Image

തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു

അനില്‍ പെണ്ണുക്കര Published on 13 January, 2018
തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു
മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ഇന്നലെ  ഉച്ചയ്ക്ക് ഒരു മണിയോടെ കൃഷ്ണപരുന്ത്     ആകാശത്ത് വട്ടമിട്ട് പറന്നതോടെയാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്.

പരമ്പരാഗത കാനനപാതയിലൂടെ മൂന്നു ദിവസം കൊണ്ട് തിരുവാഭരണങ്ങള്‍ ശബരിമലയിലെത്തിക്കും. ജനുവരി 14 ഞായറാഴ്ചയാണ് മകരവിളക്ക്.  വൃശ്ചികം 1 മുതല്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങള്‍ പന്തളം കൊട്ടാരം നിര്‍വാഹക സമിതി ഭാരവാഹികളില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാരവാഹികള്‍ ഇന്നലെ  പുലര്‍ച്ചെ നാലിന് ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തിച്ചു. 4.30 മുതല്‍ തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രസോപാനത്തില്‍ ദര്‍ശനത്തിനു വച്ചു. തിരുവാഭരണങ്ങള്‍ വണങ്ങാന്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നും പതിനായിരക്കണക്കിന്  ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തി.

11ന് ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മ്മരാജയെയും രാജപ്രതിനിധി പി. രാജരാജവര്‍മ്മ യെയും സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെ ഘോഷയാത്രയ്ക്കുള്ള ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് 11.30ന് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണപേടക വാഹക സംഘത്തെ മണികണ്ഠനാല്‍ത്തറയില്‍ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉച്ചയ്ക്ക് 12.15ന് സംഘത്തിന് വലിയ തമ്പുരാന്‍ വിഭൂതി നല്‍കി അനുഗ്രഹിച്ചതോടെ പ്രത്യേക പൂജകള്‍ക്കായി ക്ഷേത്ര നട അടച്ചു.
 
     12.45ന് ക്ഷേത്രമേല്‍ശാന്തി വാരണംകോട്ടില്ലത്ത് ഇ. നാരായണന്‍ നമ്പൂതിരി പൂജിച്ച് വലിയ തമ്പുരാനു നല്‍കിയ ഉടവാള്‍ രാജപ്രതിനിധിക്ക് കൈമാറി. 12.55ന് മേല്‍ശാന്തി പേടകത്തിന് നീരാഞ്ജനമുഴിഞ്ഞ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് രാജപ്രതിനിധി പല്ലക്കിലേറി യാത്ര തിരിച്ചു. ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് ദൃശ്യമായതോടെ ഭക്തരുടെ ശരണംവിളികളുടെ നടുവില്‍ ഘോഷയാത്ര പുറപ്പെട്ടു.

ഉച്ചയ്ക്ക് ഒരു മണിക്ക് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റി ക്ഷേത്രത്തിന് പുറത്തെത്തി യാത്രയായി. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവന്‍പിള്ളയും ജീവതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരും അനുഗമിച്ചു. ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പ•ാരും ശരണം വിളികളുമായി ഘോഷയാത്രയെ അനുഗമിച്ചു. പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ അസി. കമാന്‍ഡന്റ് വി. ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള 30 അംഗ സായുധ പോലീസ് സേനയും ബോംബ് സ്‌ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിച്ചു.
     
       തിരുവാഭരണ ഘോഷയാത്രയ്ക്ക്  ക്ഷേത്രത്തിനു മുന്‍പില്‍
ദേവസ്വംബോര്‍ഡ്, കൊട്ടാരം നിര്‍വാഹകസംഘം, ക്ഷേത്ര ഉപദേശകസമിതിയും പ്രധാന കവാടത്തിന്റെ മുന്‍പില്‍ പന്തളം നഗരസഭയും, മണികണ്ഠന്‍ ആല്‍ത്തറയില്‍ അയ്യപ്പസേവാ സംഘവും, എം സി റോഡിനു സമീപം അയ്യപ്പസേവാ സമാജവും, വലിയപാലത്തിനു സമീപം കുളനട ഗ്രാമപഞ്ചായത്തും സ്വീകരണം നല്‍കി. ഘോഷയാത്ര ക്ഷേത്രം വലം വച്ച് മേടക്കല്ല് വഴി  മണികണ്0ന്‍ ആല്‍ത്തറയിലെക്ക് നീങ്ങി. രാജപ്രതിനിധി പല്ലക്കില്‍ തിരുവാഭരണ ഘോഷയാത്രക്ക്  മുന്നേ  ഗമിച്ചു. തുടര്‍ന്ന് പരമ്പരാഗത രാജവീഥിയിലൂടെ ഘോഷയാത്ര കൈപ്പുഴ കൊട്ടാരത്തില്‍ എത്തി. രാജപ്രതിനിധി കൊട്ടാരനടയില്‍ ഉടവാളും പരിചയും വച്ചശേഷം വലിയ തമ്പുരാട്ടി മകം നാള്‍ തന്വംഗി തമ്പുരാട്ടിയില്‍ നിന്ന് ഭസ്മക്കുറി സ്വീകരിച്ച് അനുഗ്രഹം തേടി യാത്ര തുടര്‍ന്നു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ, സെക്രട്ടറി പി.എന്‍.നാരായണ വര്‍മ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പോലീസ് മേധാവി ഡോ സതീഷ് ബിനോ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, അംഗങ്ങളായ കെ പി ശങ്കരദാസ്, കെ.രാഘവന്‍,  ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്,  ദേവസ്വം സെക്രട്ടറി ജയശ്രീ, ഡെ. കമ്മീഷണര്‍ അശോക് കുമാര്‍, അസി. കമ്മീഷണര്‍ രാജീവ് കുമാര്‍, തിരുവാഭരണം സ്‌പെഷല്‍ ഓഫീസര്‍ എസ്. അജിത് കുമാര്‍, വിജിലന്‍സ് ഓഫീസര്‍ എന്‍. അജയകുമാര്‍, അസി. സ്‌പെഷല്‍ ഓഫീസര്‍മാരായ ജെ. ജയപ്രകാശ്, ജി. അരുണ്‍കുമാര്‍, അയ്യപ്പസേവാ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡി. വിജയകുമാര്‍, സിനിമാ സംവിധായകന്‍ മേജര്‍ രവി, താരങ്ങളായ മനോജ് കെ ജയന്‍, ബാല, ശോഭാമോഹന്‍, സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി, ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, മുന്‍ എംഎല്‍എമാരായ മാലേത്ത് സരളാദേവി, കെ കെ ഷാജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

    ഘോഷയാത്ര കൈപ്പുഴ ക്ഷേത്രം ചുറ്റി കുളനട വഴി ഉള്ളന്നൂര്‍, ആറ•ുള, ചെറുകോല്‍പ്പുഴ എന്നിവിടങ്ങളിലൂടെ അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തി രാത്രി വിശ്രമിച്ചു. ഇന്ന് (13) കോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രം, പേരൂര്‍ചാല്‍, റാന്നി ആല്‍ത്തറ മുക്ക്, വടശേരിക്കര മണ്ഡപം, പ്രയാര്‍ ക്ഷേത്രം, മാടമണ്‍ ക്ഷേത്രം, പൂവത്തുംമൂട്, പെരുനാട്, ളാഹതേവര്‍ ക്ഷേത്രം വഴി ളാഹ വനം വകുപ്പ് സത്രത്തിലെത്തി വിശ്രമിക്കും. മകരവിളക്ക് ദിവസമായ ഞായറാഴ്ച പ്ലാപ്പള്ളി, നാറാണംതോട്, നിലയ്ക്കല്‍ ക്ഷേത്രം, വലിയാനവട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്, ശബരിപീഠം എന്നിവിടങ്ങളിലൂടെ ഘോഷയാത്ര    ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ചേര്‍ന്ന് സ്വീകരണം നല്കും. പിന്നീട് പതിനെട്ടാം പടിക്കു താഴെയെത്തിക്കുന്ന പേടകങ്ങളില്‍ പ്രധാന പെട്ടി സന്നിധാനത്തേക്കും മറ്റു രണ്ടു പെട്ടികള്‍ മാളികപ്പുറത്തേക്കും കൊണ്ടുപോകും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പെട്ടി ഏറ്റുവാങ്ങി നടയടച്ച് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്.

തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടുതിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടുതിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടുതിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടുതിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടുതിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക