Image

കുറ്റപത്രത്തെ ചോദ്യം ചെയ്ത് ദിലീപ്: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു

Published on 15 January, 2018
കുറ്റപത്രത്തെ ചോദ്യം ചെയ്ത് ദിലീപ്: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു

അങ്കമാലി:  കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം ചോദ്യം ചെയ്ത് നടന്‍ ദിലീപ്. ആദ്യ കുറ്റപത്രത്തിന് ഘടകവിരുദ്ധമാണ് അനുബന്ധ കുറ്റപത്രമെന്ന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു. ആദ്യ കുറ്റപത്രത്തിലെ പല കാര്യങ്ങളും മറച്ചുവെച്ചാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും,അതിനാല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നും ദിലീപ് വാദിക്കുന്നു. 

തനിക്കെതിരെയുളള കേസിലെ സുപ്രധാന രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ടു ഹര്‍ജികള്‍ സമര്‍പ്പിച്ചു. കേസിലെ സുപ്രധാനമായ 254 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിന്റെ പകര്‍പ്പോ, രേഖയോ കൊടുത്തിട്ടില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ട് പോലും മറച്ചുവെച്ചതായും ദിലീപ് ആരോപിക്കുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചത്. കേസില്‍ വിചാരണ തുടരാനിരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക