Image

കലാസാഹിത്യ പ്രതിഭകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

Published on 13 January, 2018
കലാസാഹിത്യ പ്രതിഭകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി


കേരളത്തിന്റെ കലാസാംസ്‌കാരിക മേഖലയില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കലാസാഹിത്യ രംഗത്തെ പ്രമുഖരുമായി ലോകകേരളസഭയുടെ ഇടവേളയില്‍ ചര്‍ച്ച നടത്തി. 

കവി സച്ചിദാനന്ദന്‍, ഓസ്‌കര്‍ അവാര്‍ഡ് ജോതാവ് റസൂല്‍ പൂക്കുട്ടി, സിനിമാ താരങ്ങളായ രേവതി, ആശാശരത്, കലാകാരന്മാരായ റിയാസ് കോമു, ബോസ് കൃഷ്ണാമാചാരി, പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, നിലന്പൂര്‍ ആയിഷ, സാമൂഹ്യ പ്രവര്‍ത്തക സുനിതാകൃഷ്ണന്‍ തുടങ്ങിയവരാണ് തങ്ങളുടെ ആശയങ്ങള്‍ മുഖ്യമന്ത്രിയുമായി പങ്കുവച്ചത്. 

ആധുനിക കേരളത്തെ നല്ല രീതിയില്‍ ലോകത്തിനു മുന്പില്‍ അവതരിപ്പിക്കുന്നതിന് പദ്ധതി വേണമെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. പൈതൃക ഗ്രാമങ്ങളും തെരുവുകളും നല്ല നിലയില്‍ സംരക്ഷിക്കാന്‍ നടപടി വേണം. കേരളത്തില്‍ ഒരു കലാഗ്രാമം സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 

കേരളത്തിന് സമഗ്രമായ കലാനയം വേണമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. കേരളത്തിന് സാംസ്‌കാരികമായ സന്പദ്ഘടന ഉണ്ടാക്കാന്‍ കഴിയുമെന്ന് റിയാസ് കോമു അഭിപ്രായപ്പെട്ടു. ഫോര്‍ട്ട് കൊച്ചി ഉള്‍പ്പടെയുളള സ്ഥലങ്ങളിലെ ചരിത്ര പ്രാധാന്യമുളള കെട്ടിടങ്ങള്‍ സംരക്ഷിക്കണം. 

സ്‌കൂള്‍ കലോത്സവങ്ങള്‍ കൂടുതല്‍ വിപുലമായി സംഘടിപ്പിക്കണമെന്ന് സുനിത കൃഷ്ണന്‍ പറഞ്ഞു. പ്രവാസികള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ ശ്രമിക്കണം. വിദേശത്ത് വീട്ടു ജോലിക്ക് പോകുന്ന പാവപ്പെട്ട സ്ത്രീകള്‍ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ അവരെ ബോധവത്കരിക്കാനുളള പരിപാടി വേണം. ടൂറിസം വികസിപ്പിക്കുന്‌പോള്‍ തന്നെ ഈ മേഖലയില്‍ മോശം പ്രവണതകള്‍ കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് രേവതി പറഞ്ഞു. മറ്റു രാജ്യങ്ങളുമായുളള സാംസ്‌കാരിക വിനിമയ പരിപാടി വേണമെന്ന് ബോസ് കൃഷ്ണാമാചാരി നിര്‍ദ്ദേശിച്ചു. 

ലോകകേരളസഭ സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയാണെന്ന സന്ദേശം എല്ലായിടത്തും എത്തിക്കണമെന്ന് ആശാശരത് പറഞ്ഞു. 

ലോകകേരളസഭയ്ക്ക് നല്ല തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഇതിനു വേണ്ടി പ്രത്യേക സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നുണ്ട്. വിദേശ ജോലിക്കാര്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ ശ്രമിക്കും. കലാകാരന്‍മാരും സാഹിത്യകാരന്‍മാരും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസര്‍ പ്രഭാവര്‍മ്മ എന്നിവരും പങ്കെടുത്തു.


ലോക കേരള സഭയോടനുബന്ധിച്ച് നടത്തിയ സാഹിത്യമല്‍സര വിജയികള്‍

ലോക കേരള സഭയോടനുബന്ധിച്ച് മലയാളം മിഷന്‍ നടത്തിയ ആഗോള സാഹിത്യമല്‍സര വിജയികളെ പ്രഖ്യാപിച്ചു. വീടുവിട്ടവര്‍ എന്ന് വിഷയത്തെ അധികരിച്ചുള്ള കഥാ രചനയില്‍ സീനിയര്‍ വിഭാഗത്തില്‍ ചെന്നൈയിലെ ചൈത്ര ഒന്നാം സ്ഥാനവും നീലഗിരിയിലെ ആന്‍ ഫ്രഡി ചീരന്‍ രണ്ടാം സ്ഥാനവും ജോ ഫ്രഡി ചീരന്‍ മൂന്നാം സ്ഥാനവും നേടി. ജൂണിയര്‍ വിഭാഗത്തില്‍ നീലഗിരിയിലെ എസ്.എന്‍ നയന, റായ്ഗഡിലെ നിവേദ്യ അനീഷ് ബാബു, അമൃത സഹദേവന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പ്രയാണം എന്ന വിഷയത്തെ അധികരിച്ചുള്ള കവിതാ രചന മല്‍സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ശ്രീജിഷ് ചെമ്മരന്‍, സൗദി അറേബ്യയിലെ നിവ്യദാസ്, റായ്ഗഡിലെ സ്‌നേഹ ഷിബു എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജൂണിയര്‍ വിഭാഗത്തില്‍ കൊല്ലത്തെ പൂജ പ്രിജി, റായ്ഗഡിലെ നിവേദ്യ അനീഷ് ബാബു, ചെന്നൈയിലെ കൈലാസ് നാഥ് എന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

റിപ്പോര്‍ട്ട് : ശ്രീകുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക