Image

സുപ്രീം കോടതിക്ക്‌ മുന്‍പില്‍ വാര്‍ത്താസമ്മേളനം വിളിച്ച്‌ ജഡ്‌ജിമാര്‍

Published on 12 January, 2018
സുപ്രീം കോടതിക്ക്‌ മുന്‍പില്‍ വാര്‍ത്താസമ്മേളനം വിളിച്ച്‌ ജഡ്‌ജിമാര്‍


ന്യൂദല്‍ഹി: എന്തുവിലകൊടുത്തും സുപ്രീം കോടതിയെ സംരക്ഷിക്കണമെന്നും സുപ്രീം കോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ജനാധിപത്യം തകരുമെന്നും ജസ്റ്റിസ്‌ ചെലമേശ്വര്‍. സുപ്രീം കോടതിക്ക്‌ മുന്‍പില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരമൊരു വാര്‍ത്താ സമ്മേളനം അസാധാരണ സംഭവമാണെന്ന്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ പ്രതികരിച്ചു. സുപ്രീം കോടതിയുടെപ്രവര്‍ത്തനം ക്രമരഹിതാണ്‌. സുപ്രീം കോടതി ശരിയായ രീതിയില്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും ചെലമേശ്വര്‍ പറഞ്ഞു.


മറ്റുവഴികളില്ലാത്തതുകൊണ്ടാണ്‌ രാജ്യത്തോടായി ഇക്കാര്യം പറയുന്നത്‌. ചില കാര്യങ്ങളൊന്നും ശരിയായല്ല നടക്കുന്നത്‌. ഇന്ന്‌ രാവിലെ ചീഫ്‌ ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എല്ലാ വിവരങ്ങളും വിശദീകരിച്ച്‌ രണ്ട്‌ മാസം മുന്‍പ്‌ ചീഫ്‌ ജസ്റ്റിസ്‌ കത്ത്‌ നല്‍കിയിരുന്നു. എന്നാല്‍ ചീഫ്‌ ജസ്റ്റിസിന്റെ ഭാഗത്ത്‌ നിന്ന്‌ അനകൂല നടപടിയുണ്ടായില്ല. ഈ കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കാമെന്നും
എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ എത്തുന്നതെന്നും ചെലമേശ്വര്‍ പറഞ്ഞു.

നാളെ ഈ ജോലിയില്‍ നിന്നും പിരിഞ്ഞുപോവുമ്പോള്‍ തങ്ങള്‍ സ്വന്തം ആത്മാഭിമാനം പണയം വെച്ചാണ്‌ ജോലി ചെയ്‌തതെന്ന്‌ ആളുകള്‍ പറയരുത്‌. മറിച്ച്‌ ആത്മാഭിമാനം കാത്തുസൂക്ഷിച്ചാണ്‌ ജോലി ചെയ്‌തതെന്ന്‌ വേണം പറയാന്‍. അതുകൊണ്ടാണ്‌ ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളോട്‌ പറയാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

ദീപക്‌ മിശ്രയെ ഇംപീച്ച്‌ ചെയ്യണോ എന്ന ചോദ്യത്തിന്‌ അത്‌ രാജ്യം തീരുമാനിക്കട്ടെയെന്നായിരുന്നു ജഡ്‌ജിമാരുടെ മറുപടി.

കേസുകള്‍ നല്‍കുന്നതില്‍ ശരിയായ നടപടിയല്ല ഉണ്ടാകുന്നതെന്ന കാര്യം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. പ്രത്യേക താത്‌പര്യങ്ങള്‍ മുന്‍നിര്‍ത്തി കേസുകള്‍ പ്രത്യേക ബെഞ്ചിന്‌ വിടുന്നെന്നും ഇത്‌ ശരിയായ നടപടിയല്ലെന്നും കത്തില്‍ പറയുന്നുണ്ട്‌.


ജസ്റ്റിസ്‌ ചെലമേശ്വര്‍, ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌, ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌, ജസ്റ്റിസ്‌ മദന്‍ വി ലോക്കൂര്‍ എന്നീ ജഡ്‌ജിമാരാണ്‌ കോടതി വിട്ടിറങ്ങിയത്‌. ജഡ്‌ജിമാര്‍ പുറത്തിറങ്ങിയതനെ തുടര്‍ന്ന്‌ രണ്ട്‌ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്‌.

കൊളീജിയത്തിന്‌ എതിരെയാണ്‌ ജഡ്‌ജിമാരുടെ പ്രതിഷേധമെന്നാണ്‌ സൂചന.

ജഡ്‌ജിമാരുടെ നിയമനത്തെച്ചൊല്ലി ജുഡീഷ്യറിയും ഭരണകൂടവും തമ്മില്‍ ശീതസമരം നടക്കുന്നതിനിടെയാണ്‌ ജഡ്‌ജിമാരുടെ നിയമനത്തിന്‌ ശുപാര്‍ശ നല്‍കുന്ന കൂട്ടായ്‌മയായ കൊളീജിയത്തിനെതിരെ ജഡ്‌ജിമാര്‍ രംഗത്തെത്തിയത്‌.

സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ്‌ കൊളീജിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു. ജൂഡീഷ്യറിയിലെ അസാധാരണ സംഭവമാണ്‌ ഇതെന്ന്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ പ്രതികരിച്ചിരുന്നു.

കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല, കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല.

ഇന്നലെ രണ്ടുപേരെ സുപ്രീം കോടതി ജഡ്‌ജിമാരാക്കിക്കൊണ്ട്‌ കൊളീജിയത്തിന്റെ തീരുമാനം വന്നിരുന്നു. ഈ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനധികൃത ഇടപെടല്‍ നടത്തിയെന്ന ആരോപണമാണ്‌ ഇവര്‍ ഉന്നയിക്കുന്നതെന്നാണ്‌ സൂചന. ഏതാനും ഹൈക്കോടതി ജഡ്‌ജിമാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടും ഇന്നലെ കൊളീജിയം തീരുമാനമെടുത്തതിലുള്ള അനിഷ്ടമാണ്‌ പുതിയ സാഹചര്യങ്ങള്‍ ഉടലെടുക്കാന്‍ ഇടയാക്കിയതെന്നാണ്‌ സൂചന.

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ എത്തുന്നതെന്നും ചെലമേശ്വര്‍ പറഞ്ഞു.

കത്തില്‍ ജ്‌സ്റ്റിസ്‌ ലോയുടെ മരണവുമായി ബന്ധപ്പെട്ട കാര്യമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്‌ അതെ എന്ന മറുപടിയാണ്‌ ജഡ്‌ജിമാര്‍ നല്‍കിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക