Image

ഞങ്ങളുടെ സംശയങ്ങളൊക്കെ മാറി; ശല്യപ്പെടുത്തരുതെന്ന് ലോയയുടെ മകന്‍

Published on 14 January, 2018
ഞങ്ങളുടെ സംശയങ്ങളൊക്കെ മാറി; ശല്യപ്പെടുത്തരുതെന്ന് ലോയയുടെ മകന്‍
മുംബൈ: ജസ്റ്റിസ് ലോയയുടെ മരണം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹത്തിന്റെ മകന്‍ അനൂജ് ലോയ. നിരവധി പേര്‍ ഞങ്ങളുടെ കുടുംബാംഗങ്ങളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അവര്‍ കുടുംബത്തില്‍ ഭീതിപടര്‍ത്തുകയാണെന്നും അനൂജ് ലോയ പറഞ്ഞു.  ലോയയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് സംശയമൊന്നും ഇല്ല. അന്യാവശ്യമായി ശല്യം ചെയ്യുകയാണ് ചിലര്‍. ഇത് കാരണം അമ്മ ചികിത്സയിലാണ്. ദയവായി തങ്ങളുടെ കുടുംബത്തെ ശല്യപ്പെടുത്തരുതെന്ന് സംഘടനകളോടും അഭിഭാഷകരോടും സന്നദ്ധപ്രവര്‍ത്തകരോടും അറിയിക്കണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടുന്നെന്നും അനൂജ് ലോയ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചു. 

അഭിഭാഷകനോടൊപ്പമായിരുന്നു അനൂജ് ലോയയുടെ വാര്‍ത്താസമ്മേളനം  'മരണത്തില്‍ എനിക്ക് സംശയമില്ല. നേരത്തെ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയില്ല. അച്ഛന്‍ മരിക്കുന്ന സമയത്ത് എനിക്ക് 17 വയസായിരുന്നു. ഞാന്‍ വൈകാരിക സംഘര്‍ഷത്തില്‍പ്പെട്ട സമയമായിരുന്നു അത്. എന്താണ് ചെയ്യേണ്ടതെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നുവെന്നും അനൂജ് പറഞ്ഞു. 

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന പ്രത്യേക സിബിഐ ജഡ്ജിയായിരുന്ന ലോയയുടെ അസ്വാഭാവിക മരണത്തില്‍ ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക