Image

ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവം സമാപിച്ചു

അനില്‍ പെണ്ണുക്കര Published on 20 January, 2018
ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവം സമാപിച്ചു
ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവം, ജനുവരി 19ന് രാത്രി, മാളികപ്പുറത്ത് നടന്ന ഗുരുതിയോടെ സമാപിച്ചു. ഹരിവരാസനം ചൊല്ലി നടയടച്ചതിന് ശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ട തിരുന്നാള്‍ രാജരാജവര്‍മ്മയുടെ സാന്നിധ്യത്തിലാണ് ഗുരുതിതര്‍പ്പണം നടന്നത്.

മഞ്ഞളും ചുണ്ണാമ്പും ചേര്‍ന്ന നിണമാണ് ഗുരുതി. ദേവ ചൈതന്യവര്‍ധന, തെറ്റുകുറ്റങ്ങള്‍ക്ക് പ്രായശ്ചിത്തം എന്നിവയ്ക്കാണ് ഗുരുതി തര്‍പ്പണം നടത്തുന്നത്. കീഴാചാരപ്രകാരം റാന്നി കുന്നയ്ക്കാട്ട് കുറുപ്പന്മാര്‍ക്കാണ് ഇതിനുള്ള അവകാശം. ജെ അജിത്കുമാര്‍, ജെ ജയകുമാര്‍, ജെ രതീഷ്കുമാര്‍ എന്നിവരും സഹായികളും ചേര്‍ന്നാണ് ഇത്തവണ ഗുരുതി തയ്യാറാക്കി, തര്‍പ്പണം നടത്തിയത്. ഗുരുതി കഴിഞ്ഞ്, രാജപ്രതിനിധി പോയശേഷം, രാത്രി പിന്നീടാര്‍ക്കും മാളികപ്പുറത്തേയ്ക്ക് പ്രവേശനമുണ്ടായില്ല.

20ന് പുലര്‍ച്ചെ നട തുറന്ന് ഗണപതി ഹോമത്തിന് ശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ട തിരുനാള്‍ രാജരാജവര്‍മ്മ ദര്‍ശനം നടത്തി. മേല്‍ശാന്തി നടയടച്ച് രാജപ്രതിനിധിക്ക് താക്കോല്‍ കൈമാറി. രാജപ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി ഒരു കിഴി പണവും ക്ഷേത്രത്തിന്റെ താക്കോലും ആചാരപ്രകാരം കൈമാറി. തിരുവാഭരണങ്ങള്‍ അതിനു മുമ്പായി തിരിച്ച് കാല്‍നടയായി പന്തളം കൊട്ടാരത്തിലേക്ക് എഴുന്നള്ളിച്ചു.

ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തിലെ മണ്ഡലപൂജമകര വിളക്ക് മഹോത്സവ തീര്‍ഥാടന കാലം വിജയകരമാക്കുന്നതിന് അകമഴിഞ്ഞ സഹായം നല്‍കിയ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ജില്ലാ ഭരണകൂടത്തിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ.പി ശങ്കരദാസ് എന്നിവര്‍ നന്ദി അറിയിച്ചു. കൂടാതെ കേരള പൊലീസ്, ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ് എന്നീ കേന്ദ്ര പൊലീസ് സേനകളുടെ അംഗങ്ങള്‍, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി, അഖില ഭാരത അയ്യപ്പ സേവാ സംഘം, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും നന്ദി അറിയിച്ചു.
ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക