Image

'പത്മാവത്‌' 25ന്‌ തന്നെ

Published on 18 January, 2018
'പത്മാവത്‌' 25ന്‌ തന്നെ


മുംബൈ: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്‌ജയ്‌ ലീല ബന്‍സാലിയുടെ പത്മാവത്‌ തീയേറ്ററുകളിലെത്തുന്നു. ജനുവരി 25ന്‌ ചിത്രം റിലീസ്‌ ചെയ്യുമെന്ന്‌ നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഹിന്ദി, തമിഴ്‌, തെലുങ്ക്‌, എന്നീ ഭാഷകളില്‍ ആഗോള റിലീസിനാണ്‌ ചിത്രം ഒരുങ്ങുന്നത്‌.

ഐമാക്‌സ്‌ ത്രീഡിയില്‍ ആഗോള റിലീസ്‌ നടത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും പത്മാവത്‌ എന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ 30നാണ്‌ ഉപാധികളോടെ പത്മാവതിക്ക്‌ സെന്‍സര്‍ ബോര്‍ഡ്‌ യുഎ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌.

ചിത്രം 25ന്‌ തീയേറ്ററുകളിലെത്തുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ റിലീസ്‌ സംബന്ധിച്ച്‌ സംവിധായകന്‍ സഞ്‌ജയ്‌ ലീല ബന്‍സാലിയോ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോ പ്രതികരണത്തിന്‌ തയ്യാറായിരുന്നില്ല. 18 ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ റിലീസുമായി അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട്‌പോവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പത്മാവതി ജനുവരി 25ന്‌ റിലീസ്‌ ചെയ്യുന്നതിനാല്‍ ചില ബോളിവുഡ്‌ ചിത്രങ്ങളുടെ റിലീസ്‌ മാറ്റിവെച്ചിട്ടുണ്ട്‌.

ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പത്മാവതിക്ക്‌ സെന്‍സര്‍ ബോര്‍ഡ്‌ അനുമതി നല്‍കിയത്‌. ചിത്രത്തിന്റെ പേര്‌ പത്മാവത്‌ എന്നാക്കണമെന്നും വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്‌. ചിത്രം തുടങ്ങുന്നതിന്‌ മുന്‍പും ഇടവേള സമയത്തും ചിത്രത്തിന്‌ യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന്‌ മുന്നറിയിപ്പ്‌ നല്‍കണമെന്ന്‌ അണിയറ പ്രവര്‍ത്തകരോട്‌ സെന്‍സര്‍ ബോര്‍ഡ്‌ നിര്‍ദേശിച്ചിരുന്നു.

നേരത്തെ ഡിസംബര്‍ ഒന്നിന്‌ ചിത്രത്തിന്റെ റിലീസ്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന്‌ നിര്‍മാതാക്കള്‍ റിലീസിംഗ്‌ മാറ്റിവെക്കുകയായിരുന്നു. രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണുമാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക