Image

അസംബ്ലിയില്‍ വൈകിയെത്തിയതിന്‌ ശിക്ഷ 'താറാവ്‌ നടത്തം'; വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ്‌ മരിച്ചു

Published on 19 January, 2018
അസംബ്ലിയില്‍ വൈകിയെത്തിയതിന്‌ ശിക്ഷ 'താറാവ്‌ നടത്തം'; വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ്‌ മരിച്ചു

ചെന്നൈ: സ്‌കൂളിലെ അസംബ്ലിയില്‍ വൈകിയെത്തിയതിന്‌ 'താറാവുനടത്ത'ത്തിന്‌ ശിക്ഷിക്കപ്പെട്ട പത്താംക്ലാസ്‌ വിദ്യാര്‍ഥി കുഴഞ്ഞുവീണ്‌ മരിച്ചു. തിരുവികനഗറിലെ സ്വകാര്യ സ്‌കൂളിലാണ്‌ സംഭവം.

സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അരുള്‍സ്വാമി, കായികാധ്യാപകന്‍ ജയസിങ്‌ എന്നിവര്‍ അറസ്റ്റിലായി. ചെന്നൈ പെരമ്പൂരിലുള്ള മുരളിയുടെ മകന്‍ നരേന്ദ്രനാണ്‌ മരിച്ചത്‌. നരേന്ദ്രനടക്കം ആറുവിദ്യാര്‍ഥികളെയാണ്‌ സ്‌കൂളിനുചുറ്റും താറാവ്‌ നടക്കുന്നതുപോലെ നടക്കാന്‍ ശിക്ഷിച്ചത്‌.

കാല്‍മുട്ട്‌ മടക്കി നടക്കുന്നതിനിടെ കുഴഞ്ഞുവീണ നരേന്ദ്രന്‍ മരിക്കുകയായിരുന്നു. വൈകിയെത്തിയവരെ സ്‌കൂളിനുചുറ്റും മൂന്നുതവണ താറാവുനടത്തത്തിനാണ്‌ ശിക്ഷിച്ചത്‌. ഇതിന്‌ ശ്രമിക്കുന്നതിനിടെ മൂന്നുവിദ്യാര്‍ഥികള്‍ കുഴഞ്ഞു വീണു. എഴുന്നേല്‍ക്കാല്‍പോലും പറ്റാതായ നരേന്ദ്രനെ ഉടന്‍തന്നെ സ്റ്റാന്‍ലി മെഡിക്കല്‍ കോേളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്‌കൂള്‍ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണെന്നാണ്‌ അധികൃതര്‍ അറിയിച്ചതെന്ന്‌ നരേന്ദ്രന്റെ അച്ഛനമ്മമാര്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ച്‌ മരണം സ്ഥിരീകരിച്ചതിനുശേഷമാണ്‌ തങ്ങളെ വിവരമറിയിച്ചതെന്നും ഇവര്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ കേസെടുത്ത പൊലീസ്‌, പ്രിന്‍സിപ്പലിനെയും കായികാധ്യാപകനെയും അറസ്റ്റുചെയ്യുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക