Image

ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റേത്‌ കസ്റ്റഡിമരണം തന്നെയെന്ന്‌ ജസ്റ്റിസ്‌ നാരായണക്കുറിപ്പ്‌

Published on 14 January, 2018
 ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റേത്‌ കസ്റ്റഡിമരണം തന്നെയെന്ന്‌ ജസ്റ്റിസ്‌ നാരായണക്കുറിപ്പ്‌

ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റേത്‌ കസ്റ്റഡിമരണം തന്നെയെന്ന്‌ മുന്‍ പോലീസ്‌ കപ്ലെയിന്റ്‌ അഥോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ്‌ നാരായണക്കുറിപ്പ്‌. തന്റെ ഉത്തരവ്‌ സ്‌റ്റേ ചെയ്‌ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. കസ്റ്റഡി മരണം മറച്ചുവെയ്‌ക്കാന്‍ പോലീസ്‌ കള്ളത്തെളിവ്‌ ഉണ്ടാക്കി. അന്നു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും നാരായണക്കുറിപ്പ്‌ വ്യക്തമാക്കി.


ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിന്‌ ശേഷമാണ്‌ നാരായണക്കുറിപ്പ്‌ പ്രതികരിച്ചതെന്നും ശ്രദ്ധേയമാണ്‌.

ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്‌ കത്തുനല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്‌ പുറമെ സംഭവത്തിന്‌ ഉത്തരവാദികളായ പൊലീസുകാര്‍ ശിക്ഷാ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന്‌ വാങ്ങിയ സ്റ്റേ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ്‌ ജനറലിന്‌ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ വ്യക്തമാക്കിയിരുന്നു.

സിബിഐ അന്വേഷണമോ പൊലീസുകാര്‍ക്കെതിരായ നടപടിയോ ആവശ്യപ്പെട്ട്‌ ശ്രീജിത്ത്‌ ഹൈക്കോടതിയെ സമീപിച്ചാല്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കാനും തയ്യാറാണെന്നാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിയിച്ചു.

ശ്രീജിത്തിന്റെ ആവശ്യം നേരത്തെ സി.ബി.ഐ തള്ളിയിരുന്നു. കേസ്‌ സിബിഐക്ക്‌ വിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ്‌ ഏറ്റെടുക്കാനാവില്ലെന്ന്‌ സിബിഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയായിരുന്നു

ഡിസംബര്‍ 12നാണ്‌ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന്‌ ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്‌. ശ്രീജിവിന്റെ മരണത്തിന്‌ ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ സഹോദരന്‍ ശ്രീജിത്ത്‌ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ നടത്തുന്ന സമരം 763 ദിവസം പിന്നിട്ടതിനിടെയാണ്‌ കത്ത്‌ പുറത്തുവന്നത്‌.

ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച്‌ കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്‌ നിരാഹരം. പൊലീസ്‌ ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച്‌ മര്‍ദിച്ചു കൊന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക