Image

ഓറഞ്ച് പാസ്‌പോര്‍ട്ട് പാവങ്ങളെ അപമാനിക്കാന്‍: ഉമ്മന്‍ ചാണ്ടി

Published on 15 January, 2018
ഓറഞ്ച് പാസ്‌പോര്‍ട്ട് പാവങ്ങളെ അപമാനിക്കാന്‍: ഉമ്മന്‍ ചാണ്ടി
രണ്ടു തരം പാസ്‌പോര്‍ട്ടുകള്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. സമ്പന്നര്‍ക്ക് ഒരു നീതിയും സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മറ്റൊരു നീതിയും എന്ന ബി.ജെ.പി യുടെ ഇരട്ടത്താപ്പാണ് പുതിയ തീരുമാനത്തിലൂടെ തുറന്നു കാണിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

പാസ്‌പോര്‍ട്ട് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശിപാര്‍ശകള്‍ അങ്ങേയറ്റം വിവേചനപരവും, പ്രതിഷേധകരവുമാണ്. നമ്മുടെ രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് തൊഴിലിന്റെ അടിസ്ഥാനത്തില്‍ രണ്ടു നിറത്തിലുള്ള പാസ്സ്‌പോര്‍ട്ടുകള്‍ എന്നത് അധിക്ഷേപകരമായ ഒരു നടപടിയാണ്. സാധാരണക്കാരായ പ്രവാസിതൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നത്തിന് തുല്യമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ നീക്കം.

ശിപാര്‍ശ നടപ്പിലാകുന്നതോടു കൂടി സാധാരണക്കാരായ തൊഴിലാളികളുടെ പാസ്സ്‌പോര്‍ട്ട് ഓറഞ്ചു നിറത്തിലായി മാറും, പാസ്സ്‌പോര്‍ട്ടിലെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളുള്ള അവസാന പേജ് എടുത്തു മാറ്റാനും തീരുമാനമുണ്ടെന്നറിയുന്നു. ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കല്‍പ്പമാണ് ഇതോടു കൂടി ഇല്ലാതാവുക. കൊളോണിയല്‍ കാലത്തുണ്ടായിരുന്ന നിറത്തിന്റെ പേരിലുള്ള ചേരിതിരിവ് മറ്റൊരു അര്‍ത്ഥത്തില്‍ സമ്പത്തിന്റെയും മറ്റും പേരില്‍ പുനര്‍ജനിക്കും.

യാതൊരു കാരണവശാലും ഇത് അനുവദിച്ചു കൂടാ. പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്ന ഈ നീക്കം വലിയൊരു വിഭാഗം വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ നെഞ്ചത്തടിക്കുന്നതാണ്. നാടും വീടും വിട്ട് പൊരി വെയിലത്തും, മരുഭൂമിയിലും മറ്റും കഷ്ടപ്പെട്ടും, ലേബര്‍ ക്യാംപില്‍ ദുരിത ജീവിതം നയിച്ചും അവര്‍ കരുതി വച്ച സമ്പാദ്യത്തിലാണ് ഈ രാജ്യം പുരോഗതി പ്രാപിച്ചതെന്ന സത്യം നാം വിസ്മരിച്ചുപോവരുത് .

ഈ നീക്കം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ രാജ്യങ്ങളില്‍ ചെന്നിറങ്ങുന്ന ഇന്ത്യക്കാരനായ ഓരോ തൊഴിലാളിയെയും പാസ്സ്‌പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയാനും അവന്റെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യാനും മോശം പരിഗണന ലഭിക്കാനും മാത്രമേ ഉപകരിക്കൂ. സാധാരണക്കാരായ തൊഴിലാളികളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന ഈ നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചേ മതിയാകൂ. സമ്പന്നര്‍ക്ക് ഒരു നീതിയും സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മറ്റൊരു നീതിയും എന്ന ബി.ജെ.പി യുടെ ഇരട്ടത്താപ്പാണ് ഈ നീക്കം തുറന്നു കാണിക്കുന്നത്. ഇന്നാട്ടിലെ സാധാരണക്കാരും, തൊഴിലാളികളും ഇതിനെതിരെ രംഗത്ത് വരേണ്ടത് അനിവാര്യതയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക