Image

ലോക കേരള സഭയില്‍അവര്‍ കഥാ പാത്രങ്ങളല്ല; മറീനയും നജീബും. കൂടെ ബന്യാമിനും

Published on 12 January, 2018
ലോക കേരള സഭയില്‍അവര്‍ കഥാ പാത്രങ്ങളല്ല; മറീനയും നജീബും. കൂടെ ബന്യാമിനും
ഏറെ പ്രതീക്ഷയോടെ മെറീനയെത്തി

ലോകകേരള സഭയുടെ വേദിയില്‍ പ്രവാസ ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായാണ് മെറീന എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ലോകകേരള സഭ തന്നെപ്പോലെയുള്ള നിരവധിപ്പേര്‍ക്ക് കൈത്താങ്ങാകുമെന്നാണ് മെറീന കരുതുന്നത്. ടേക്ക് ഓഫ് സിനിമയ്ക്ക് കാരണമായത് മെറീനയുടെ പ്രവാസ ജീവിതമായിരുന്നു.

ഒരു ജോലി ലഭിക്കാന്‍ സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്നാണ് മെറീനയുടെ പ്രതീക്ഷ. ഇറാക്കില്‍ നിന്ന് മടങ്ങിയ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്ലാതെ നില്‍ക്കുകയാണ് മെറീന. ഇത്രയും വലിയ ഇടവേള വന്നതിനാല്‍ വിദേശത്ത് നഴ്സിംഗ് മേഖലയില്‍ ഇനിയൊരു ജോലി ലഭിക്കാന്‍ പ്രയാസമാണെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ സയന്‍സ് വിഷയമെടുത്തു പഠിച്ച ശേഷം നഴ്സിംഗിനു പോയവര്‍ക്ക് മാത്രമാണ് കേരളത്തില്‍ ജോലി ലഭിക്കുന്നത്. ഇത് തന്നെപ്പോലെയുള്ള നിരവധി പേരുടെ സാധ്യതയാണ് ഇല്ലാതാക്കിയത്. തിരിച്ചെത്തിയ ശേഷം നാട്ടില്‍ ജോലിക്കായി നിരവധി ശ്രമം നടത്തി. എന്നാല്‍ ഇത്രയും നീ പ്രവൃത്തിപരിചയം ഉണ്ടായിട്ടും വളരെ ചെറിയ ശമ്പളമാണ് എല്ലായിടത്തും പറയുന്നതെന്ന് മെറീന പറഞ്ഞു.

ഇറാക്ക് യുദ്ധസമയത്ത് മെറീനയും 45 മലയാളി നഴ്സുമാരുമാണ് രക്ഷപ്പെട്ട് എത്തിയത്. ഇവര്‍ക്കൊപ്പം തമിഴ്നാട്ടില്‍ നിന്നുള്ള ഒരു യുവതിയുമുായിരുന്നു. ഈ സംഭവമാണ് പിന്നീട് ടേക്ക് ഓഫ് സിനിമയ്ക്ക് പ്രമേയമായത്. 

പാല പൂത്തലപ്പില്‍ നിന്ന് മകന്‍ മെര്‍വിനൊപ്പമാണ് മെറീന ഇന്നലെ രാവിലെ എത്തിയത്. മകള്‍ റിയ നാട്ടിലാണ്. 

ഗ്രന്ഥകാരനും കഥാപത്രവുമല്ല ഞങ്ങള്‍

അപൂര്‍വ നിമിഷമായിരുന്നു അത്. മലയാളത്തിന്റെ ഉള്ളുലച്ച ആ ഗ്രന്ഥകാരനും കഥാപാത്രവും ഒരേ വേദിയില്‍ ഒന്നിച്ചുനിന്നു. അര്‍ത്ഥവത്തായിരുന്നു ആ വേദിയും. അതുപോലെയുള്ള കഥകള്‍ ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍, ആടുജീവിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ വേദി ശരിയായ ചുവടുവയ്പ്പാണ്, അവര്‍ ഒന്നിച്ചു പറഞ്ഞു. ആടുജീവിതം എന്ന എക്കാലത്തെയും മികച്ച പ്രവാസ നോവലിന്റെ കര്‍ത്താവായ ബെന്യാമിനും നോവലിലെ നായക കഥാപാത്രത്തിനു കാരണമായ നജീബുമാണ് ഇന്നലെ ലോക കേരള സഭയില്‍ ശ്രദ്ധാകേന്ദ്രമായി ഒരുമിച്ചു ചേര്‍ന്നത്. ഇരുവരും സഭാംഗങ്ങളാണ്. 

പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ചും അവരുടെ ക്ഷേമത്തെക്കുറിച്ചും ചര്‍ച്ചകളും സ്വപ്നങ്ങളും മാത്രം വച്ചു പുലര്‍ത്തിയിരുന്ന കാലം അവസാനിപ്പിക്കാന്‍ സമയമായതായി ബെന്യാമിന്‍ പറഞ്ഞു. പ്രായോഗികവും ക്രിയാത്മകവുമായ നടപടികളാണ് ഇപ്പോള്‍ ആവശ്യം. ഗള്‍ഫ് നാടുകളില്‍ നിന്ന് മലയാളികളുടെ തിരിച്ചുവരവ് കേവലം ഒരു ഭീഷണിയല്ല. യാഥാര്‍ത്ഥ്യമാണ്.  കര്‍ശനമായ സ്വദേശിവത്കരണ നടപടികളാണ് മിക്ക രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. തിരിച്ചുവരുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. ഈ ദിശയില്‍ ശരിയായ നടപടിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്ന ലോകകേരള സഭയെന്ന് ബെന്യാമിന്‍ പറഞ്ഞു. 

തന്നേപ്പോലെയുള്ള പാവപ്പെട്ടവരെകൂടി പരിഗണിച്ചുകൊണ്ടുള്ള ഈ വേദി പാവപ്പെട്ടവര്‍ക്ക് നല്ലകാലം വരുമെന്ന ശുഭപ്രതീക്ഷ പകരുന്നതായി നജീബ് പറഞ്ഞു. താന്‍ അനുഭവിച്ച യാതനകള്‍ മറക്കാനാവാത്തതാണ്. അത്തരം ദുരനുഭവം ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കണമെന്നാണ് ആഗ്രഹമെന്ന് നജീബ് പറഞ്ഞു.

കലകള്‍ക്കായി ഗള്‍ഫില്‍ സര്‍വകലാശാല വേണം: ആശാശരത്ത്

കലകള്‍ക്കായി ഗള്‍ഫ് മേഖലയില്‍ സര്‍വകലാശാല സ്ഥാപിക്കണമെന്ന് നടിയും നര്‍ത്തകിയുമായി ആശാശരത്ത് പറഞ്ഞു. 
ഗള്‍ഫ് മേഖലകളിലുള്ള നിരവധി മലയാളി കുട്ടികള്‍ കലാഭിരുചിയുള്ളവരാണ്. എന്നാല്‍ പത്താം ക്ളാസ് കഴിഞ്ഞാല്‍ ഇവര്‍ക്ക് കലാ പഠനം തുടരണമെങ്കില്‍ നാട്ടിലേക്ക് വരേണ്ട സ്ഥിതിയാണ്. മോഹിനിയാട്ടം, ഭരതനാട്യം, ഓട്ടന്‍തുള്ളല്‍ തുടങ്ങി എല്ലാ കലകളും അഭ്യസിപ്പിക്കുന്ന ഒരു സര്‍വകാശാലയുണ്ടെങ്കെില്‍ അത് വളരെ സഹായകരമാവും. സര്‍വകലാശാല സ്ഥാപിക്കുന്നതിലൂടെ നിരവധി കലാകാരന്‍മാര്‍ക്ക് ജോലിയും ലഭിക്കും. 

ഒരു സാധാരണ സ്ത്രീയ്ക്ക് വിദേശരാജ്യത്ത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ എവിടെ ബന്ധപ്പെടണമെന്ന് ധാരണയില്ല. എവിടെ ബന്ധപ്പെടണമെന്നും എന്ത് ചെയ്യണമെന്നതു സംബന്ധിച്ചും ഇത്തരക്കാര്‍ക്ക് കൃത്യമായ ധാരണ നല്‍കുന്നതിന് വിദേശ രാജ്യത്തേക്ക് പോകുന്നതിനു മുന്‍പ് പരിശീലനം നല്‍കണമെന്നും ആശാശരത്ത് അഭിപ്രായപ്പെട്ടു.

യൂസഫലി മുതല്‍ നജീബ് വരെ: ആവേശം പങ്കുവച്ച് റസൂല്‍ പൂക്കുട്ടി

പ്രവാസികളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ദൂരം കുറയ്ക്കാന്‍ ലോകകേരള സഭയ്ക്ക് സാധിക്കുമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഇത്തരമൊരു സഭ സംഘടിപ്പിക്കാനുള്ള തീരുമാനം ദീര്‍ഘവീക്ഷണമുള്ളതാണ്. നിലവില്‍ ലോകമലയാളികള്‍ ഒരു സര്‍ക്കാരില്ലാതെ ജീവിക്കുന്നവരാണ്. അവര്‍ ജോലി ചെയ്യുന്നു, നാട്ടിലേക്ക് പണം അയയ്ക്കുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ അവര്‍ രണ്ടാം തരം പൗരന്‍മാരാണ്.

 യൂസഫലിയെപ്പോലെയുള്ള വലിയ ബിസിനസുകാര്‍ക്കൊപ്പം ആടുജീവിതം നയിക്കേണ്ടി വന്ന നജീബിനും ഒന്നിച്ചിരിക്കാനാവുന്ന വേദിയാണ് ലോകകേരളസഭ എന്ന പ്രത്യേകതയുണ്ട്. ഇതൊരു തുടക്കമാണ്. സഭ  വര്‍ഷത്തിലൊരിക്കല്‍ ചേരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.

പ്രവാസത്തിന്റെ സാംസ്‌കാരിക സംഭാവനകള്‍ അമൂല്യമെന്ന് സച്ചിദാനന്ദന്‍

മലയാളിയുടെ സാഹിത്യത്തെയും സംസ്‌ക്കാരത്തെയും സമ്പുഷ്ടമാക്കുന്നതില്‍ പ്രവാസികള്‍ വലിയ പങ്ക് വഹിച്ചതായി പ്രമുഖ സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. പ്രവാസ ലോകത്തിന്റെ വര്‍ത്തമാനം, കല, സംസ്‌കാരം എന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം.

സംസ്‌കാരത്തിന്റെ കൊടിയടയാളമായ ഭാഷയാണ് മലയാളികളെ ഒന്നിപ്പിച്ചത്. മലയാളത്തില്‍ ഇതിഹാസതുല്യമായ സാഹിത്യ സൃഷ്ടികള്‍ നടത്തിയ പലരും രാജ്യത്തിനകത്തോ പുറത്തോ പ്രവാസ ജീവിതം നയിച്ചവരായിരുന്നു. 

മതങ്ങള്‍, വിശ്വാസങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍ എന്നിവ തമ്മില്‍ ആരോഗ്യകരമായ സൗഹാര്‍ദവും ബഹുമാനവും കൈമാറ്റവും സാധ്യമാക്കിയ കേരളാനുഭവം സമ്മാനിച്ചതിലും പുറംലോകവുമായുള്ള നമ്മുടെ നൂറ്റാണ്ടുകള്‍ നീണ്ട സഹവാസത്തിന് വലിയ പങ്കുണ്ട്. 

പഴയകാലങ്ങളിലെ പോലെ തീക്ഷ്ണമല്ല വര്‍ത്തമാനകാലത്തെ പ്രവാസാനുഭവങ്ങള്‍. നേരത്തെയുള്ള ഒറ്റപ്പെടല്‍ ഇപ്പോഴില്ല. ലോകത്തിന്റെ ഏത് കോണിലായാലും മലയാളികള്‍ കൂട്ടമായാണ് കഴിയുന്നത്. ടിവിയും സാമൂഹ്യമാധ്യമങ്ങളും കേരളവുമായി അവരെ നിരന്തരമായി ബന്ധിപ്പിച്ച് നിര്‍ത്തുന്നു. എന്നിരുന്നാലും ജീവിക്കുന്നത് സ്വന്തം നാട്ടിലല്ലെന്ന ബോധം ഓരോ പ്രവാസിയും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ പോലും അടിയറവ് വെക്കാത്ത നീതി ബോധവും നിര്‍ഭയത്വവും എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയുമാണ് മലയാളിയുടെ സ്വത്വബോധത്തെ അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ഓപ്പണ്‍ ഫോറത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ മോഡറാറ്ററായി. 

കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത പോലെ കേരളത്തിലുള്ളവരും പ്രവാസികളും തമ്മില്‍ വലിയ അന്തരമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഗൃഹാതുരമായ ഓര്‍മകള്‍ക്കു പകരം കേരളീയ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെ അവതരിപ്പിക്കാനാണ് തന്റെ രചനകളിലൂടെ ശ്രമിച്ചതെന്ന് എഴുത്തുകാരി അനിതാനായര്‍ പറഞ്ഞു.

കേരളം ഒരിക്കലും പ്രവാസികളെയും പ്രവാസത്തെയും ഭയപ്പെട്ടിരുന്നില്ലെന്നും ചരിത്രാതീത കാലംമുതലുള്ള ഈ പാരമ്പര്യാണ് മലയാളിയുടെ കരുത്തെന്നും യുവ പ്രവാസി എഴുത്തുകാരന്‍ മനു എസ് പിള്ള അഭിപ്രായപ്പെട്ടു. ഗണിതശാസ്ത്രജ്ഞന്‍ പ്രഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, റസൂല്‍ പൂക്കുട്ടി, സിനിമാതാരം രേവതി, സോണി സോളമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ടാന്‍സാനിയയില്‍ കൂടുതല്‍ മോഷണം പോകുന്നത് പുസ്തകങ്ങള്‍

ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പുസ്തകങ്ങളിലൂടെ സൗഹൃദത്തിന്റെയും വായനക്കൂട്ടായ്മയുടേയും പുതുവഴികള്‍ തുറന്ന അനുഭവങ്ങളുമായി കൊല്ലം സ്വദേശിനി സാമൂഹിക പ്രവര്‍ത്തകയും കോളമിസ്റ്റുമായ സോമി സോളമന്‍. വികസിത ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ ഏറ്റവും അമൂല്യ വസ്തുക്കളിലൊന്നാണ് പുസ്തകങ്ങള്‍. അതുകൊണ്ടുതന്നെ അവിടെ ഏറ്റവും കൂടുതല്‍ മോഷണം പോകുന്നതും പുസ്തകങ്ങളാണ്. 

വിവാഹശേഷമാണ് കൊല്ലം പെരുമണ്ണില്‍നിന്ന് പ്രവാസജീവിതത്തിനായി ടാന്‍സാനിയായിലെ ദാരുള്‍സലാം നഗരത്തിലെ കിഗംബനിയില്‍ എത്തുന്നത്. അവിടെ കാര്യമായ പ്രസാധക കമ്പനികളൊന്നുമില്ലാത്തിനാല്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ അവസരം കുറവാണ്. ഉള്ളതിനാവട്ടെ അമിതമായ വിലയും. എന്നാല്‍ അവിടത്തെ കുട്ടികള്‍ വായനാപ്രിയരുമാണ്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍മീഡിയയുടെ സഹായത്തോടെ അവിടത്തെ കുട്ടികള്‍ക്കായി പുസ്തക സമാഹരണം നടത്താന്‍ സോമി ശ്രമിച്ചത്. പ്രാദേശിഭാഷയായ സ്വാഹിലിയിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളാണ് സമാഹരിച്ചത്. 

കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികളുടെ നിര്‍ലോഭമായ സഹകരണം ഇതിന് ലഭിച്ചു. ദുബായിലും സിംഗപ്പൂരിലുമുള്ള മലയാളികളില്‍നിന്നും കൂടുതല്‍ പിന്തുണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 7000 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി സ്ഥാപിക്കാനായി. അവിടെ സൗജന്യവായനക്കും പഠനത്തിനും അവസരവുമൊരുക്കി. ഈ പദ്ധതി ഇപ്പോള്‍ മൂന്നാംഘട്ടത്തിലാണ്. പ്രാദേശിക ഭരണകൂടം വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും സോമി അറിയിച്ചു.

പറഞ്ഞുേകട്ടിരുന്ന ടാന്‍സാനിയയായിരുന്നില്ല താന്‍ കണ്ടത്. തികച്ചും വികസിതമായ നാട്. ഏത് സമയത്തും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ഇറങ്ങിനടക്കാന്‍ കഴിയുന്ന സ്ഥലം. അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കുടിയൊഴുപ്പിക്കപ്പെട്ടവര്‍ ചേക്കേറിയസ്ഥലങ്ങളിലെ കുട്ടികള്‍ക്കായാണ് തങ്ങള്‍ പുസ്തക സമാഹരണം നടത്തിയതെന്നും സോമി പറഞ്ഞു. ഭര്‍ത്താവ് വില്‍കിന്‍സണും രണ്ടു കുട്ടികളും തന്റെ പ്രവര്‍ത്ത-\ങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും സോമി വ്യക്തമാക്കി. 

ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസസത്തില്‍ നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നിട്ടും വായിക്കാന്‍ കുട്ടികളെ കിട്ടുന്നില്ല എന്ന ദുഃഖത്തിലാണ് താനെന്ന് മോഡറേറ്ററായിരുന്ന ശശികുമാര്‍ പറഞ്ഞു.
ലോക കേരള സഭയില്‍അവര്‍ കഥാ പാത്രങ്ങളല്ല; മറീനയും നജീബും. കൂടെ ബന്യാമിനും
ലോക കേരള സഭയില്‍അവര്‍ കഥാ പാത്രങ്ങളല്ല; മറീനയും നജീബും. കൂടെ ബന്യാമിനും
ലോക കേരള സഭയില്‍അവര്‍ കഥാ പാത്രങ്ങളല്ല; മറീനയും നജീബും. കൂടെ ബന്യാമിനും
ലോക കേരള സഭയില്‍അവര്‍ കഥാ പാത്രങ്ങളല്ല; മറീനയും നജീബും. കൂടെ ബന്യാമിനും
ലോക കേരള സഭയില്‍അവര്‍ കഥാ പാത്രങ്ങളല്ല; മറീനയും നജീബും. കൂടെ ബന്യാമിനും
ലോക കേരള സഭയില്‍അവര്‍ കഥാ പാത്രങ്ങളല്ല; മറീനയും നജീബും. കൂടെ ബന്യാമിനും
ലോക കേരള സഭയില്‍അവര്‍ കഥാ പാത്രങ്ങളല്ല; മറീനയും നജീബും. കൂടെ ബന്യാമിനും
ലോക കേരള സഭയില്‍അവര്‍ കഥാ പാത്രങ്ങളല്ല; മറീനയും നജീബും. കൂടെ ബന്യാമിനും
ലോക കേരള സഭയില്‍അവര്‍ കഥാ പാത്രങ്ങളല്ല; മറീനയും നജീബും. കൂടെ ബന്യാമിനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക