Image

ഭാഷയ്ക്കൊരുഡോളര്‍ പദ്ധതി ലോക വ്യാപകമാക്കണം: ലോക കേരള സഭയില്‍ ആവശ്യം

Published on 13 January, 2018
ഭാഷയ്ക്കൊരുഡോളര്‍ പദ്ധതി ലോക വ്യാപകമാക്കണം: ലോക കേരള സഭയില്‍ ആവശ്യം
{പവാസികളില്‍ മലയാളഭാഷ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും മലയാളംമിഷന്‍ {പവര്‍ത്തനങ്ങള്‍ ഇതുവരെ ശ്രദ്ധകിട്ടാത്ത രാജ്യങ്ങളില്‍ തുടങ്ങുന്നതിനും നടപടികളുണ്ടാവണമെന്ന് ലോകകേരളസഭയുടെ ഭാഷയും സംസ്‌കാരവും സംബന്ധിച്ച ഉപസമ്മേളനത്തില്‍ പ്രതിനിധികളില്‍നിന്ന് ആവശ്യമുയര്‍ന്നു. 

പ്രമുഖ ക്യാന്‍സര്‍രോഗ വിദഗ്ധനും അമേരിക്കയിലെ തോമസ് ജെഫേഴ്സണ്‍ സര്‍വകലാശാലയിലെ ഓങ്കോളജി ക്ളിനിക്കല്‍ പ്രൊഫസറുമായ ഡോ.എം,വി.പിള്ള ഭാഷയ്ക്കൊരുഡോളര്‍ പദ്ധതിയുടെ മാതൃകയില്‍ പ്രവാസിമലയാളികളുള്ള എല്ലാ വിദേശരാജ്യങ്ങളിലും അതതുരാജ്യത്തെ കറന്‍സി അടിസ്ഥാനമാക്കി ഭാഷാപുരസ്‌കാരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.കേരളപ്പിറവി ദിനത്തില്‍ അത് വിതരണം ചെയ്യണം. 

അമേരിക്കയിലെ മ്യൂസിയം ഓഫ്മോഡേണ്‍ആര്‍ട്ട്, ഫ്രാന്‍സിലെ ലൂവ്ര് പോലുള്ള മ്യൂസിയങ്ങളുടെ മാതൃകയില്‍ നമ്മുടെസംസ്‌കാരത്തെക്കുറിച്ചറിയാന്‍സഹായിക്കുന്ന വിര്‍ച്വല്‍ മ്യൂസിയങ്ങള്‍ ആരംഭിക്കണമെന്ന് സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ അതതുനാടുകളിലെ സാംസ്‌കാരികവൈവിധ്യങ്ങള്‍ പരിചയപ്പെടാന്‍ സഹായിക്കുന്ന ചെറിയ മ്യൂസിയങ്ങള്‍ സ്ഥാപിക്കാം. പ്രവാസികുട്ടികള്‍ക്കായി കേരളസംസ്‌കാരം പരിചയപ്പെടാന്‍ ഉതകുന്ന കേരളസാംസ്‌കാരികയാത്രകള്‍സംഘടിപ്പിക്കണം. പ്രവാസിമലയാളികള്‍ക്കായി ഭാഷാപഠനത്തിന് സഹായകമായ പഠനമൊഡ്യൂളുകള്‍ മലയാളം മിഷന്‍ തയ്യാറാക്കണം. പ്രവാസികള്‍ വിദേശത്തു നടത്തുന്ന മികച്ച പ്രസിദ്ധീകരണങ്ങള്‍ക്ക് സാംസ്‌കാരികവകുപ്പ് ഗ്രാന്റ് നല്‍കുന്നതും ആലോചിക്കാമെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.

സാംസ്‌കാരികവിനിമയപരിപാടികളിലും സാംസ്‌കാരികപര്യടനങ്ങളിലും തെക്കുകിഴക്കന്‍ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഇതുവരെ അധികം ശ്രദ്ധകിട്ടാത്ത രാജ്യങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കണമെന്ന് ആവശ്യമുയര്‍ന്നു. കളരിപ്പയറ്റ് പോലുള്ള ആയോധനകലകള്‍ ചൈനയിലേക്കും മറ്റുമുള്ള സാംസ്‌കാരികപര്യടനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ആയോധനകലാ സംസ്‌കാരമുള്ള ഈരാജ്യങ്ങളില്‍ കേരളത്തെക്കുറിച്ച് അറിയാന്‍ സഹായകമാണെന്ന് ഹോങ്കോങ്ങില്‍നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു. 

ആഫ്രിക്കയിലും മലയാളംമിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യം ടാന്‍സാനിയയില്‍ നിന്നുള്ള പ്രതിനിധി ഉന്നയിച്ചു. പ്രവാസി മലയാളികളുടെ കുട്ടികള്‍ക്കായി യുവജനോത്സവം സംഘടിപ്പിക്കുക, പ്രവാസികള്‍ക്കായി സാഹിത്യ, കലാശില്പശാലകള്‍, റെസിഡെന്‍ഷ്യല്‍ ക്യാമ്പുകള്‍ നടത്തുക എന്നീ ആവശ്യങ്ങളും ഉയര്‍ന്നു.

സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍, മ്യൂസിയം, പുരാരേഖ, പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എല്‍എമാരായ എം.കെ.മുനീര്‍, മുകേഷ്, പുരുഷന്‍ കടലുണ്ടി, സി.മമ്മൂട്ടി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോര്‍ജ്, മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് എന്നിവര്‍ ചര്‍ച്ച നയിച്ചു.

ഭാഷയ്ക്കൊരുഡോളര്‍ പദ്ധതി ലോക വ്യാപകമാക്കണം: ലോക കേരള സഭയില്‍ ആവശ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക