Image

സുനന്ദ പുഷ്‌കര്‍ കേസ്: അപൂര്‍വ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനായി ശശി തരൂര്‍

Published on 20 January, 2018
സുനന്ദ പുഷ്‌കര്‍ കേസ്: അപൂര്‍വ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനായി ശശി തരൂര്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ ശാസ്ത്രീയ മനശ്ശാസ്ത്ര പരിശോധനയ്ക്ക് വിധേയനായതായി റിപ്പോര്‍ട്ട്. രാജ്യത്തുതന്നെ അപൂര്‍വമായി നടത്തിയിട്ടുള്ള ഫോറന്‍സിക് സൈക്കോളജി പരിശോധനയാണ് ഡല്‍ഹി പോലീസ് നടത്തിയത്. നേരത്തെ ഈ കേസില്‍ ശശി തരൂര്‍ നുണപരിശോധനയ്ക്കും വിധേയനായിരുന്നു. 2017 ഡിസംബറില്‍ സിബിഐയുടെ ഡല്‍ഹി ലോധി കോളനിയിലെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് പരിശോധന നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പരിശോധനാ ഫലം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയുടെ ഫോറന്‍സിക് സൈക്കോളജി വിഭാഗവും അന്വേഷണ സംഘത്തെ സഹായിക്കുന്നുണ്ട്. കേസുകള്‍ തെളിയിക്കുന്നതിനായി വിദേശ രാജ്യങ്ങളില്‍ ഫോറന്‍സിക് സൈക്കോളജിയെ ഉപയോഗപ്പെടുത്തുന്നുണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് പ്രതിയുടെ മാനസിക നില എന്തായിരുന്നു എന്ന് പരിശോധിക്കുകയും മനശ്ശാസ്ത്ര വിശകലനത്തിലൂടെ ലഭ്യമായ വിവരങ്ങളുമായി കേസ് അന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങളെ ചേര്‍ത്തുവെച്ച് പരിശോധിക്കുകയും ചെയ്താണ് നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നിലനില്‍ക്കുന്ന സംശയം അകറ്റുന്നതിന് ശശി തരൂരിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് ഡല്‍ഹി പോലീസ് ഇത്തരമൊരു പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ഇന്ത്യയില്‍ മധുമിത ശുക്ല, ആരുഷി തല്‍വാര്‍ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടും നിതാരി കൊലപാതകങ്ങളിലും ഫോറന്‍സിക് സൈക്കോളജി പരിശോധന നടത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക