Image

പൊലീസ്‌ മര്‍ദ്ദിച്ചെന്നു ജയമോള്‍; കോടതിമുറിയില്‍ മയങ്ങിവീണു;

Published on 19 January, 2018
പൊലീസ്‌ മര്‍ദ്ദിച്ചെന്നു ജയമോള്‍; കോടതിമുറിയില്‍ മയങ്ങിവീണു;

പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയമോള്‍ കോടതിമുറിയില്‍ മയങ്ങിവീണു. പ്രതിയ്‌ക്ക്‌ പ്രാഥമികശുശ്രൂഷ നല്‍കിയശേഷമാണ്‌ കോടതി നടപടികള്‍ തുടങ്ങിയത്‌. പൊലീസ്‌ മര്‍ദ്ദിച്ചെന്നു ആരോപിച്ച ജയ ഇക്കാര്യത്തില്‍ പരാതിയില്ലെന്നും അറിയിച്ചു. 

ജയമോളെ പരവൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. കോടതി മുറിയിലേക്ക് കയറിയ ഉടന്‍ ഇവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പൊലീസുകാര്‍ പ്രഥമ ശുശ്രൂഷ നല്‍കി. ബോധം വീണ്ടു കിട്ടിയപ്പോള്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന മജിസ്‌ട്രേട്ടിന്റ ചോദ്യത്തിന് മറുപടിയായാണ് അവര്‍ കുറ്റം ഏറ്റുപറഞ്ഞത്. താന്‍ ഒറ്റക്കാണ് കൃത്യം ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും പറഞ്ഞ ജയമോള്‍ പൊലീസിന് നല്‍കിയ മൊഴി അതേപടി ആവര്‍ത്തിക്കുകയായിരുന്നു. 

ആരെങ്കിലും മര്‍ദിച്ചോ എന്ന ചോദ്യത്തിന് മര്‍ദിച്ചുവെന്നും കാല്‍ വെള്ളയില്‍ ചൂരല്‍ കൊണ്ട് ഏഴ് അടി അടിച്ചുവെന്നും അവര്‍ പറഞ്ഞു. ഇത്രയും പറഞ്ഞു തീര്‍ന്ന അവര്‍ 1.45 ഓടെ വീണ്ടും കുഴഞ്ഞ് വീണു. വീണ്ടും ബോധം വീണ്ടെടുത്തപ്പോഴേക്കും കോടതി ഉച്ചക്ക് മൂന്നിന് വിളിക്കുന്നതിനായി കേസ് മാറ്റി. 

തുടര്‍ന്ന്‌ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും വീണ്ടും വൈദ്യപരിശോധനക്ക്‌ വിധേയമാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. പൊലീസ്‌ മര്‍ദിച്ചെന്ന്‌ പ്രതി പറഞ്ഞിട്ടും ഇടപെടാത്തതിനാല്‍ കോടതി പ്രോസിക്യൂഷനെയും വിമര്‍ശിച്ചു.

ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത്‌ വന്നിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെയാണ്‌ മകനെ കൊന്നതിനെ കുറിച്ച്‌ 
ജയമോള്‍  വിവരിച്ചത്‌. തെളിവെടുപ്പിനിടെയിലും ജയമോള്‍ പതറാതെ നിന്നു .

ചോദ്യം ചെയ്യുന്നതിനിടയില്‍ കുട്ടിയുടെ പ്രകോപനപരമായ സംസാരമാണ്‌ കൊലയ്‌ക്ക്‌ പിന്നിലെന്ന്‌ പ്രതി മൊഴി നല്‍കിയിരുന്നു.

ജയമോളെ കൊണ്ടു വരുന്നുണ്ട് എന്നറിഞ്ഞ് വന്‍ ജനാവലിയാണ് കേട്ടതി പരിസരത്ത് തടിച്ചു കൂടിയത്.

മകനെ കൊന്ന അമ്മയെ ക്രിമിനല്‍ മുദ്ര കുത്തേണ്ട'; പ്രമുഖ മനോരോഗവിദഗ്ധന്‍

കോഴിക്കോട്: പതിനാലുകാരനായ മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രമുഖ മനോരോഗ വിദഗ്ധനായ ഡോ. സി.ജെ ജോണ്‍. കൊലപാതകം ചെയ്ത സ്ത്രീയ്ക്ക് മനോരോഗസാധ്യത ഉണ്ടോ എന്ന കാര്യം വിശദമായി നോക്കോണ്ടതുണ്ടെന്നാണ് ഡോ. ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടത്.

മാതാപിതാക്കള്‍ കുട്ടികളെ കൊല്ലുന്ന ഫിലിസൈഡില്‍ ഇത്തരം അന്വേഷണത്തിന്റെ ആനുകൂല്യം നല്‍കേണ്ടതുണ്ട്. ആ സ്ത്രീയുടെ ഭര്‍ത്താവ് അത്തരമൊരു സൂചന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ജാരസംസര്‍ഗം ഉള്‍പ്പെടെ പലതും ആരോപിച്ച് അവര്‍ കുറ്റവാളിയാണെന്ന് എടുത്തുചാടി മുദ്ര കുത്തേണ്ട. ചികിത്സ ലഭ്യമാക്കിയാല്‍ മാറാവുന്ന മാഡ്നെസ് ആകാനും ഇടയുണ്ട്. കേസ് തെളിയിക്കാനുള്ള വ്യഗ്രതയില്‍ പൊലീസ് ഈ വഴി പോകാറില്ല. ആയിരം 'ബാഡ്' ആളുകളെ ശിക്ഷിക്കാനുള്ള ആവേശത്തില്‍ ഒരു 'മാഡ് പേഴ്സണ്‍' പോലും പെടാതിരിക്കണമെന്നും ഡോ. ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നന്തന്‍കോട് കോട്ട് യുവാവ് കുടുംബാങ്ങളെ കൊലപ്പെടുത്തിയ കേസില്‍ അതീന്ദ്രിയം ഉള്‍പ്പെടെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് അതില്‍ മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് കണ്ടെത്തി ചികിത്സിച്ചത് ഓര്‍ക്കണം. ജനക്കൂട്ടത്തിന്റെ വികാരത്തില്‍ പെടാതെ പൊലീസ് നന്നായി അന്വേഷിക്കണം. ആ സ്ത്രീ അമ്മയാണെന്ന കാര്യം സ്വയം മറന്നത് എന്തുകൊണ്ടാകുമെന്ന ചോദ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഡോ. ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

കൊല്ലം ജില്ലയില്‍ 'അമ്മ പതിനാലു വയസ്സുകാരനെ കൊന്ന കേസിന്റെ പ്രകൃതം കണ്ടിട്ട് ആ സ്ത്രീയില്‍ ഒരു മനോരോഗ സാധ്യത ഉണ്ടോയെന്ന് വിശദമായി നോക്കേണ്ടതുണ്ടെന്നു തോന്നുന്നു.മാതാപിതാക്കള്‍ കുട്ടികളെ കൊല്ലുന്ന ഫിലിസൈഡില്‍ ഇത്തരം ഒരു അന്വേഷണത്തിന്റെ ആനുകൂല്യം നല്‍കേണ്ടതുണ്ട്.പ്രേത്യേകിച്ചും ആ സ്ത്രീയുടെ ഭര്‍ത്താവ് അങ്ങനെ ഒരു സൂചന നല്‍കുമ്പോള്‍.

നന്തന്‍കോട്ട് യുവാവ് കുടുംബാംഗങ്ങളെ വധിച്ച കേസില്‍ ക്രിമിനല്‍വല്‍ക്കരണം തൊട്ടു അതീന്ദ്രിയം വരെ ആദ്യം ആരോപിക്കുകയും ,പിന്നെ അതില്‍ മാനസികാരോഗ്യ പ്രശ്നമുണ്ടെന്നു കണ്ടെത്തി ചികില്‍സിക്കുകയും ചെയ്തത് ഓര്‍ക്കുക.ജാര സംസര്‍ഗ്ഗം തുടങ്ങി പലതും ആരോപിച്ചു ബാഡാണെന്നും ക്രിമിനലാണെന്നും എടുത്തു ചാടി അവരെ മുദ്ര കുത്തേണ്ട.ഒരു പക്ഷെ ചികില്‍സിച്ചാല്‍ മാറാവുന്ന മാഡ്നെസ് ആകാനും ഇടയുണ്ട്.ചില മാനസികാസ്വാസ്ഥ്യങ്ങളുടെ ലക്ഷണമായ ഡെല്യൂഷന്റെ പിടിയില്‍ അകപ്പെട്ടു രോഷം ജ്വലിക്കുമ്പോള്‍ , അതിനിരയായ വ്യക്തിക്ക് വല്ലാത്ത ശക്തി ഉണ്ടാകാറുണ്ട്.

തെളിയിച്ച ഒരു കേസാക്കാനുള്ള വ്യഗ്രതയില്‍ ചിലപ്പോള്‍ ആദ്യം പോലീസ് ഈ വഴി പോകാറില്ല.അത് കൊണ്ട് പറഞ്ഞുവെന്നേ ഉളളൂ.ആയിരം ബാഡ് ആളുകളെ ശിക്ഷിക്കാനുള്ള ആവേശത്തില്‍ ഒരു മാഡ് പേഴ്സണ്‍ പോലും പെടാതിരിക്കണം എന്ന് കൂടി ഓര്‍ക്കുക.ജനക്കൂട്ടത്തിന്റെ വികാര കുത്തൊഴുക്കില്‍ പെടാതെ പോലീസ് നന്നായി അന്വേഷിക്കട്ടെ.ജനക്കൂട്ടത്തിന്റെ വികാരം മനസ്സിലാക്കാം.അത്രയ്ക്ക് ക്രൂരമാണ് സംഭവം.ആ സ്ത്രീ കൊടും കുറ്റവാളിയും.അമ്മയെന്നത് മറന്നു പോയത് എന്ത് കൊണ്ടാവും? ഡോ. ജോണ്‍ പറയുന്നു.

പൊലീസ്‌ മര്‍ദ്ദിച്ചെന്നു ജയമോള്‍; കോടതിമുറിയില്‍ മയങ്ങിവീണു;
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക