Image

നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക്‌ വധശിക്ഷ; അമ്മയ്‌ക്കും രണ്ടാം പ്രതിയ്‌ക്കും ജീവപര്യന്തം

Published on 15 January, 2018
നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക്‌ വധശിക്ഷ; അമ്മയ്‌ക്കും രണ്ടാം പ്രതിയ്‌ക്കും ജീവപര്യന്തം
കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്നു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി രഞ്‌ജിതിന്‌ വധശിക്ഷ. കുട്ടിയുടെ അമ്മ റാണിയ്‌ക്കും സുഹൃത്ത്‌ ബേസിലിനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പോക്‌സോ കോടതിയുടേതാണ്‌ വിധി. കേസില്‍ മൂന്നു പ്രതികളാണുണ്ടായിരുന്നത്‌.

2013 ഒക്ടോബര്‍ 29നാണ്‌ അമ്മയും കാമുകന്മാരും ചേര്‍ന്ന്‌ ബാലികയെ കൊലപ്പെടുത്തിയിരുന്നത്‌.


കുറ്റക്കാരനെന്ന്‌ കണ്ടെത്തിയ ശേഷം രഞ്‌ജിത്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ചിരുന്നു. എറണാകുളം സബ്‌ ജയിലില്‍ വിഷം കഴിച്ചാണ്‌ ആത്മഹത്യാശ്രമം നടത്തിയിരുന്നത്‌. തുടര്‍ന്ന്‌ രഞ്‌ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൊല്ലപ്പെട്ട കുട്ടിയും അമ്മയായ റാണിയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്‌ക്കു താമസിക്കുകയായിരുന്നു സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവായ വിനോദ്‌ കഞ്ചാവ്‌ കേസില്‍ ജയിലിലായിരുന്നു. ഇവരുടെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്‌. സഹോദരനെന്ന വ്യാജേന ബേസിലിനൊപ്പമാണ്‌ റാണി അമ്പാടിമലയില്‍ താമസിച്ചിരുന്നത്‌.

സംഭവ ദിവസം സ്‌കൂള്‍വിട്ട്‌ വീട്ടിലേക്ക്‌ കുട്ടി വരുമ്പോള്‍ റാണിയും ബേസിലും സ്ഥലത്തില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന രഞ്‌ജിത്ത്‌ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു. ചെറുത്ത കുട്ടിയുടെ കഴുത്തില്‍ കൈമുറിക്കിയ ശേഷം എടുത്ത്‌ എറിഞ്ഞു. തലയുടെ പിന്‍വശം ഇടിച്ചാണ്‌ കുട്ടി വീണത്‌.

തുടര്‍ന്ന്‌ കുട്ടിയുടെ മൃതദേഹം ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചു. അപ്പോഴേക്കും ബേസിലും റാണിയും വീട്ടില്‍ തിരികെയെത്തി. ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട്‌ യഥാര്‍ഥവിവരം രഞ്‌ജിത്ത്‌ അറിയിച്ചു. 

എവിടെ മറവുചെയ്യണമെന്ന്‌ റാണി തന്നെയാണ്‌ നിര്‍ദേശിച്ചത്‌. രഞ്‌ജിത്തിന്റെ ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തില്‍ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു.

കൊലക്കു ശേഷം ആരക്കുന്നം കടയ്‌ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു. പിറ്റേന്ന്‌ റാണി മകളെ കാണാനില്ലെന്ന്‌ ചോറ്റാനിക്കര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക