Image

നടി ദിവ്യ ഉണ്ണി നൃത്ത, അഭിനയ രംഗത്ത് സജീവമാകുന്നു, (ജിനേഷ് തമ്പി)

Published on 11 January, 2018
നടി ദിവ്യ ഉണ്ണി നൃത്ത, അഭിനയ രംഗത്ത്  സജീവമാകുന്നു, (ജിനേഷ് തമ്പി)
നന്നേ ചെറുപ്പത്തില്‍ എണ്ണം പറഞ്ഞ  നര്‍ത്തകിയായി  പ്രശസ്തി നേടി, സ്‌കൂള്‍ തലത്തില്‍ രണ്ടു  പ്രാവശ്യം കലാതിലകം പട്ടം സ്വന്തമാക്കി , പിന്നീട്  മലയാള സിനിമലോകത്തു നായികയായി തിളങ്ങിയ മലയാളത്തിന്റെ സ്വന്തം ദിവ്യ  ഉണ്ണി ഇപ്പോള്‍ അമേരിക്കയില്‍  ഡാന്‍സ് സ്‌കൂള്‍ അധ്യാപികയായി തിരക്കിന്റെ ലോകത്തിലാണ്. മലയാളസിനിമയിലേക്ക് ഒരു തിരിച്ചു വരവിനു ഒരുങ്ങുന്ന മലയാളത്തിന്റെ പ്രിയ നടി  ദിവ്യ ഉണ്ണിയുമായി ജിനേഷ് തമ്പിയുടെ അഭിമുഖം

1) പത്താം ക്ലാസ്സിലെ   പരീക്ഷ എഴുതി ദിവ്യ ഉണ്ണി നേരെ പോയത് ഷൂട്ടിംഗ് ലൊക്കേഷഷനിലേക്കാണ് എന്ന് കേട്ടിട്ടുണ്ട് . നന്നേ ചെറുപ്പത്തില്‍ സിനിമാഭിനയം തുടങ്ങിയ ദിവ്യയുടെ  സിനിമാലോകത്തിലെ  തുടക്കകാലത്തെ ഓര്‍മ്മകള്‍  പങ്കുവെക്കാമോ ?

നീയെത്ര ധന്യ എന്ന ചിത്രത്തില്‍ ബാലനടിയായി അഭിനയിച്ചാണ് സിനിമാലോകത്തു തുടക്കം കുറിക്കുന്നത്.  പിന്നീട് ഒരു പാട് സീരിയലുകള്‍  ചെയ്തു. സീരിയല്‍ രംഗത്ത്  നിന്നും സംവിധായകന്‍ വിനയന്‍ ആണ് എനിക്ക്  ആദ്യമായി സിനിമയില്‍ നായിക വേഷം തരുന്നത്.  കല്യാണസൗഗന്ധികം എന്ന ചിത്രത്തില്‍, ആ സിനിമയില്‍  നായികയായി  അഭിനയിക്കുമ്പോള്‍ പത്താം ക്ലാസ് പരീക്ഷ എഴുതി അന്നേ  ദിവസം തന്നെ ഷൂട്ടിങ്ങിനായി പോയ അവസരങ്ങള്‍  ഉണ്ടായിട്ടുണ്ട്.  അതൊക്കെ വളരെ നല്ല ഓര്‍മകളാണ്. സിനിമാ സെറ്റില്‍  ഞാന്‍ എന്റ്‌റെ സീനിയേഴ്‌സ്  പറഞ്ഞു തന്ന പോലെ അഭിനയിക്കുകയായിരുന്നു. ശെരിക്കും പറഞ്ഞാല്‍ സ്‌കൂളിലും  സിനിമ സെറ്റിലും  ഞാന്‍ ഒരു കുട്ടിയായിരുന്നു. സെറ്റില്‍  മുതിര്‍ന്നവര്‍ പറഞ്ഞു തന്ന പോലെ അഭിനയിക്കുകയായിരുന്നു.  കല്യാണസൗഗദ്ധികം വലിയ താരനിരയുള്ള
ചിത്രം ആയിരുന്നു, മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകള്‍ ഏകദേശം എല്ലാവരും  ഈ സിനിമയില്‍ ഉണ്ടായിരുന്ന കൊണ്ട് ഷൂട്ടിംഗ് ഒക്കെ നല്ല രസമായിരുന്നു .തുടക്കത്തില്‍ തന്നെ വലിയ താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു

2 ) രണ്ടു തവണ കലാതിലകം ആയിരുന്ന ദിവ്യ ഉണ്ണിയുടെ സിനിമ പ്രവേശനത്തില്‍ ഡാന്‍സ് എത്ര മാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്

ഞാന്‍ മൂന്നു വയസു തൊട്ടേ ഡാന്‍സ് അഭ്യസിച്ചു തുടങ്ങിയതാണ് . ഡാന്‍സ് ചെറുപ്പം മുതല്‍ക്കേ  ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു  കാര്യമായിരുന്നു. ഡാന്‍സിലൂടെയാണ്  ആളുകള്‍ക്കിടയില്‍ അറിയപ്പെടാനും, എന്റ്‌റെ പേര് ആളുകള്‍ ശ്രദ്ധിക്കാനുമൊക്കെ തുടങ്ങിയത്. കലാതിലകം ആയി  പത്രത്തില്‍ പേര് വരാനും, ചെറിയ തോതില്‍ പ്രശസ്തി ലഭിക്കാനുമൊക്കെ സഹായിച്ചത് ഡാന്‍സ് കൊണ്ടാണ്. കലാതിലകം ആയതില്‍ പിന്നെ ചെറിയ മോഡലിംഗ് ഒക്കെ ചെയ്യാന്‍ തുടങ്ങി, അത് പോലെ അഡ്വെര്‍ടൈസിങ് രംഗത്ത് നിന്നും അവസരങ്ങള്‍ തേടി എത്തി തുടങ്ങി.

3 ) ഡാന്‍സും, സിനിമയും നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ദിവ്യ ഉണ്ണി എന്ത് തീരുമാനം എടുക്കും

(പൊട്ടിച്ചിരിക്കുന്നു) അതിനു ഞാന്‍ ആരെയും സമ്മതിക്കില്ല. എന്റ്‌റെ ജീവിതത്തില്‍ ഡാന്‍സിനും സിനിമക്കും വലിയ സ്വാധീനം ഉണ്ട്. ഒരെണ്ണം തിരഞ്ഞെടുക്കുക എളുപ്പമല്ല.

4 ) ഡാന്‍സില്‍ ആരൊക്കെയാണ് സ്വാധീനം ചെലുത്തിയ വ്യക്തികള്‍  ?

കലാമണ്ഡലം ഗോപിനാഥന്‍ സാര്‍ ആണ് എന്റ്‌റെ ആദ്യ ഗുരു, അനില്‍ വി അനില്‍ കുമാര്‍ എന്ന സാറില്‍ നിന്നും സ്‌കൂളില്‍ വെച്ച് ഡാന്‍സ് ഒരു പാട് പഠിച്ചു. വീട്ടില്‍ ആരും തന്നെ ഡാന്‍സ് അഭ്യസിച്ചവര്‍ ഇല്ലായിരുന്നു. റോള്‍ മോഡല്‍ ആയി കരുതുന്നത് പദ്മ സുബ്രമണ്യന്‍, രമ വൈദ്യനാഥന്‍ എന്നിവരെയൊക്കെയാണ്. ഒരു നര്‍ത്തകിയായി എന്റ്‌റെ വളര്‍ച്ചയില്‍ അച്ഛനും അമ്മയും വലിയ പ്രോഹത്സാഹനം തന്നിട്ടുണ്ട് . പ്രേത്യേകിച്ചും  'അമ്മ  വലിയ ഒരു കലാ ആസ്വാദകയാണ്. കൊച്ചിയിലെ ഭാരതീയ വിദ്യാഭവനില്‍ 'അമ്മ ഇപ്പോള്‍ സംസ്‌കൃതം അധ്യാപികയാണ്. രണ്ടു വര്‍ഷം മുന്‍പ് രാഷ്ട്രപതിയില്‍ നിന്നും ഏറ്റവും മികച്ച സംസ്‌കൃത അധ്യാപികയ്ക്കുള്ള പുരസ്‌കാരം  അമ്മക്കാണ് ലഭിച്ചത്. കേരളത്തില്‍ നിന്നും ആദ്യമായാണ് ഒരു സംസ്‌കൃതം അദ്ധ്യാപിക  ഈ പുരസ്‌കാരത്തിന് അര്‍ഹയാകുന്നത് 

5 ) പല അവസരത്തിലും ദിവ്യയെ ഹിന്ദി സിനിമയിലെ താരറാണി ശ്രീദേവിയായി താരതമ്യം ചെയ്തു മലയാളത്തിലെ  ശ്രീദേവിയാണ് ദിവ്യ ഉണ്ണി എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. ഈ താരതമ്യത്തെ എങ്ങനെ കാണുന്നു ?

(ചിരിക്കുന്നു)  ഞാന്‍ ശ്രീദേവിയുടെ വലിയ ഒരു ആരാധികയാണ്. ഒരു കമ്പ്‌ലീറ്റ് അഭിനേത്രി എന്നൊക്കെ ശ്രീദേവിയെ  എളുപ്പം വിശേഷിപ്പിക്കാം. സൗന്ദര്യം, അഭിനയ തികവ്, ഹാസ്യം ഉള്‍പ്പെടെയുള്ള അഭിനയമുഹൂര്‍ത്തങ്ങളെ  ഉജ്വലമാക്കാനുള്ള അവരുടെ മികവ്, ഇതൊക്കെ  എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇവരെയൊക്കെ  പറ്റി എത്ര നേരം വേണെമെങ്കിലും നമുക്ക് സംസാരിച്ചിരിക്കാം. ശ്രീദേവിയെ പോലെ തന്നെ ആരാധിക്കുകയും, അഭിമാനിക്കുകയും ചെയ്യുന്ന വേറെയും അഭിനേത്രികളുമുണ്ട്, ഉദാഹരണം ശോഭന മാഡം. ഇവരുടെയൊക്കെ സിനിമ കാണുമ്പോള്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാറ്റി വെച്ച്  സിനിമയില്‍ മുഴുകി ഇരുന്നു പോകും.അതാണ് അവരുടെ പ്രതിഭ

6 ) സംവിധാനകലയുടെ കുലപതികളായ  ഭരതന്‍, ലോഹിതദാസ്  എന്നിവരുടെ കൂടെ അഭിനയിച്ച ചിത്രങ്ങളിലെ ഓര്‍മ്മകള്‍ എന്തെല്ലാമാണ് ?

ഭരതന്‍ സാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് വലിയ ഒരു സൗ ഭാഗ്യം ആയാണ് കരുതുന്നത്. സാര്‍ അങ്ങനെ ഒന്നും ഒരു റോളിനെ പറ്റി തുടക്കത്തില്‍ വലിയ വിശദീകരണം തരുന്ന രീതിയില്ല. പക്ഷെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ നമ്മളെ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ ഭരതന്‍ സാറിന് പ്രേത്യേക  കഴിവുണ്ട്. ഞാന്‍ നായികയായി ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച കല്യാണസൗഗദ്ധികം എന്ന വിനയന്‍ സിനിമയില്‍ ആദ്യ ഷോട്ട് എടുത്തത് ഭരതന്‍ സാറിന്റെ  ഭാര്യ കെ പി എ സി  ലളിത ചേച്ചിയോടൊപ്പം ആയിരുന്നു. ഒരു മോളെപോലെയുള്ള വാത്സല്യം ഭരതന്‍ സാറും ലളിത ചേച്ചിയും എന്നും എനിക്ക് തന്നിട്ടുണ്ട് ഭരതന്‍ സാര്‍ നമ്മളെ ഒക്കെ വിട്ടു നേരത്തെ പോയതില്‍  ഇപ്പോഴും ദുഃഖം ബാക്കിയാണ് 

ലോഹിതദാസ് സാര്‍ എന്നെ വെച്ച് ഡാന്‍സ് കേന്ദ്രീകരിച്ചു ഒരു നായികാപ്രാധാന്യം ഉള്ള ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. കൈതപ്രം  നമ്പൂതിരിസാര്‍, മഞ്ജു ചേച്ചി, ലോഹി സാര്‍ ഞങ്ങള്‍ എല്ലാവരും കൂടെ പോയ ഒരു ഗള്‍ഫ് ടൂറില്‍  ഒരു ശില്പവും, ശില്പിയും പ്രധാന കഥാപാത്രമായി  അവതരിപ്പിച്ച  ഡ്രാമ വലിയ ഹിറ്റ് ആയിരുന്നു. അതില്‍ നിന്നാണ് ഡാന്‍സിന് വലിയ പ്രാധാന്യം ഉള്ള മുഴുനീള സിനിമ എന്ന ആശയം ഉണ്ടായതു. ലോഹിതദാസ് സാറിന്റെ അകാലവിയോഗം കാരണം ആ സിനിമ നടന്നില്ല. കാരുണ്യം എന്ന ലോഹിതാദാസ് സാര്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വളരെ നല്ല ഓര്‍മ്മകളാണ് മനസ്സില്‍

7 ) ദിവ്യ ഉണ്ണി എന്നാണ് ഇനി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് ?

അതിനു  ഞാന്‍  എങ്ങും പോയില്ലല്ലോ (പൊട്ടി ചിരിക്കുന്നു). ഞാന്‍  മനഃപൂര്‍വം സിനിമയില്‍ നിന്നും മാറി നിന്നതല്ല. കല്യാണം കഴിഞ്ഞു അമേരിക്കയിലേക്ക്  പോയത് കാരണം സിനിമയില്‍ അഭിനയിക്കാന്‍ അസൗകര്യങ്ങള്‍ ഉണ്ടായിരുന്നു. സ്‌ക്രിപ്റ്റ് ഞാന്‍ എപ്പോഴും വായിക്കുന്നുണ്ടായിരുന്നു. അമേരിക്കയിലെ ഡാന്‍സ് സ്‌കൂളിലെ തിരക്കും മറ്റും കാരണം നാട്ടില്‍ വന്നു സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് മാത്രം. സിനിമയില്‍ നിന്നും  ഞാന്‍ ഒരിക്കലും പൂര്‍ണമായി വിട്ടു നിന്നിട്ടില്ല. പുതിയ ചിത്രങ്ങള്‍ ഒന്നും ഞാന്‍ എടുത്തിട്ടില്ല. പക്ഷെ  സ്‌ക്രിപ്റ്റ് ഒരു പാട് വായിക്കുന്നുണ്ട്.  നല്ല സ്‌ക്രിപ്റ്റ്,  കഥാപാത്രം, സാഹചര്യം ഒക്കെ  ഒത്തു വന്നാല്‍, ഉറപ്പായും  സിനിമ  ചെയ്യും

8 ) രണ്ടു തവണ കലാതിലകം ജേതാവും, മലയാളത്തിലെ മുന്‍നിര നായികയും, ഇപ്പോള്‍ വളരെ കാലമായി  അമേരിക്കയില്‍ ഡാന്‍സ് സ്‌കൂളും വിജയകരമായി നടത്തുന്ന അധ്യാപിക എന്ന നിലയില്‍ വളര്‍ന്നു വരുന്ന തലമുറയോട് എന്ത് ഉപദേശമാണ് നല്‍കാനുള്ളത് ?

പ്രാക്ടീസ്, പ്രാക്ടീസ് , ആ ഒറ്റ ഉപദേശമേ ഉള്ളൂ.  പറ്റുന്നത് പോലെ നന്നായി നൃത്തം അഭ്യസിക്കണം, അത് പോലെ മുതിര്‍ന്ന നര്‍ത്തകിമാരുടെ ഡാന്‍സ് പെര്‍ഫോമന്‍സ്
കണ്ടു തെറ്റുകള്‍ തിരുത്താനും, ഡാന്‍സ് കൂടുതല്‍  മെച്ചപ്പെടുത്താനും  എപ്പോഴും ഒരു ശ്രമം വേണം. ഞാന്‍ ചെറിയ കുട്ടിയായിരുന്ന സമയത്തു ഇപ്പോഴത്തെ പോലെ യൂട്യൂബ് , കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ ഒന്നും ഇല്ലായിരുന്നല്ലോ. എന്റ്‌റെ അച്ഛനും, അമ്മയും പല നല്ല നര്‍ത്തകിമാരുടെ പെര്‍ഫോമന്‍സ് ഒക്കെ എന്നെ കാണിക്കാന്‍ വേണ്ടി  അമ്പലപ്പറമ്പ്  ഉള്‍പ്പെടെ പല സ്ഥലത്തും കൊണ്ടുപോകുമായിരുന്നു അന്നൊക്കെ ഡാന്‍സ് അഭ്യസിക്കുന്ന കുട്ടികളെ തമിഴ്‌നാട്ടില്‍ ഒക്കെ കൊണ്ട് പോയി നല്ല നര്‍ത്തകിമാരുടെ നൃത്തം  ഒക്കെ കാണിക്കുമായിരുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് എല്ലാം വിരല്‍ തുമ്പിലാണല്ലോ. എനിക്ക് തോന്നുന്നത് ഒരു ദിവസം പത്തു മിനിറ്റ് എങ്കിലും ഡാന്‍സില്‍ താത്പര്യം ഉള്ള കുട്ടികള്‍ യൂട്യൂബില്‍ ഒക്കെ നല്ല ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സ് കാണണം എന്നാണ്. അത് ഒരു പാട് ഗുണം ചെയ്യും. പ്രാക്റ്റീസും വേണം , അത് പോലെ നല്ല ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സ് ഒരു പാട് കാണുകയും വേണം . 

9 ) ഇനി സിനിമാലോകത്തും ഒരു ഡാന്‍സര്‍ എന്ന നിലയിലും എന്തെല്ലാം സ്വപ്‌നങ്ങള്‍ ബാക്കിയാണ്

ഞാന്‍ അങ്ങനെ സ്വപ്‌നങ്ങള്‍ തേടിപ്പിടിക്കുന്ന കൂട്ടത്തിലല്ല . പക്ഷെ ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയിലും, ഡാന്‍സ് അദ്ധ്യാപിക എന്ന നിലയിലും നന്നായി നീതി പുലര്‍ത്തി മുന്നോട്ടു പോകണം  എന്ന വലിയ ആഗ്രഹം ഉണ്ട്,  ഞാന്‍ അമേരിക്കയില്‍ ഹൂസ്റ്റണ്‍ നഗരത്തില്‍ പതിനാലു വര്‍ഷമായി  ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. അമേരിക്കയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ നാട്ടിലെ പോലെ  ഭാരതീയ കലാസാംസ്‌കാരിക മണവും നിറവും നിറഞ്ഞ അന്തരീക്ഷത്തില്‍ അല്ലല്ലോ വളര്‍ന്നു വരുന്നത്, അപ്പൊ അവരെ നാട്ടിലെ കുട്ടികളെ അപേക്ഷിച്ചു ഡാന്‍സ് അഭ്യസിപ്പിക്കുന്ന കുറച്ചു കൂടി ശ്രമകരമാണ്. ഒരു ഡാന്‍സ് അദ്ധ്യാപിക എന്ന നിലയില്‍ വളരെ  നന്നായി കുട്ടികളെ ഡാന്‍സ് വരും കാലങ്ങളിലും നന്നായി പഠിപ്പിക്കണം എന്ന  ആഗ്രഹം ഉണ്ട്.അത് പോലെ അമേരിക്കയിലും, നാട്ടിലും ഇപ്പോഴും ഡാന്‍സ് പെര്‍ഫോമന്‍സ് നടത്താറുണ്ട്. അതും നന്നായി മുന്നോട്ടു കൊണ്ട് പോകണം എന്നുണ്ട്. നല്ല കഥാപാത്രം ഒത്തു വന്നാല്‍ സിനിമാഭിനയവും വലിയ മോഹം തന്നെയാണ്.

10 ) പല സന്ദര്‍ഭങ്ങളിലും ദിവ്യ  ഹിന്ദി നടന്‍ ഷാഹ് റുഖ് ഖാനെ വലിയ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ

(പൊട്ടി ചിരിക്കുന്നു), 'ഇതൊക്കെ എങ്ങനെ അറിഞ്ഞു?'  ഷാഹ് റുഖ് ഖാനെ  ഒരു നടന്‍ എന്ന നിലയില്‍ വലിയ ഇഷ്ടമാണ് എന്ന് ഞാന്‍ പല അവസരത്തിലും പറഞ്ഞിട്ടുണ്ട്. അത് പോലെ കമലഹാസന്‍ സാറിനെയും, ലാലേട്ടനെയും ഒക്കെ വലിയ ഇഷ്ടവും, ആരാധനയും തന്നെയാണ്

11 ) അടുത്തയിടെ അമേരിക്കയില്‍ നടന്ന 'ട്രിബ്യുട്ട്  ടു  മോഹന്‍ലാല്‍' എന്ന സ്‌റ്റേജ്‌ഷോ  പരിപാടിയില്‍ ദിവ്യയുടെ പെര്‍ഫോമന്‍സ് ഒരു പാട് ശ്രദ്ധ നേടിയിരുന്നല്ലോ, എന്തായിരുന്നു ആ അനുഭവം

അത് വളരെ നല്ല ഒരു അനുഭവം ആയിരുന്നു, മനസിന് ഒരു പാട് സംതൃപ്തി നല്‍കിയ സ്‌റ്റേജ് ഷോ. ലാലേട്ടന്റെ പഴയതും പുതിയതുമായ പാട്ടുകള്‍ കോര്‍ത്തിണക്കി  സ്റ്റാര്‍ എന്റെര്‍റ്റൈന്‍മെന്റും ആല്‍ബെര്‍ട്ട ലിമിറ്റഡും ചേര്‍ന്ന് അമേരിക്കയിലും കാനഡയിലുമായി എം ജി ശ്രീകുമാറും, രമേഷ് പിഷാരടിയും, രമ്യ നമ്പീശനും, സിത്താര കൃഷ്ണകുമാറും ഒക്കെ ചേര്‍ന്ന്  അവതരിപ്പിച്ച ഗാനമേളയില്‍ എനിക്ക് പെര്‍ഫോമന്‍സ് ചെയ്യാന്‍ പറ്റി എന്നത് വലിയ ഒരു ഭാഗ്യം ആയി കരുതുന്നു. നല്ല എനര്‍ജി ആയിരുന്നു ആ ഷോയുടെ ഒരു  പ്രത്യേകത. എല്ലാ വേദികളിലും കാണികള്‍ വളരെ നല്ല പ്രതികരണം ആണ് തന്നത്. എന്നോട്  പല ആളുകളും ഫോണിലൂടെയും, നേരിട്ടും ഡാന്‍സ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.

12 ) നാട്ടിലെ  കാണികളെ അപേക്ഷിച്ചു അമേരിക്കന്‍ കാണികള്‍  ഡാന്‍സ് പോലെയുള്ള കലാരൂപങ്ങളെ പ്രോഹത്സാഹിപ്പിക്കാറുണ്ടോ ?

അമേരിക്കന്‍ കാണികള്‍ ഡാന്‍സ് പോലെയുള്ള  കലാരൂപങ്ങള്‍ക്കു വലിയ പിന്തുണ തന്നെയാണ് തന്നു കൊണ്ടിരിക്കുന്നത്. പതിനാലു  വര്‍ഷമായി ഞാന്‍ അമേരിക്കയിലാണ്, എല്ലാവര്‍ക്കും അറിയാവുന്ന  പോലെ ഒരു ഡാന്‍സ് സ്‌കൂളും ഇവിടെ നടത്തുന്നുണ്ട്. ഡാന്‍സിന് നല്ല പിന്തുണയാണ് എല്ലായിടത്തും നിന്നും കിട്ടുന്നത്. ഞാന്‍ താമസിക്കുന്ന ഹൂസ്റ്റണ്‍ നഗരത്തില്‍ മാത്രമല്ല , മറ്റു അമേരിക്കന്‍ നഗരങ്ങളില്‍ ഒക്കെ ഡാന്‍സ് അവതരിപ്പിക്കാന്‍ എനിക്കും, ഡാന്‍സ് പഠിക്കുന്ന കുട്ടികള്‍ക്കും ഒരു പാട് അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. നാട്ടില്‍ നിന്നും വന്നു അമേരിക്കയില്‍ കുടിയേറി പാര്‍ത്തിരിക്കുന്ന മലയാളികളും, ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികളുമെല്ലാം ഡാന്‍സിന് നല്ല പ്രോഹത്സാഹനം ആണ് തരുന്നത് 

13 ) 2018 ഏപ്രില്‍ മാസം മൂതല്‍  അമേരിക്കയിലും കാനഡയിലുമായി  ദിവ്യ  അവതരിപ്പിക്കുന്ന  ''വന്ദേ ജനനി'' ( എ ട്രിബ്യുട്ട്  ടു മദര്‍ഹുഡ് ) എന്ന സ്‌റ്റേജ് ഷോയെ പറ്റി എന്താണ് അഭിപ്രായം ?

'അമ്മ എന്ന വലിയ വരദാനത്തിന്റെ ശക്തിയും, മഹത്വവും പ്രകീര്‍ത്തിച്ചു  പുത്തന്‍ ആവിഷ്‌കാരശൈലിയിലൂടെ, അമ്മ എന്ന മഹാപുണ്യത്തിനെ  പ്രേക്ഷകരുടെ മുമ്പില്‍ അവതരിപ്പിക്കുക എന്നതാണ് ''വന്ദേ ജനനി'' (എ  ട്രിബ്യുട്ട്  ടു മദര്‍ഹുഡ്)  എന്ന പരിപാടിയുടെ ഒരു പ്രധാന ലക്ഷ്യമായി കരുതുന്നത്.

അമ്മയുടെ  കരുണ, ക്ഷമ , സ്‌നേഹം തുടങ്ങിയ  വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍  പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ അടുത്ത് സാക്ഷ്യപ്പെടുത്തുകയാവും   ''വന്ദേ ജനനി''. എന്ന പരിപാടിയുടെ പ്രധാന ലക്ഷ്യം.

എന്റ്‌റെ ജീവിതത്തില്‍ അമ്മയുടെ റോള്‍ വളരെ വലുതാണ്. ഇപ്പോഴും അമ്മയാണ് എന്റ്‌റെ ഡാന്‍സ് പ്രോഗ്രാമിനൊക്കെയുള്ള പേര് കണ്ടു പിടിച്ചു തരുന്നത്. അടുത്തയിടെ നടന്ന  'വര്‍ണമുദ്രിക' എന്ന എന്റ്‌റെ ഡാന്‍സ് പ്രോഗ്രാമിന്റെ പേരും എന്റ്‌റെ അമ്മയാണ് നിര്‍ദേശിച്ചത്.  എന്റ്‌റെ ജീവിതത്തില്‍ അമ്മക്ക് നിര്‍ണായക സ്വാധീനം ഉള്ളത് കൊണ്ട്  ''വന്ദേ ജനനി'' എന്ന പരിപാടിയിലേക്ക് ഒരു പാട് പ്രതീക്ഷയോടെയാണ് നോക്കുന്നത്, 

ന്യൂ യോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ എന്റെര്‍റ്റൈന്‍മെന്റും  കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ബെര്‍ട്ട ലിമിറ്റഡുമാണ് അമേരിക്കയിലും കാനഡയിലുമായി ഷോ ഏറ്റെടുത്തു നടത്തുന്നത്, ബുക്കിങ്ങിനും മറ്റു വിവരങ്ങള്‍ക്കും  ജോസഫ് ഇടിക്കുള 2014215303, ക്രിസിന്‍ പൈനാടത്ത് : 4036195005 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്,   ഷോയുടെ തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു.

14 ) ദിവ്യയുടെ ഈ  പൊക്കം എവിടുന്നു കിട്ടി ? ഡാര്‍ക്ക് ചോക്ലേറ്റ് ഒരു പാട് ഇഷ്ടമാണ് എന്ന് കേട്ടിട്ടുണ്ട്

ഹ ഹ  ഒരു ഐഡിയയും ഇല്ല.   അച്ഛനും അമ്മയ്ക്കും നല്ല പൊക്കമുണ്ട് , അത് കൊണ്ടാവും എനിക്ക് നല്ല പൊക്കം കിട്ടിയത്. ഡാര്‍ക്ക് ചോക്ലേറ്റ് വലിയ ഇഷ്ടം തന്നെയാണ്

15 ) ദിവ്യയുടെ അനിയത്തി വിദ്യ ഉണ്ണിയും  ഇപ്പോള്‍ അഭിനേത്രിയാണല്ലോ , എന്താണ് അനിയത്തിയുടെ സിനിമാപ്രവേശനത്തെ പറ്റി അഭിപ്രായം

വിദ്യ ഇപ്പോള്‍ രണ്ടു  സിനിമകള്‍ ചെയ്തു കഴിഞ്ഞു, അവള്‍ അടിസ്ഥാനപരമായി  ഒരു എഞ്ചിനീയര്‍ ആണ്, ഇപ്പോള്‍  ഹോങ്കോങ് ആണ്  അവളുടെ പോസ്റ്റിങ്ങ്.  വിദ്യയോടൊപ്പം ഒരു സിനിമയില്‍ ഒരുമിച്ചു അഭിനയിക്കണം എന്ന ഒരു ആഗ്രഹം ഉണ്ട്, നടക്കുവോ എന്ന് അറിയില്ല.

മലയാളത്തിന്റെ പ്രിയ നടി ദിവ്യ ഉണ്ണി പറഞ്ഞു നിര്‍ത്തി......

നടി ദിവ്യ ഉണ്ണി നൃത്ത, അഭിനയ രംഗത്ത്  സജീവമാകുന്നു, (ജിനേഷ് തമ്പി)നടി ദിവ്യ ഉണ്ണി നൃത്ത, അഭിനയ രംഗത്ത്  സജീവമാകുന്നു, (ജിനേഷ് തമ്പി)നടി ദിവ്യ ഉണ്ണി നൃത്ത, അഭിനയ രംഗത്ത്  സജീവമാകുന്നു, (ജിനേഷ് തമ്പി)നടി ദിവ്യ ഉണ്ണി നൃത്ത, അഭിനയ രംഗത്ത്  സജീവമാകുന്നു, (ജിനേഷ് തമ്പി)നടി ദിവ്യ ഉണ്ണി നൃത്ത, അഭിനയ രംഗത്ത്  സജീവമാകുന്നു, (ജിനേഷ് തമ്പി)നടി ദിവ്യ ഉണ്ണി നൃത്ത, അഭിനയ രംഗത്ത്  സജീവമാകുന്നു, (ജിനേഷ് തമ്പി)നടി ദിവ്യ ഉണ്ണി നൃത്ത, അഭിനയ രംഗത്ത്  സജീവമാകുന്നു, (ജിനേഷ് തമ്പി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക