Image

നില മറന്ന് കൂവിപ്പോകുന്ന നീലക്കുറുക്കന്മാര്‍ (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)

Published on 15 January, 2018
നില മറന്ന് കൂവിപ്പോകുന്ന നീലക്കുറുക്കന്മാര്‍ (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)
ഏഷ്യാനെറ്റില്‍ കോടീശ്വരന്‍ പരിപാടി അവതരിപ്പിച്ചിരുന്ന ഒരു നടന്‍. നല്ല മൃദുഭാഷണം, മുഖശ്രീ. മുഖം പത്മ ദളാകാരം, വാചാ ചന്ദന ശീതളം എന്ന നില. ഇപ്പകൊയ്‌തെടുക്കാം കോടികള്‍ എന്ന വ്യാമോഹങ്ങളോടെ എത്തിപ്പെട്ട കുറെ മത്സരാര്‍ത്ഥികള്‍. മത്സരത്തിന്റെ ഇടവേളകളില്‍ തങ്ങളുടെ രക്ഷകനുമായി ജീവിത വേദനകള്‍ പങ്കു വയ്ക്കുന്ന പാവം മനുഷ്യര്‍. അത് കേട്ട് കണ്ണ് നിറയുകയും, തൊണ്ട ഇടരുകയും ചെയ്യുന്ന നടന്‍. തന്നോട് പങ്കു വയ്ക്കുന്ന എല്ലാ വേദനകള്‍ക്കും സ്വന്തം പോക്കറ്റില്‍ നിന്ന് പണമെറിഞ്ഞു അദ്ദേഹം പരിഹാരം തേടുന്നു. ആ പരിപാടി കണ്ടിരിക്കുന്ന ഏതൊരാള്‍ക്കും ' ഇയാളാണ് യഥാര്‍ത്ഥ കലാകാരന്‍ എന്നോ, ഇയാളാണ് യഥാര്‍ത്ഥ നേതാവ് എന്നോ, ഒക്കെ വിലയിരുത്തപ്പെടുവാന്‍ തക്കവണ്ണമുള്ള സംഭവ പരന്പരകളാണ് കോടീശ്വരന്‍ പരിപാടിയില്‍ അരങ്ങേറിയത്. രാഷ്ട്രീയമായി അദ്ദേഹത്തിന് ലഭിച്ച പദവികള്‍, ഒരു മനുഷ്യ സ്‌നേഹിക്കു ദൈവം കൊടുത്ത സമ്മാനം എന്ന ഹര്‍ഷ പുളകങ്ങളോടെയാണ് പൊതുജനം നെഞ്ചിലേറ്റിയത് .

ഈ നടന്‍ വ്യാജ മേല്‍വിലാസം ഉണ്ടാക്കി അന്യ സംസ്ഥാനത്ത് ആഡംബര കാറുകള്‍ രെജിസ്‌റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയയാളാണ് എന്ന വാര്‍ത്ത ഞെട്ടലോടെയാണ് പൊതു സമൂഹം ഏറ്റു വാങ്ങിയത്. പരിപാടിക്കിടയില്‍ തന്റെ മത്സരാര്‍ത്ഥികളുമായി അദ്ദേഹം പങ്കു വച്ച ഉന്നതമായ മനുഷ്യാവബോധത്തിന്റെ സര്‍ഗ്ഗ സംവേദനങ്ങള്‍ക്ക് നേര്‍ വിപരീതമായ ചില ജാതീയ പരാമര്‍ശങ്ങളും അദ്ദേഹത്തിന്റേതായി പുറത്തു വന്നു.

എന്തിനു പറയുന്നു, നീലത്തൊട്ടിയില്‍ ചാടിക്കിട്ടിയ നിറത്തിന്റെ ബലത്തില്‍ കാട്ടിലെ രാജാധികാരം കയ്യാളിയ കുറുക്കന്‍, കൂട്ടരുടെ കൂവലിനിടയില്‍ തന്റെ സ്ഥാനവും, മാനവും മറന്ന് കൂവിപ്പോയി അപഹാസ്യനായത് പോലെ ' വീണിതല്ലോ കിടക്കുന്നു ധരണിയില്‍, ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ ' എന്ന നിലയിലാണ് ഈ നടന്റെ ഇപ്പോഴത്തെ അവസ്ഥ.

തിരുവനന്തപുരത്ത് അധികാരികളുടെ മൂക്കിന് താഴെ രണ്ടു വര്‍ഷത്തിലേറെയായി സഹന സമരവുമായി കിടക്കുന്ന ഒരു ചെറുപ്പക്കാരന്‍. തന്റെ അനുജന്‍ ക്രൂരമായി കൊല്ലപ്പെടുന്നത് കണ്ട് നില്‍ക്കേണ്ടി വന്ന ഒരു ജേഷ്ഠന്‍. സാമൂഹ്യ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ലോകത്താകമാനം വളര്‍ന്നു വരുന്ന ധാര്‍മ്മികമായ ഒരു പൊതു ബോധം ആ ചെറുപ്പക്കാരന്റെ നീതിക്ക് വേണ്ടിയുള്ള സമരത്തില്‍ കൈ കോര്‍ക്കുന്നു. വിദൂര ദേശങ്ങളില്‍ നിന്ന് പോലും സമര വേദിയിലേക്കൊഴുകിയെത്തിയ ആയിരങ്ങളുടെ സംഘങ്ങള്‍ അധികാരികളെ നടുക്കി. രാഷ്ട്രീയത്തിന്റെയും, മതത്തിന്റെയുമൊക്കെ നിറമണിഞ്ഞെത്തിയ നീലക്കുറുക്കന്മാരെയൊക്കെ അവരാട്ടിപ്പായിച്ചു. അവര്‍ക്കു വേണ്ടത് നീതിയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ധാര്‍മ്മികമായ നീതി. ലോകത്തെവിടെയുമുള്ള മനുഷ്യ സ്‌നേഹികളുടെ ഇത്തരം കൂട്ടായ്മകള്‍ക്ക് അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു. ഒപ്പം മത വര്‍ഗ്ഗ രാഷ്ട്രീയ കപട വേഷം കെട്ടിയാടുന്ന നീലക്കുറുക്കന്മാരെ , നിങ്ങളുടെ അന്ത്യം അടുത്തു കഴിഞ്ഞുവെന്നും, അതിരുകളില്ലാത്ത ലോകത്തിലെ ലേബലുകളില്ലാത്ത മനുഷ്യന്റെ ധാര്‍മ്മിക പടയണി ആരംഭിച്ചു കഴിഞ്ഞുവെന്നും ഇവിടെ ഓര്‍മ്മപ്പെടുത്തിക്കൊള്ളുന്നു ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക