Image

അമ്മപ്പുഴ (കവിത -സിന്ധു എം കക്കാടത്ത്)

സിന്ധു എം കക്കാടത്ത് Published on 13 January, 2018
അമ്മപ്പുഴ (കവിത -സിന്ധു എം കക്കാടത്ത്)
മുങ്ങി താഴുമ്പോളും
കരുതിയിരിക്കുക നീന്തുകയാണ് എന്നാവും.
താണും പൊന്തിയും നീങ്ങുമ്പോള്‍
ജല ഉടയാടയില്‍ അമ്മയുടെ
സാരിത്തുമ്പാണെന്ന് കരുതി
എത്തിപിടിച്ചിരിക്കും.
കണ്ണിലൂടെ മൂക്കിലൂടെ ഒക്കെ ഒഴുകി ഒഴുകി
മരണമാകുന്നത് പറയാന്‍
കൂട്ടുകാരിയെ നോക്കിയിരിക്കും.

അറിഞ്ഞിട്ടുണ്ടാവില്ല ആ തോണിയും ,
തുഴക്കാരനും,
കാലം അവരെയും
കൊണ്ടു അവസാന യാത്ര പോകുകയായിരുന്നെന്ന്.

എത്രയോ വട്ടം ഇവിടെ
വന്നിരുന്നിട്ടുണ്ടവര്‍
നേരമ്പോക്കിന്റെ കല്ലുകളെറിഞ്ഞ് രസിച്ചും
പാല്‍ മണലില്‍
പാദസരക്കാലുകള്‍ കൊണ്ട് ഇക്കിളിയിട്ടും
പുഴയെന്ന കണ്ണാടിയില്‍ ചന്തം നോക്കിയും
ഉറ്റ കൂട്ടുകാരായിരുന്നു
ഒഴുക്ക് പിരിക്കും വരേക്കും
ആഴങ്ങളിലേക്ക് ചുവടു വെക്കും മുന്‍പ്
ഓളഞൊറികളില്‍
തൊട്ടു തലോടിയിരുന്നിരിക്കാം

പുസ്തകത്തിന്റെയും ഇങ്ക് പേനയുടെയും
മണം മാറാത്ത കൈകളാല്‍
ആമ്പല്‍പൂവുകളിറുത്തിരിക്കാം.
പരീക്ഷക്ക് ഉറക്കമിളച്ചതിന്റെ
ബാക്കി ഉറക്കം ഉണ്ടായിരിക്കാം
രാത്രിയുടെ കറുപ്പ് പോലെ
പുഴയിലലിഞ്ഞാ മിഴികളില്‍

അമ്മ കൊടുത്തയച്ച ടിഫിന്‍ ബോക്‌സിലെ
തണുത്ത പ്രാതല്‍ പോലെ
ചാനലിന്റെ ഓളങ്ങളില്‍
ഇങ്ങനെ പായല്‍പിടിച്ചു വെറുങ്ങലിച്ചു
അവര്‍ കിടക്കുന്നത് കാണുമ്പോള്‍
മക്കളെ......
എന്ന് വിളിച്ചു കേഴുന്ന നീന്തല്‍ അറിയാത്ത
അമ്മപുഴയാവുന്നു ഞാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക