Image

പ്രകാശ്‌ രാജ്‌ പ്രസംഗിച്ച വേദിയില്‍ ബിജെപി ഗോമൂത്രം തളിച്ചു

Published on 17 January, 2018
പ്രകാശ്‌ രാജ്‌ പ്രസംഗിച്ച വേദിയില്‍  ബിജെപി ഗോമൂത്രം തളിച്ചു

നടന്‍ പ്രകാശ്‌ രാജ്‌ കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ച വേദിക്കുചുറ്റും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു. സംക്രാന്ത്രി ദിവസം സിറ്റി യൂണിറ്റ്‌ നേതാവായ വിശാല്‍ മറാട്ടെയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ സ്ഥലത്തെത്തിയാണ്‌ ഗോമൂത്രം തളിച്ചത്‌.

കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എംപിയുമായ അനന്ത്‌കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ പ്രസംഗത്തിനിടെ പ്രകാശ്‌ രാജ്‌ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചതാണ്‌ യുവമോര്‍ച്ച പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്‌. ഇടതു ചിന്തകര്‍ ആയിരുന്നു പരിപാടിയുടെ സംഘാടകര്‌ എന്നതും ശ്രദ്ധേയമാണ്‌ .

സ്വയം ബുദ്ധിജീവികള്‍ എന്നു വിചാരിക്കുന്നവര്‍ ഇത്തരത്തിലൊരു പരിപാടി പ്രദേശത്ത്‌ സംഘടിപ്പിച്ചതിലൂടെ തങ്ങളുടെ ആരാധനായിടം അശുദ്ധമാക്കിയെന്ന്‌ വിശാല്‍ മറാട്ടെ ആരോപിച്ചു. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്നവരും ഗോമാംസം കഴിക്കുന്നവരുമായ ചിലര്‍ വന്നതോടെ സിര്‍സ നഗരം മലിനമായിയെന്നും ഇങ്ങനെയുള്ളവര്‍ക്ക്‌ ജനങ്ങള്‍ മാപ്പു നല്‍കില്ലെന്നും മറാട്ടെ പറഞ്ഞു. പ്രകാശ്‌ രാജ്‌ സാമൂഹ്യ വിരുദ്ധനാണെന്ന്‌ കൂട്ടിച്ചേര്‍ക്കാനും ബിജെപി മറന്നില്ല.

അതേസമയം ബിജെപിയുടെ 'ഗോമൂത്രം തളിച്ചുള്ള പ്രതിഷേധത്തില്‍' ഞാന്‍ പോകുന്ന എല്ലായിടത്തും നിങ്ങള്‍ ശുദ്ധീകരണം നടത്തണമെന്ന്‌  പ്രകാശ്‌ രാജ്‌  പരിഹാസരൂപേണ ട്വിറ്ററില്‍ കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക