ചന്‍ പുതുക്കുളം Published on 09 January, 2018
അരിസോണ ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ തിരുനാള്‍ ആചരണത്തിന് തുടക്കമായി
അരിസോണ: ഫീനിക്‌സ് തിരുകുടുംബ ദേവാലയത്തില്‍ ഇടവക മധ്യസ്ഥരായ തിരുകുടുംബത്തിന്റേയും ധീരരക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാള്‍ ആചരണത്തിനു ജനുവരി ഏഴിന് തുടക്കമായി. ജനുവരി ഏഴിനു ഞായറാഴ്ച രാവിലെ 10.30-നു ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ പതാക ഉയര്‍ത്തി. ആഘോഷമായ പാട്ടുകുര്‍ബാനയും ലദീഞ്ഞും, നൊവേനയും, ചെണ്ടമേളവുമുണ്ടായിരുന്നു. ഫാ. മധു ജോര്‍ജ് സ്രാമ്പിക്കല്‍ ആയിരുന്നു മുഖ്യകാര്‍മികന്‍. തുടര്‍ന്നുള്ള തന്റെ പ്രഭാഷണത്തില്‍ തിരുകുടുംബത്തിന്റെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നല്ലൊരു കുടുംബം കെട്ടിപ്പെടുക്കേണ്ടതിന്റെ ആവശ്യകത അച്ചന്‍ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ഒരു നല്ല ക്രൈസ്തവ കുടുംബം വാഗ്വാദങ്ങളുടെ "കോടതി മുറി' അല്ല ആവേണ്ടത്, മറിച്ച് ഏറ്റുപറച്ചിലുകളുടേയും സാന്ത്വനപ്പെടുത്തിലിന്റേയും "കുമ്പസാരക്കൂട്' ആവണമെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി 7 മുതല്‍ 14 വരെ എല്ലാദിവസവും വൈകുന്നേരം 7 മണിക്ക് ദിവ്യബലിയും തിരുകുടുംബ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.

ജനുവരി 12-നു വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സീറോ മലങ്കര ആരാധന പ്രകാരമുള്ള ദിവ്യബലിക്ക് ഫാ. കുര്യാക്കോസ് മാമ്പ്രക്കാട്ട് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഭക്തിസാന്ദ്രമായ പരിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്.

ജനുവരി 13-നു ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫീനിക്‌സ് രൂപതാ മെത്രാന്‍ റവ. തോമസ് ഓംസ്റ്റെഡ് നേതൃത്വം നല്‍കും. ലാറ്റിന്‍ ആരാധന പ്രകാരമുള്ള ദിവ്യബലിക്കുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഇടവകാംഗങ്ങള്‍ ഒരുക്കുന്ന നൃത്തനിശയും സംഘടിപ്പിച്ചിട്ടുണ്ട്.

ജനുവരി 14-നു ഞായറാഴ്ചത്തെ പ്രധാന തിരുനാള്‍ തിരുകര്‍മ്മത്തിന്റെ മുഖ്യകാര്‍മികന്‍ ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരിയാണ്. മുഖ്യ തിരുനാള്‍ പ്രഭാഷണം മുന്‍ ഇടവക വികാരി ഫാ. മാത്യു മുഞ്ഞനാട്ട് നിര്‍വഹിക്കും. തുടര്‍ന്നു ലദീഞ്ഞും പ്രദക്ഷിണവും ക്രമീകരിച്ചിട്ടുണ്ട്. ഭക്തിസാന്ദ്രമായ തിരുനാള്‍ സമാപനം ആഘോഷകരമാക്കുവാന്‍ വൈകിട്ട് 5 മണി വരെ ഓട്ട് ഡോര്‍ ആക്ടിവിറ്റീസും ഉണ്ടായിരിക്കും. കേരളത്തിന്റേയും അമേരിക്കയുടേയും തനത് കലാപാരമ്പര്യം വിളിച്ചോതുന്ന വിവിധ കാലാരൂപങ്ങള്‍ക്ക് സണ്‍ഡേ സ്കൂള്‍ കുട്ടികളും യുവജനങ്ങളും ദൃശ്യാവിഷ്കാരം നല്‍കും.

ഇടവകയുടെ പത്താം തിരുനാള്‍ അതിവിപുലമായി കൊണ്ടാടാനാണ് തീരുമാനം. അതിനായി പാരീഷ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. തിരുനാള്‍ ആഘോഷത്തിന്റെ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി കണ്‍വീനര്‍ സാജന്‍ മാത്യു അറിയിച്ചു.

ശുഭപ്രതീക്ഷയോടെ പുതുവര്‍ഷത്തിലേക്ക് ചുവടുവെയ്ക്കുന്ന ഏവര്‍ക്കും ആത്മീയ ഉണര്‍വ്വും കരുത്തുമേകാന്‍ ഈ തിരുനാള്‍ ആചരണം ഉപകരിക്കട്ടെ എന്നു ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ആശംസിച്ചു. കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, നസ്രേത്തിലെ തിരുകുടുംബത്തിന്റെ മാതൃകയില്‍ തങ്ങളുടെ കുടുംബം രൂപപ്പടുത്താന്‍ മാതാപിതാക്കളും മക്കളും ഒന്നുചേര്‍ന്നു പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ തിരുനാള്‍ പ്രസുദേന്തി റിന്‍സണ്‍ ജോണ്‍ തേക്കനാല്‍ ആണ്. ഇടവക രൂപീകരണത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ഇങ്ങോട്ട് ഇടവകയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യം പുലര്‍ത്തുന്ന റിന്‍സണ്‍, ഇപ്പോള്‍ സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയാണ്. കഴിഞ്ഞ പത്തുവര്‍ഷമായി മതാധ്യാപന രംഗത്തും അള്‍ത്താര ശുശ്രൂഷയിലും സജീവമാണ് റിന്‍സണ്‍ തേക്കനാല്‍.

ഇടവകയുടെ കൂട്ടായ്മയോടു ചേര്‍ന്നു തിരുകര്‍മ്മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കാനും ആഘോഷങ്ങള്‍ ആനന്ദവേളകളാക്കി മാറ്റുവാനും ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു. സുഷാ സെബി അറിയിച്ചതാണിത്. ഫോട്ടോ: ഷിബു തെക്കേക്കര.
അരിസോണ ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ തിരുനാള്‍ ആചരണത്തിന് തുടക്കമായിഅരിസോണ ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ തിരുനാള്‍ ആചരണത്തിന് തുടക്കമായിഅരിസോണ ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ തിരുനാള്‍ ആചരണത്തിന് തുടക്കമായിഅരിസോണ ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ തിരുനാള്‍ ആചരണത്തിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക