Image

സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സെക്രട്ടറി കെ. സുരേന്ദ്രന്‍

Published on 18 January, 2018
സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സെക്രട്ടറി കെ. സുരേന്ദ്രന്‍
ചൈനയുടെയും ഉത്തര കൊറിയയുടെയും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളോടാണ് ആഭിമുഖ്യമെന്നു പ്രഖ്യാപിച്ച സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നം പോലെയാണു കമ്യൂണിസ്റ്റ് പാര്‍ട്ടി.

കെ. സുരേന്ദ്രന്റെ കുറിപ്പില്‍നിന്ന്:
ഒരു കടയില്‍ചെന്നു വിലപിടിപ്പുള്ള എന്തെങ്കിലും സാധനം വാങ്ങാന്‍പോകുന്ന ഏതൊരാളും ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഒറിജിനല്‍ തന്നെ അല്ലേ, ചൈനീസ് ഒന്നും അല്ലല്ലോ എന്നാണ്. അതു വെറും ചോദ്യമല്ല. ശരാശരി ഇന്ത്യക്കാരനു ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണിത്. ഈ അടുത്തകാലത്തു ചൈനീസ് കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. കുട്ടികള്‍ക്കു ചൈനീസ് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കരുതെന്നു ചിലരെങ്കിലും മുന്നറിയിപ്പു നല്‍കുന്നതും കണ്ടിരുന്നു.

പറഞ്ഞുവന്നത് അതല്ല. കോടിയേരിയുടെയും സിപിഎം നേതാക്കളുടെയും ചൈനീസ് പ്രേമത്തെക്കുറിച്ചുതന്നെയാണ്. മേല്‍പ്പറഞ്ഞ സംഗതികള്‍ സിപിഎമ്മിനും ബാധകം തന്നെ. ഒരു കമ്യൂണിസ്റ്റുകാരനെയും ശരാശരി ഇന്ത്യന്‍ പൗരന്‍ കാണുന്നതു ചൈനീസ് ഉത്പന്നത്തെ കാണുന്നപോലെത്തന്നെയാണ്. ഒരു സംശയം എപ്പോഴും അവരുടെ നേരെയുണ്ട്. ഫേക്ക് ഐഡന്റിറ്റി എളുപ്പം തേച്ചുമാച്ചുകളയാന്‍ കഴിയുന്നതല്ല.

എങ്ങനെയാണോ വില കുറഞ്ഞതും നിലവാരമില്ലാത്തതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉളവാക്കുന്നതുമായ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നമ്മുടെ സമ്പദ്ഘടനയ്ക്കു ഭീഷണിയാവുന്നത് അതുപോലെ തന്നെയാണു കമ്യൂണിസ്റ്റ് പാര്‍ട്ടികളും രാജ്യത്തിനു ഭീഷണിയാവുന്നത്. അഞ്ചാംപത്തിപ്പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജന്മനാ ഇന്ത്യാവിരുദ്ധ പാര്‍ട്ടിയാണത്. കുടുംബശത്രുവിനൊപ്പം കൂട്ടുകൂടുന്ന പഴയ തറവാടുകളിലെ മുടിയന്‍മാരായ മരുമക്കളെ ഓര്‍മിപ്പിക്കുന്നതാണ് ഇവരുടെ ചരിത്രം മുഴുവന്‍. വെറുതെയല്ല ഇന്ത്യന്‍ ജനത ഇക്കൂട്ടരെ കയ്യാലപ്പുറത്ത് നിര്‍ത്തിയിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക