Image

എക്കാലത്തെയും മികച്ച മകരജ്യോതി ദര്‍ശനം

അനില്‍ പെണ്ണുക്കര Published on 15 January, 2018
എക്കാലത്തെയും മികച്ച മകരജ്യോതി ദര്‍ശനം
ശബരിമല: മകരസംക്രമ സന്ധ്യയില്‍, തിരുവാഭരണം ചാര്‍ത്തി ദിവ്യപ്രഭ ചൊരിഞ്ഞ, ശ്രീധര്‍മശാസ്താവിനെ തൊഴുത് ഭക്തജനലക്ഷങ്ങള്‍ ദര്‍ശനസായൂജ്യം നേടി. ദീപാരാധന വേളയില്‍, 6.45ന് പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷമായ മകരജ്യോതിസ്സിനെ അവര്‍ കണ്‍നിറയെ കണ്ടു. ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ സന്നിധാനം ഭക്തിലഹരിയിലാറാടി.

ദീപാരാധനയ്ക്ക് തൊട്ടുമുമ്പ് ഘോഷയാത്രയായെത്തിച്ച തിരുവാഭരണ പേടകം തന്ത്രി മഹേഷ് മോഹനരും മേല്‍ശാന്തി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തി. സന്നിധാനത്തെത്തിയ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എസ്. സിരിജഗന്‍, ദേവസ്വം കമീഷണര്‍ സി.പി രാമരാജപ്രേമപ്രസാദ്, റിട്ട. ജസ്റ്റിസ് അരിജിത് പസായത്, ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ്, എ.ഡി.ജി.പി. സുദേഷ് കുമാര്‍, ഐ.ജി. എസ്. ശ്രീജിത്ത്, ദേവസ്വം സ്പെഷല്‍ ഓഫീസര്‍ എം. മനോജ്, ചീഫ് എന്‍ജിനീയര്‍ വി. ശങ്കരന്‍പോറ്റി തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

അതിനുമുമ്പ്, ശരംകുത്തിയിലെത്തിയ തിരുവാഭരണ പേടകത്തെ എക്സിക്യുട്ടീവ് ഓഫീസര്‍ വി.എന്‍ ചന്ദ്രശേഖരന്‍, പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ദേബേഷ് കുമാര്‍ ബെഹ്റ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നാദസ്വരം, പഞ്ചവാദ്യം, തകില്‍, ചെണ്ടമേളം, കര്‍പ്പൂരാഴി മുതലായവയുടെ അകമ്പടിയോടെയായിരുന്നു തിരുവാഭരണ ഘോഷയാത്ര.

മകര സംക്രമ പൂജയോടെ ഞായറാഴ്ച ഉച്ചയ്ക്കാരംഭിച്ച മകരവിളക്ക് ആഘോഷ പരിപാടികള്‍ ജനുവരി 20ന് സമാപിക്കും. 18 വരെ മാത്രമേ തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ. നെയ്യഭിഷേകം 19 വരെ തുടരും.

സുരക്ഷിതവും സുഖകരവുമായ മകരജ്യോതി ദര്‍ശനം നടത്തിയതിന്റെ സായൂജ്യത്തില്‍ അയ്യപ്പന്മാര്‍. മകരവിളക്കിനോടനുബന്ധിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലവും ഫലപ്രദവുമായ ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തി ക്രമീകരണങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുകയും മകരവിളക്ക് ഉത്സവത്തിന് ആദ്യവസാനം നേതൃത്വം നല്‍കുകയും ചെയ്തു. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു.

ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഭംഗിയായി ഏകോപിപ്പിക്കുന്നതിന് പ്രസിഡന്റ് എ. പത്മകുമാറിനും അംഗങ്ങളായ കെ. രാഘവനും കെ.പി. ശങ്കരദാസിനും കഴിഞ്ഞതോടെ ഇത്തവണത്തെ മകരജ്യോതി ദര്‍ശനം മുന്‍കാലങ്ങളേക്കാള്‍ മികച്ചതായി മാറി.
മകരജ്യോതി ദര്‍ശനത്തിനെത്തിയ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് മികച്ച സേവനമാണ് വിവിധ വകുപ്പുകള്‍ നല്‍കിയത്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തിക്കൊണ്ട്, ദര്‍ശനമൊരുക്കുന്നതില്‍ പോലീസ് സേന വിജയിച്ചു. എ.ഡി.ജി.പി സുദേഷ് കുമാറിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് 2800, പമ്പയിലും നിലയ്ക്കലും കൂടി 2400, എരുമേലിയില്‍ 350, പുല്ലുമേട്ടില്‍ 450 എന്നിങ്ങനെ വിന്യസിച്ച-പൊലീസ്, എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ് സേനകള്‍ പഴുതടച്ച സുരക്ഷയൊരൂക്കി.

മകരജ്യോതി ദര്‍ശന സൗകര്യമേര്‍പ്പെടുത്തിയിരുന്ന പുല്ലുമേട്, അട്ടത്തോട്, നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, പാഞ്ചാലിമേട്, പരുന്തുംപാറ, പമ്പ ഹില്‍ടോപ്പ്, അപ്പാച്ചിമേട് ടോപ്പ്, പമ്പ വിനായക ഗസ്റ്റ് ഹൗസിന് സമീപമുള്ള സ്ഥലം, പഞ്ഞിപ്പാറ, എന്നിവിടങ്ങളിലും പോലീസ് ഉദ്യോഗസ്ഥര്‍ സഹായമേകി. ഹെലികാം ഉള്‍പ്പെടെ പഴുതടച്ച നിരീക്ഷണമാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. പോലീസിനൊപ്പം കേന്ദ്ര സേനകളും, കമാന്‍ഡോ വിഭാഗവും എന്‍ഡിആര്‍എഫും അതീവ ജാഗ്രതയോടെ സുരക്ഷയൊരുക്കി.

മകരജ്യോതി ദര്‍ശനത്തിന് സൗകര്യമേര്‍പ്പെടുത്തിയിരുന്ന എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടിക്കായി റവന്യു വകുപ്പില്‍നിന്ന് ഓരോ ഡപ്യൂട്ടി തഹസീല്‍ദാര്‍മാരെയും മൂന്ന് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഡ്യൂട്ടി പോയിന്റുകളില്‍ നിയോഗിച്ച എല്ലാ ഉദ്യോഗസ്ഥരും അവസാനത്തെ തീര്‍ഥാടകനും വ്യൂ പോയിന്റുകളില്‍ നിന്നും മടങ്ങിയതിന് ശേഷം ഇതു സംബന്ധിച്ച വിവരം കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടാണ് മടങ്ങിയത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മകരജ്യോതി വ്യൂപോയിന്റുകളിലെ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ബാരിക്കേഡുകള്‍ നിര്‍മിച്ചിരുന്നു.

തീര്‍ഥാടകര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ സജ്ജമാക്കിയിരുന്നു.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വിവിധ വകുപ്പുകള്‍ക്ക് മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ റവന്യു വകുപ്പിന്റെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചു. മകരജ്യോതി ദര്‍ശിക്കാന്‍ സൗകര്യമൊരുക്കിയിരുന്ന സ്ഥലങ്ങളിലെ സുരക്ഷയും തല്‍സമയം എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളിലൂടെ വിലയിരുത്തി മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

അടൂര്‍, തിരുവല്ല ആര്‍ഡിഒ ഓഫീസുകളിലെയും താലൂക്കുകളിലെയും കണ്‍ട്രോള്‍ റൂമുകളും മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു. ഇതിനൊപ്പം പത്തനംതിട്ട, മൈലപ്ര, വടശേരിക്കര, റാന്നി പെരുനാട്, കോന്നി, തണ്ണിത്തോട്, സീതത്തോട് വില്ലേജ് ഓഫീസുകളും 24 മണിക്കൂറും പ്രവര്‍ത്തിച്ചു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും വിവിധ മകരജ്യോതി ദര്‍ശന വ്യൂ പോയിന്റുകളിലും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ അത്യാഹിതങ്ങള്‍ സംഭവിക്കാതെ ജാഗ്രത പുലര്‍ത്തി. അപകടങ്ങളുണ്ടായാല്‍ നേരിടുന്നതിന് സന്നിധാനത്തും പമ്പയിലും ഉള്‍പ്പെടെ ആരോഗ്യവകുപ്പിന്റെ എല്ലാ കേന്ദ്രങ്ങളിലും ഹൃദ്രോഗ വിദഗ്ധന്മാര്‍ അടക്കം ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സേവന സന്നദ്ധരായി നിലയുറപ്പിച്ചിരുന്നു.

അത്യാഹിതമുണ്ടായാല്‍ ആംബുലന്‍സില്‍ കോട്ടയം, പത്തനംതിട്ട, അടൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് റോഡുമാര്‍ഗവും തിരുവനന്തപുരത്തേക്ക് ഹെലികോപ്ടര്‍ മാര്‍ഗവും എത്തിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനായി നിലയ്ക്കല്‍ ഹെലിപാഡില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു.
ദര്‍ശനത്തിനു ശേഷം അയ്യപ്പന്മാര്‍ക്ക് മടങ്ങുന്നതിന് കെഎസ്ആര്‍ടിസി കുറ്റമറ്റ സംവിധാനമാണ് ഒരുക്കിയിരുന്നത്. 400 ചെയിന്‍ സര്‍വീസ് ബസുകളും 800 ദീര്‍ഘദൂര സര്‍വീസ് ബസുകളും ഉള്‍പ്പെടെ 1200 ബസുകള്‍ പമ്പ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് മകരജ്യോതി ദര്‍ശനത്തിന് ശേഷം സര്‍വീസ് നടത്തുന്നതിനായി ക്രമീകരിച്ചിരുന്നു. ചെയിന്‍ സര്‍വീസുകള്‍ കുറ്റമറ്റതാണെന്ന് ഉറപ്പാക്കുന്നതിന് ഇത്തവണ പോലീസിന്റെ പൈലറ്റ് ജീപ്പ് ഓരോ ചെയിന്‍ സര്‍വീസിനു മുന്‍പും സജ്ജീകരിച്ചിരുന്നു. 
എക്കാലത്തെയും മികച്ച മകരജ്യോതി ദര്‍ശനംഎക്കാലത്തെയും മികച്ച മകരജ്യോതി ദര്‍ശനംഎക്കാലത്തെയും മികച്ച മകരജ്യോതി ദര്‍ശനംഎക്കാലത്തെയും മികച്ച മകരജ്യോതി ദര്‍ശനംഎക്കാലത്തെയും മികച്ച മകരജ്യോതി ദര്‍ശനംഎക്കാലത്തെയും മികച്ച മകരജ്യോതി ദര്‍ശനംഎക്കാലത്തെയും മികച്ച മകരജ്യോതി ദര്‍ശനംഎക്കാലത്തെയും മികച്ച മകരജ്യോതി ദര്‍ശനംഎക്കാലത്തെയും മികച്ച മകരജ്യോതി ദര്‍ശനംഎക്കാലത്തെയും മികച്ച മകരജ്യോതി ദര്‍ശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക