Image

ഇന്ത്യയോടു സ്‌നേഹമില്ലെങ്കില്‍ കോടിയേരി ചൈനയിലേക്കു പോകണം: കുമ്മനം

Published on 14 January, 2018
ഇന്ത്യയോടു സ്‌നേഹമില്ലെങ്കില്‍ കോടിയേരി ചൈനയിലേക്കു പോകണം: കുമ്മനം
തിരുവനന്തപുരം : മാതൃരാജ്യത്തെ സ്‌നേഹിക്കാനാവില്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൈനയിലേക്കു പോകുന്നതാണു നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു കുമ്മനം

കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശവിരുദ്ധ ശക്തികള്‍ക്ക് കുട പിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണം. മാതൃരാഷ്ട്രത്തെ സ്‌നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍തയാറാകണം. ചൈനാ ഭക്തന്‍മാരായ കോടിയേരിയെപ്പോലുള്ളവര്‍ക്ക് അതാണ് നല്ലതെന്നും കുമ്മനം പറഞ്ഞു

ഇന്ത്യചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണ്. 

രാജ്യം പാക്കിസ്ഥാനില്‍ നിന്നുള്ളതിനേക്കാള്‍  ഭീഷണി ചൈനയില്‍നിന്നാണ് നേരിടുന്നതെന്ന് കഴിഞ്ഞ ദിവസമാണ് കരസേനാ മേധാവി വെളിപ്പെടുത്തിയത്. അതിനാല്‍ ഇന്ത്യന്‍ സൈന്യം ചൈനാ അതിര്‍ത്തിയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവാദിത്തപ്‌പെട്ട ഒരു പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി ശത്രുരാജ്യത്തിനു വേണ്ടി സംസാരിക്കുന്നത്. 1962 ലെ ഇന്ത്യ ചൈന യുദ്ധ സമയത്തും ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സംഘടനയാണ് സിപിഎം. അന്നുതന്നെ സിപിഎമ്മിനെ നിരോധിക്കേണ്ടതായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിനു ഭീഷണിയാണെന്ന ബിജെപിയുടെ നിലപാട് ശരിവയ്ക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയതെന്നു കുമ്മനം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക