Image

ബാലയ്യക്കൊപ്പം അഭിനയിക്കാന്‍ നിബന്ധനകള്‍ വച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍സ്

Published on 12 January, 2018
ബാലയ്യക്കൊപ്പം അഭിനയിക്കാന്‍ നിബന്ധനകള്‍ വച്ച്  ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍സ്
നന്ദമൂരി ബാലകൃഷ്ണയുടെ സിനിമകള്‍ ആവേശത്തോടെ കാത്തിരിക്കുന്നവരാണ് തെലുങ്ക് സിനിമാ പ്രേമികള്‍. എന്നാല്‍ ആരാധകര്‍ സ്‌നേഹത്തോടെ ബാലയ്യ എന്നു വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണയ്ക്ക് മലയാളത്തിലും തമിഴിലും സ്വീകാര്യത കുറവാണ്.

തന്റെ ഏറ്റവും പുതിയ ചിത്രമായ സയ് സിംഹ റിലീസായതിന്റെ സന്തോഷത്തിലാണ് ബാലയ്യ. ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് വന്നു കൊണ്ടിരിക്കുന്നത്. കെ.എസ്.രവി കുമാര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലറില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. ജെയ് സിംഹയ്ക്കായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ നയന്‍താര രണ്ടു പ്രധാന നിബന്ധനകളാണ് വച്ചതെന്ന് താരത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ബാലകൃഷ്ണയെ പോലുളള ഒരു മുതിര്‍ന്ന താരത്തോടൊപ്പം പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ കഴിയില്ല എന്നാണ് നയന്‍സ് ആദ്യം വച്ച നിബന്ധന. തെലുങ്ക് തട്ടുപൊളിപ്പന്‍ ഗനരംഗത്ത് ഡാന്‍സു ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. ബാലയ്യയെ താന്‍ അച്ഛനെ പോലെയാണ് കരുതുന്നതെന്ന് നയന്‍സ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സാധാരണ നടിമാര്‍ നിബന്ധന വയ്ക്കുമ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അവരെ ഒഴിവാക്കി മറ്റു നടിമാരെ തിരഞ്ഞെടുക്കുകയാണ് ചെയ്യുക. എന്നാല്‍ ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നയന്‍സിന്റെ നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ടു തന്നെ അവരെ നായികയാക്കുകയാരുന്നു. തെലുങ്കിലും തമിഴിലും മലയാളത്തിലും ഏറെ ആരാധകരുള്ള നയന്‍സിന്റെ താരമൂല്യം ചിത്രത്തിന്റ വിജയത്തിന് സഹായകമാകുമെന്നു തന്നെയാണ് അണിയറ പ്രവര്‍ത്തര്‍ കണക്കു കൂട്ടിയത്.

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെയധികം സൂക്ഷ്മതയും കാര്‍ക്കശ്യവും പുലര്‍ത്തുന്നയാളാണ് നയന്‍താര. നായകന്റെ നിഴലില്‍ മാത്രമൊതുങ്ങുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നയന്‍സിന് താല്‍പര്യമില്ല.

ശ്രീരാമരാജ്യമാണ് നയന്‍സ് അവസാനമായി അഭിനയിച്ച തെലുങ്കു സിനിമ. 2011ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പ്രഭുദേവയുമായുള്ള വിവാഹത്തിനു വേണ്ടി ഈ സിനിമയോടെ അബിനയരംഗത്തു നിന്നും നയന്‍സ് വിരമിക്കുകയാണെന്ന വാര്‍ത്തകളും അന്ന് സജീവമായിരുന്നു. ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗങ്ങളില്‍ നയന്‍സ് കരഞ്ഞുകൊണ്ടഭിനയിച്ചത് സിനിമാരംഗത്ത് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ എന്തെക്കെയൊ കാരണങ്ങളാല്‍ പ്രഭുദേവയുമായുള്ള വിവാഹം നടക്കാതെ പോവുകയും നയന്‍സ് വീണ്ടും അഭിനയരംഗത്ത് സജീവമാവുകയുമായിരുന്നു. പ്രഭുദേവയുമായി വേര്‍പിരിഞ്ഞ സമയത്താണ് തമിഴില്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രത്തില്‍ നയന്‍സ് നായികയാകുന്നത്.സിനിമയുടെ വിജയം നയന്‍സിന്റെ താരമൂല്യം ഉയര്‍ത്തി.

തിരിച്ചു വരവിനു ശേഷം ബാലയ്യയോടൊപ്പം അഭിനയിക്കാന്‍ നയന്‍സിന് നേരത്തേ തന്നെ അവസരം ലഭിച്ചിരുന്നു. എന്നാല്‍ മറ്റു ചിത്രങ്ങളില്‍ തിരക്കായതിനാല്‍ അതൊഴിവാക്കുകയായിരുന്നു. 
ബാലയ്യക്കൊപ്പം അഭിനയിക്കാന്‍ നിബന്ധനകള്‍ വച്ച്  ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക