Image

പ്രവാസി പുനരധിവാസം ഗൗരവമായി പരിഗണിക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

Published on 13 January, 2018
പ്രവാസി പുനരധിവാസം ഗൗരവമായി പരിഗണിക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

നിരവധി വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം മടങ്ങിയെത്തുന്ന മലയാളികളുടെ പുനരധിവാസം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ലോക മലയാള സഭയുടെ രണ്ടാംദിനം നടന്ന പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനുശേഷം എന്ന വിഷയത്തിനെ അധികരിച്ചു നടന്ന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 

പ്രവാസികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ചര്‍ച്ചയ്‌ക്കൊടുവില്‍ മന്ത്രി ഉറപ്പുനല്‍കി.

പ്രവാസശേഷമുള്ള ജീവിതത്തിന്റെ വിവിധതലങ്ങള്‍ പ്രതിനിധികള്‍ സമ്മേളനത്തില്‍ വിശദമായി വിവരിച്ചു. ഒന്നുമില്ലായ്മയില്‍ നിന്നും പുറപ്പെട്ട് ഒന്നുമില്ലാതെ തിരികെവരുന്ന പരിതാപകരമായ അവസ്ഥയാണ് ഭൂരിഭാഗം ഗള്‍ഫ് മലയാളികളും നേരിടുന്നത്. വിവിധ രോഗങ്ങളും വരുമാനമില്ലായ്മയും കൊണ്ടുനട്ടം തിരിയുന്നവരാണ് ബഹുഭൂരിപക്ഷവുമെന്ന് പ്രതിനിധികള്‍ പറഞ്ഞു. അതിനാല്‍ തിരികെവരുന്ന പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനും വരുമാനത്തിനും സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ എടുക്കണമെന്നും നിര്‍ദേശമുണ്ടായി.

രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസിക്ഷേമനിധി രാജ്യത്തിനുതന്നെ മാതൃകയാകുന്ന പദ്ധതിയായി മാറുമെന്ന് പ്രതിനിധികള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രവാസികള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിക്കണം. ഇതര സംസ്ഥാനങ്ങളിലെ പ്രവാസികള്‍ അവരുടെ ഭൗതികസാഹചര്യം ക്രമേണ മെച്ചപ്പെടുത്തുന്‌പോള്‍ ഗള്‍ഫ് പ്രവാസത്തിന്റെ അന്ത്യം രോഗപീഡകളും സാന്പത്തിക പ്രതിസന്ധിയുമാണ്. തിരികെയെത്തുന്ന പ്രവാസികളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണന്ന നിര്‍ദേശവും ചര്‍ച്ചയില്‍ ഉണ്ടായി. 

തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് വിഷയാവതരണം നടത്തി. ദശാബ്ദങ്ങളോളം നീണ്ട തന്റെ പ്രവാസ ജീവിതകാലത്തെ ഒരു നാഴികക്കല്ലായി ലോക കേരള സഭയെ കാണുന്നുവെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എ അഭിപ്രായപ്പെട്ടു. മന്ത്രി ടി.പി രാമകൃഷ്ണന്‍, എംപിമാരായ എ.സന്പത്ത്, എം.കെ. രാഘവന്‍, ടി.വി. രാജേഷ് എംഎല്‍എമാരായ കെ.വി. അബ്ദുള്‍ഖാദര്‍, പാറയ്ക്കല്‍ അബ്ദുള്ള എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട് : ശ്രീകുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക