Image

പരേതര്‍ ഭാഗ്യവാന്മാര്‍ ജീവിച്ചിരിക്കുന്നവര്‍ ജാഗ്രതൈ

Published on 14 March, 2012
പരേതര്‍ ഭാഗ്യവാന്മാര്‍ ജീവിച്ചിരിക്കുന്നവര്‍ ജാഗ്രതൈ
സാഹിത്യ സംഘടനകളുടെ നേതാക്കന്മാര്‍ കുരു ക്ഷേത്രത്തില്‍ അര്‍ജുനന്‍ ഇരുന്ന പോലെ വിഷാദമൂകരായി. ഭഗവാന്‍ വാസുദേവന്‍ ഗീതാ മന്ത്രവുമായി എത്തിയപ്പോളാണ്‌ അവര്‍ക്ക്‌ സമാധാനമായത്‌. അവരില്‍ ഒരാള്‍ ഗീത കേട്ട ആത്മവിശ്വാസത്തില്‍ പറഞ്ഞു. നമ്മള്‍ നിസ്സഹായരായി ഇരുന്നിട്ട്‌ കാര്യമില്ല. ധൈര്യപൂര്‍വ്വം മുന്നേറുക തന്നെ. എഴുത്തുകാരൊക്കെ ആവേശം പൂണ്ടിരിക്കുകയാണ്‌. ആരെങ്കിലും മരിച്ചാല്‍ അവരെപ്പറ്റി മറ്റുള്ളവര്‍ എഴുതിയത്‌ പകര്‍ത്തി സ്വന്തം പേരില്‍ വച്ച്‌ കാച്ചി മറ്റുള്ളവരെകൊണ്ട്‌ ``അപാരം, ഉദാത്തം'' എന്നൊക്കെ പറയിപ്പിക്കാന്‍ കഴിയുക എന്നത്‌ എത്രയോ ആനന്ദകരമാണ്‌.

അവര്‍ തമ്മില്‍ സംസാരം തുടര്‍ന്നു.

സുഹ്രുത്തെ ഇപ്പോഴാണ്‌ വാസ്‌തവത്തില്‍ വായനക്കാരില്ലെന്നുള്ളത്‌ അനുഗ്രഹമായി ഞാന്‍ കാണുന്നത്‌.

അതിനെ ശരി വച്ച്‌ കൊണ്ടു മറ്റേ സുഹ്രുത്ത്‌ ( ഇവരെ നമുക്ക്‌ സുന്ദരന്‍ എന്നും വാസവന്‍ എന്നും വിളിക്കാം) പറഞ്ഞു: പ്രബുദ്ധരായ വായനക്കാരുണ്ടെങ്കില്‍ കള്ളത്തരം അവര്‍ക്ക്‌ പിടി കിട്ടിയേനെ.

സുന്ദരന്‍: ചിലപ്പോള്‍ തോന്നും കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്നവരൊക്കെ മലയാള സാഹിത്യം എന്നും പറഞ്ഞ്‌ മരിക്കാന്‍ നടക്കുന്നത്‌ എന്തിനാണെന്ന്‌.

വാസവന്‍: ഉത്തരം നിങ്ങള്‍ പറഞ്ഞതില്‍ ഉണ്ട്‌. അവര്‍ മരിക്കാന്‍ നടക്കുക തന്നെയാണു. എങ്കില്‍ നാലക്ഷരം എഴുതി മരിച്ചൂടെ എന്നാണു ചിന്തിക്കുന്നത്‌.

സുന്ദരന്‍: എന്നാലും അമേരിക്കന്‍ മലയാളികള്‍ എങ്ങനെ ഇതു പോലെ ഭാഷാ സ്‌നേഹികളായി എന്നു ഒരു രൂപവുമില്ല.

വാസവന്‍: അതൊക്കെ പോകട്ടെ, ആളുകള്‍ക്കൊക്കെ ഇപ്പോള്‍ അനുശോചനത്തിലാണ്‌ നോട്ടം. ആരെങ്കിലും ഉടനെ മരിച്ചില്ലെങ്കില്‍ സംഗതി കുഴപ്പമാകും.

അവര്‍ രണ്ടു പേരും കൂടി സമൂഹത്തിലെ ഒരു നേതാവിനെ വിളിച്ചു. ഫോണ്‍ സ്‌പീക്കറിലിട്ടു.

അങ്ങെയറ്റത്തു നിന്നും നേതാവ്‌ഃ ഹല്ലോ

സുന്ദരനും വാസവനുംഃ നമസ്‌കാരം. ഇതു ഞങ്ങളാണെ....

നേതവ്‌: എന്താ, നിങ്ങള്‍ തമ്മില്‍ ലയനം നടന്നൊ?

സു.വഃ ഇല്ല, ലയിച്ചില്ലെന്നേയുള്ളു, പൊതു കാര്യങ്ങളില്‍ ഞങ്ങള്‍ ഒന്നാണ്‌.

നേതാവ്‌ : എന്താണ്‌ വിളിച്ച്‌ത്‌

സുഃവഃ ഇയ്യിടെ മലയാളികള്‍ ആരെങ്കിലും മരിച്ചതായി അറിയുമോ?

നേതാവ്‌ഃ എന്തിനാണൂ മരിച്ചവരെപ്പറ്റി അന്വേഷിക്കുന്നത്‌?

സുഃവഃ ഞങ്ങള്‍ക്ക്‌ അനുശോചിക്കാനാണ്‌. പെയ്യാറായ മേഘം പോലെ ഞങ്ങളുടെ ദുഃഖം ഇവിടെ ഇരുണ്ട്‌ നില്‍ക്കുകയാണു. മരിച്ചയാളുടെ പേരു കേള്‍ക്കേണ്ട താമസം ഞങ്ങളുടെ കണ്ണീര്‍ ധാര ധാരയായി ഒഴുകും.

നേതാവ്‌ഃ ഞാനും നിങ്ങളോടൊപ്പം ചേരുന്നു. ആരെങ്കിലും മരിച്ചോ എന്നന്വേഷിറിയിക്കാം. പരിപാടിക്ക്‌ അദ്ധ്യക്ഷനായി എന്നെ വിളിക്കാന്‍ മറക്കണ്ട.

സുഃവഃ ശരി, എന്നാല്‍ വക്കട്ടെ.

അയാളെ വിളിക്കാന്‍ പോയത്‌ അബദ്ധമായി. അദ്ധ്യക്ഷനാക്കണമെന്ന്‌.

വാസവന്‍ഃ ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും ദൂരം സമമല്ലേ?

അവര്‍ രണ്ടു പേരും ചിന്തിച്ച്‌ ഒരു തീരുമാനത്തില്‍ എത്തി. നമുക്കയാളെ വിളിക്കാം. പുള്ളിയാകുമ്പോള്‍ വിവരങ്ങള്‍ പറയുകയും ചെയ്യും വേറെ ഡിമാന്റൊന്നും വക്കുകയുമില്ല.


സുന്ദരന്‍ഃ ഹല്ലൊ.....

ഓ ... നിങ്ങളാണോ? അടുത്ത മാസം എന്നാണു മീറ്റിങ്ങ്‌ വച്ചിരിക്കുന്നത്‌.

മീറ്റിങ്ങ്‌ അവിടെ നിക്കട്ടെ. ഇയ്യിടെ ആരെങ്കിലും മരിച്ചിട്ടുണ്ടോ?

....ടെ അപ്പന്‍ മരിച്ചു.

പുള്ളികാരന്‍ എന്തെങ്കിലും എഴുതുമായിരുന്നോ?

മൂപ്പരുടെ ഒമ്പത്‌ മക്കള്‍ ഇവിടെയുണ്ട്‌. അവര്‍ക്കൊക്കെ കത്തുകള്‍ എഴുതി കാണും. പത്തു മുപ്പത്‌ കൊല്ലം മുമ്പ്‌ വന്നവരല്ലെ? അന്നു കത്തല്ലേ വാര്‍ത്താവിനിമയ മാര്‍ഗ്ഗം.

അത്‌ ശരിയാകില്ല. നമുക്ക്‌ അനുശോചിക്കാന്‍ പറ്റിയ ഒരാള്‍ വേണം. ഇത്തിരി സാഹിത്യവാസനയുള്ള ഒരാള്‍ മരിച്ചാലെ സംഗതി നടക്കു.

നിങ്ങള്‍ക്ക്‌ അനുശോചിക്കാന്‍ വേണ്ടി ഒരാളെ കൊല്ലാന്‍ പറ്റുമോ?

വേണ്ടി വന്നാല്‍ അതു ചെയ്യേണ്ടി വരും. ആരെ തട്ടി കളയാന്‍ പറ്റും.

ഞാന്‍ വക്കട്ടെ, കൊലപാതകത്തിനു കൂട്ടു നില്‍ക്കാനൊന്നും എനിക്ക്‌ വയ്യ.


ആളെ കൊല്ലുന്നില്ല. മരിച്ചു എന്ന വാര്‍ത്ത പ്രചരിപ്പിച്ച്‌ ഒരു ഉഗ്രന്‍ അനുശോചനം. അത തന്നെ.

സുന്ദരന്‍ പറഞ്ഞു ഃ സംഗതി രഹസ്യമായിരിക്കണം. എന്റെ മനസ്സില്‍ ഒരു ആശയം. ശ്രീധര്‍ മലമൂട്ടില്‍ എന്ന എഴുത്തുകാരന്‍ മരിച്ചുവെന്നു അടിച്ചു വിട്ടാലോ.

അയാള്‍ ആകുമ്പോള്‍ ചുരുക്കം പേരേ കണ്ടിട്ടുള്ളു. എഴുത്തില്‍ കൂടി വളരെ കുറച്ച്‌ പേര്‍ക്കെ അറിയുള്ളു.പൊതു രംഗത്ത്‌ വരുന്നില്ല. മരിച്ചു എന്നു പറഞ്ഞാല്‍ ജനം വിശ്വസിക്കും.തന്നെയുമല്ല അദ്ദേഹം തന്റെ മിക്ക കൃതികളിലും തേനും പഞ്ചസാരയും എഴുത്തില്‍ ചേര്‍ക്കുന്നു. അതു കൊണ്ടു മദ്ധ്യവയസ്സരായ വായ്‌നക്കാര്‍ക്ക്‌ ഡയബിറ്റീസ്സ്‌ വരാന്‍ സാദ്ധ്യതയുമുണ്ട്‌. ( ചെറുപ്പക്കാര്‍ മലയാളം അറിയാത്തതിനാല്‍ വായിക്കുന്നില്ല)

പക്ഷെ ഒരു കുഴപ്പം ഉണ്ട്‌. അയാളെ കുറിച്ച്‌ ആരെങ്കിലും എഴുതീട്ടില്ല. പിന്നെ ജനം എവിടെന്നു അനുശോചനം കോപ്പിയടിക്കും.അതിനു വഴിയുണ്ട്‌. മുമ്പ്‌ മരിച്ചവരെകുറിച്ചുള്ള അനുശോചനം നോക്കി ചില ഭേദഗതി വരുത്തി മാറ്റി മറിക്കുക തന്നെ. അതിനൊക്കെ പലര്‍ക്കും നക്ല വിരുതക്ലേ. പലരും എഴുതി വച്ചിരിക്കുന്നതിന്റെ ഒരു മൂശയുണ്ടാക്കി കൈവശം വക്കുക. പാര്‍ട്ടി ഭേധമെന്യേ പ്രസംഗിക്കും എന്നു പറയുന്ന പോലെ ആരെക്കുറിച്ച്‌ എഴുതണം ഞങ്ങള്‍ റെഡി എന്ന നിലപ്പാട്‌. ആ മൂശയിലേക്ക്‌ ആവശ്യാനുസരണം വിവരങ്ങള്‍ സംഘടിപ്പിച്ച്‌ ഒഴിക്കുക.

അങ്ങനെ ശ്രീധര്‍ മലമൂട്ടില്‍ നിര്യാതനായി എന്ന വാര്‍ത്ത പരന്നു. വായനക്കാര്‍ കുറവായിരുന്നതിനാല്‍ വാര്‍ത്തക്ക്‌ പറയത്തക്ക പ്രാധ്യാനം ഉണ്ടായില്ല. തന്നെയുമല്ല മരിച്ചയാളെ പേരു കൊണ്ടല്ലാതെ ആര്‍ക്കും അറിയില്ലായിരുന്നു. ഫോണിലൂടെ ഭാരവാഹികള്‍ അനുശൊചന മീറ്റിങ്ങ്‌ വിവരം അറിയിച്ചു. താന്‍ പരേതനായി എന്നറിയാതെ മലമൂട്ടില്‍ ഒരു കൃതി മലയാളം പ്രസിദ്ധീകരണത്തിനയച്ചു. അനുശോചന യോഗത്തില്‍ ചിലര്‍ ചോദ്യമുന്നയിച്ചു. മരിച്ചു എന്നു പറഞ്ഞയാള്‍ എഴുതിയ ഒരു കൃതി പത്രത്തില്‍ വന്നല്ലോ. അതിനു ഭാരവാഹികള്‍ മറുപടി നല്‍കി. അതൊക്കെ മരിക്കുന്നതിനു മുമ്പ്‌ എഴുതിയതാകും. അനുശോചനം ഭംഗിയായി നടന്നു.

അടുത്ത പരിപാടി ശ്രീധര്‍ മലമൂട്ടിലിന്റെ പ്രേതത്തെ കണ്ടു എന്ന കിടിലന്‍ വാര്‍ത്തയാണു. ടി.വി.കാരും പത്രക്കാരും അയാളുടെ വീടു വളഞ്ഞപ്പോഴാണ്‌ സംഗതി വെളിപ്പെടുന്നത്‌. ഏതായാലും തന്റെ മരണവും അനുശൊചനവും നടത്തിയ ഭാരവാഹികളോട്‌ സാത്വികനായ ശ്രീധര്‍ മലമൂട്ടില്‍ നീരസ്സം ഒന്നും കാട്ടാതെ ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമല്ലോ എന്നു പറഞ്ഞ്‌ പൊതു രംഗത്തേക്ക്‌ തന്നെ വലിച്ചിഴക്കല്ലേ എന്ന്‌ അപേക്ഷിച്ചു.മരിക്കാത്ത ഒരാളുടെ മരണ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ അവരുടെ നിര്‍വ്യാജ ഖേദം പ്രകടിപ്പിച്ചു.

സാഹിത്യ സ്‌നേഹം മൂത്ത അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കായി ഏതറ്റം വരെയും പോകുമെന്നു പ്രസ്‌തുത കഥ നമ്മെ പഠിപ്പിക്കുന്നു.

(ഇതിലെ പേരും വിവരങ്ങളും സാങ്കല്‍പ്പികമാണ്‌)

josecheripuram@gmail.com
പരേതര്‍ ഭാഗ്യവാന്മാര്‍ ജീവിച്ചിരിക്കുന്നവര്‍ ജാഗ്രതൈ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക