Image

ലോയയുടെ ദുരൂഹ മരണം: സുപ്രീം കോടതി ബെഞ്ചില്‍ മാറ്റമുണ്ടായേക്കും

Published on 16 January, 2018
ലോയയുടെ ദുരൂഹ മരണം: സുപ്രീം കോടതി ബെഞ്ചില്‍ മാറ്റമുണ്ടായേക്കും

ന്യൂഡല്‍ഹി: ജസ്റ്റീസ് ബി.എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചില്‍ മാറ്റമുണ്ടായേക്കും. കേസ് അനുയോജ്യമായ ബെഞ്ചിനു വിടണമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര ഉത്തരവില്‍ പരാമര്‍ശിച്ചു. കേസ് പരിഗണിക്കുന്നതില്‍നിന്നും അരുണ്‍ മിശ്ര പിന്‍വാങ്ങിയെന്നും സൂചനയുണ്ട്. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും. എന്നാല്‍, കൃത്യമായി തീയതി വ്യക്തമാക്കിയിട്ടില്ല. ചീഫ് ജസ്റ്റീസിനെതിരെ കലാപം ഉയര്‍ത്തിയ ജഡ്ജിമാരുടെ പ്രധാന ആവശ്യം ലോയയുടെ കേസ് പരിഗണിക്കുന്നത് മുതിര്‍ന്ന ജഡ്ജിമാരായിരിക്കണമെന്നതായിരുന്നു.

ഇന്ന് കേസ് പരിഗണിച്ച് കോടതി ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരാതിക്കാര്‍ക്കു നല്‍കണമെന്നു ഉത്തരവിട്ടിരുന്നു. ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹര്‍ജിക്കാര്‍ക്കു നല്‍കണമെന്നു സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഈ വിഷയത്തില്‍ പരാതിക്കാര്‍ എല്ലാ വിവരങ്ങളും അറിയേണ്ടതുണ്ടെന്നാണ് കേസില്‍ വാദം കേട്ട ജസ്റ്റീസ് അരുണ്‍ മിശ്ര വാക്കാല്‍ പരാമര്‍ശിച്ചത്. ജസ്റ്റീസ് അരുണ്‍ മിശ്ര, ജസ്റ്റീസ് ശാന്തഗൗണ്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണു ജസ്റ്റീസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചത്.

കേസ് ജനുവരി 13ന് പരിഗണിച്ചപ്പോള്‍ തന്റെ കക്ഷിയായ ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ ബോംബോ ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കേസ് സുപ്രീംകോടതിയില്‍ എടുക്കരുതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മഹരാഷ്ട്ര സര്‍ക്കാരിനോട് ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകള്‍ ഹാജരാക്കണമെന്നാണു സുപ്രീംകോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് മുദ്രവച്ച കവറില്‍ മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇതോടെ ഈ രേഖകളുടെ പകര്‍പ്പ് പരാതിക്കാര്‍ക്കു കൂടി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക