Image

പൂങ്കാവനത്തില്‍ അവസാനഘട്ട ശുചീകരണവും പൂര്‍ത്തിയാക്കി വിശുദ്ധി സേന മലയിറങ്ങി

അനില്‍ പെണ്ണുക്കര Published on 20 January, 2018
പൂങ്കാവനത്തില്‍ അവസാനഘട്ട ശുചീകരണവും പൂര്‍ത്തിയാക്കി വിശുദ്ധി സേന മലയിറങ്ങി
മണ്ഡലമകര വിളക്ക് മഹോത്സവത്തിന് ശേഷം ശബരിമല നടയടച്ച ശനിയാഴ്ച സ്വാമി അയ്യപ്പന്റെ പൂങ്കാവനത്തില്‍ അവസാനഘട്ട ശുചീകരണവും നടത്തി വിശുദ്ധിസേന മലയിറങ്ങി. ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ (എസ്.എസ്.എസ്) കീഴിലാണ് തമിഴ്‌നാട്ടുകാരായ എണ്ണൂറോളം അയ്യപ്പ ഭക്തര്‍ വിശുദ്ധി സേനാംഗങ്ങളായി ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും പന്തളത്തും കുളനടയിലും ആത്മാര്‍പ്പണം നടത്തുന്നത്. 24 വര്‍ഷം തുടര്‍ച്ചയായി വിശുദ്ധി സേനാംഗങ്ങളായി പ്രവര്‍ത്തിച്ചവരെ പത്തനംതിട്ട ജില്ലാ ഭരണകൂടം വെള്ളിയാഴ്ച പമ്പയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.

ഈ വര്‍ഷം സന്നിധാനത്ത് 300 പേരും പമ്പയില്‍ 315 പേരും നിലയ്ക്കലില്‍ 150 പേരും പന്തളത്ത് 25 പേരും കുളനടയില്‍ 10 പേരുമാണ് സേവനം നടത്തിയത്. പമ്പ, സന്നിധാനം പ്രദേശങ്ങള്‍ 27 മേഖലകളായി തിരിച്ച് 10 മുതല്‍ 40 വരെയുള്ള വിശുദ്ധി സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. അപ്പാച്ചിമേട്മരക്കൂട്ടം, മരക്കൂട്ടംസബ്‌വേ, മരക്കൂട്ടംശരംകുത്തി, മരക്കൂട്ടംചരല്‍മേട്, നടപ്പന്തല്‍, പതിനെട്ടാംപടിക്ക് താഴെ, ഭസ്മക്കുളം, പാണ്ടിത്താവളം, മാലിന്യ സംസ്കരണ പ്ലാന്റ്‌ബെയ്‌ലി പാലം എന്നീ ഒമ്പത് മേഖലകളാക്കി സന്നിധാനത്തെ തിരിച്ചായിരുന്നു പ്രവര്‍ത്തനം. നടപ്പന്തല്‍, പതിനെട്ടാംപടിക്ക് താഴെ, ഭസ്മക്കുളം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ മുഴുവന്‍ സമയവും ബാക്കിയിടങ്ങളില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണി വരെയുമായിരുന്നു പ്രവര്‍ത്തനം.

മാലിന്യം തൂത്തുവാരി ട്രാക്ടര്‍ പാതയില്‍ വെച്ചിരിക്കുന്ന ചവറ്റു കുട്ടയില്‍ നിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത് ജൈവ മാലിന്യം, പ്ലാസ്റ്റിക് എന്നിങ്ങനെ വേര്‍തിരിക്കുന്നു. ഭക്ഷണവശിഷ്ടം കുഴിച്ചിടുകയും പ്ലാസ്റ്റിക് ഒഴികെയുള്ളവ പാണ്ടിത്താവളത്ത് സ്ഥാപിച്ച ഇന്‍സിനറേറ്ററില്‍ കത്തിക്കുകയും ചെയ്യുന്നു. ഒാേരാ മേഖലയിലെ സംഘത്തിനും തലവനും ജില്ലാ കലക്ടര്‍ നിയമിച്ച സൂപ്പര്‍വൈസറുമുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോ വില്ലേജ് ഓഫീസറോ ആണ് സൂപ്പര്‍ വൈസറായി പ്രവര്‍ത്തിക്കുന്നതെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് സന്തോഷ് പറഞ്ഞു. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ കീഴില്‍ എല്ലാ ദിവസവും അവലോകനവും നടത്തിയിരുന്നു.

പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിനകത്തെ കാനനക്ഷേത്രമായ ശബരിമലയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പോലീസ് മേധാവി വൈസ്‌ചെയര്‍മാനും അടൂര്‍ ആര്‍.ഡി.ഒ മെമ്പര്‍ സെക്രട്ടറിയുമായി 1995ലാണ് എസ്.എസ്.എസ് രൂപീകരിച്ചത്. മണ്ഡലമകരവിളക്ക് ഉത്സവകാലയളവില്‍ ശബരിമല സന്നിധാനവും പമ്പയും ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക ശുചിത്വത്തിന്റെയും പ്രാധാന്യം തീര്‍ഥാടകരിലെത്തിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. സൊസൈറ്റിയുടെ ശുചീകരണ പ്രവര്‍ത്തകരെ വിശുദ്ധി സേനാംഗങ്ങള്‍ എന്ന് വിളിച്ചു വന്നു.

ആദ്യ വര്‍ഷം 125 വിശുദ്ധി സേനാംഗങ്ങളാണ് എത്തിയതെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി 800 പേരുണ്ട്. തമിഴ്‌നാട്ടിലെ സേലം, മധുര എന്നീ സ്ഥലങ്ങളില്‍ നിന്ന് അയ്യപ്പ സേവാസംഘം തമിഴ്‌നാട് ഘടകത്തിന്റെ ചുമതലയിലാണ് വിശുദ്ധി സേനാംഗങ്ങള്‍ എത്തുന്നത്. സര്‍ക്കാര്‍ ഗ്രാന്റ്, ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള ഗ്രാന്റ്, വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സംഭാവനകള്‍ എന്നിവ ഉപയോഗിച്ചാണ് എസ്.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക കണ്ടെത്തുന്നത്. വിശുദ്ധി സേനാംഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശുചീകരണത്തിന് പുറമേ മിഷന്‍ ഗ്രീന്‍ ശബരിമലയുടെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള ശുചീകരണങ്ങളും കുറെ വര്‍ഷങ്ങളായി ശബരിമലയില്‍ നടന്നുവരുന്നു.

വിശുദ്ധി സേനാംഗങ്ങളുടെ ഓണറേറിയം ബാങ്ക് വഴിയാണ് വിതരണം ചെയ്യുന്നത്. സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാനിറ്റേഷന്‍ സൊസൈറ്റിയാണ് നല്‍കുന്നത്. താമസം, ഭക്ഷണം എന്നിവ ദേവസ്വം ബോര്‍ഡ് നല്‍കുന്നു. അയ്യപ്പസേവനം വ്രതനിഷ്ഠപോലെ ഏറ്റെടുത്ത് മാലയിട്ടാണ് ഇവരെത്തുന്നത്. ഇവരില്‍ ബിരുദധാരികളും പഞ്ചായത്ത് അംഗങ്ങളും അടക്കമുണ്ട്.

അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഓരോ തീര്‍ഥാടകന്റെയും സുരക്ഷ ഉറപ്പാക്കാന്‍ ജാഗ്രതയുടെ കവചമൊരുക്കി കേന്ദ്ര, സംസ്ഥാന പൊലീസ് സേനകള്‍ക്കൊപ്പം ശബരിമലയില്‍ സദാസമയവും കര്‍മനിരതരായിരുന്നു ഈ തീര്‍ഥാടനകാലത്തും അഗ്‌നി രക്ഷാസേന. സന്നിധാനം, പമ്പ, എരുമേലി, പ്ലാപ്പള്ളി, കാളകെട്ടി, പന്തളം, പുല്‍മേട് ഉള്‍പ്പെടെ അയ്യപ്പന്‍മാരുടെ സാന്നിധ്യമുള്ളതും സുരക്ഷ ഉറപ്പാക്കേണ്ടതുമായ എല്ലാ സ്ഥലങ്ങളിലും അഗ്‌നിരക്ഷാ സേന ഈ തീര്‍ഥാടന കാലത്ത് പ്രവര്‍ത്തനസജ്ജമായിരുന്നു.

മരക്കൂട്ടം, ശരംകുത്തി, കെ.എസ്.ഇ.ബി, നടപ്പന്തല്‍, സന്നിധാനം, ഭസ്മക്കുളം, മാളികപ്പുറം, കൊപ്രക്കളം, പാണ്ടിത്താവളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അഗ്‌നി രക്ഷാസേന, സന്നിധാനം സുരക്ഷാ ഡ്യൂട്ടി ഒരുക്കിയത്. പമ്പയില്‍ കണ്‍ട്രോള്‍ റൂം കൂടാതെ അഞ്ച് ഹൈഡ്രന്റ് പോയിന്റുകള്‍ കേന്ദ്രീകരിച്ച് പമ്പാ മണപ്പുറം മുഴുവന്‍ സദാ സമയവും അഗ്‌നി രക്ഷാ സേനയുടെ സേവനം ലഭ്യമായിരുന്നു. അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തിനും ഏകോപനത്തിനും അസി. ഡിവിഷണല്‍ ഓഫീസര്‍ റാങ്കിലുള്ള ഓഫീസര്‍ സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഓഫീസറായി ഉണ്ടായിരുന്നു. സന്നിധാനത്ത് മുന്നൂറിലധികം അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ 24 മണിക്കൂറും തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്തു.

മകരവിളക്ക് സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ അഗ്‌നി രക്ഷാസേന വകുപ്പിലെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍. പ്രസാദ് മൂന്ന് ദിവസം സന്നിധാനത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. മുന്‍ വര്‍ഷങ്ങളില്‍ അയ്യപ്പന്‍മാരുടെ തിരക്കിനിടയിലൂടെ പതിനെട്ടാം പടിയുടെ സമീപമുള്ള ഇടുങ്ങിയ സ്‌റ്റെയര്‍കേസ് വഴി സോപാനത്ത് എത്തിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകുമായിരുന്നുള്ളു.
ഈ തീര്‍ത്ഥാടനകാലം മുതല്‍ സേനയുടെ ആവശ്യപ്രകാരം സോപാനത്ത് ഫയര്‍ ആന്‍ഡ് റസ്ക്യു പോയിന്റ് അനുവദിക്കുകയും അവിടെ ഫയര്‍മാന്‍മാരുടെ സേവനം എപ്പോഴും ലഭ്യമാകും വിധം ഡ്യൂട്ടി ക്രമീകരിക്കുകയും ചെയ്തു. പ്രാഥമിക അഗ്‌നിശമന ഉപകരണങ്ങളായ വിവിധയിനം എക്സ്റ്റിന്‍ഗ്വിഷറുകള്‍ സോപാനം ഡ്യൂട്ടി പോയിന്റില്‍ സജ്ജമാക്കിയിരുന്നു. ദേഹാസ്വസ്ഥ്യം മൂലം കുഴഞ്ഞ് വീഴുന്ന അയ്യപ്പന്‍മാരെ നടപ്പന്തലിന് സമീപമുള്ള സന്നിധാനം ഹോസ്പിറ്റലില്‍ എത്തിക്കാന്‍ എമര്‍ജന്‍സി സ്‌ട്രെച്ചറും ഇവിടെ സജ്ജീകരിച്ചിരുന്നു. സോപാനത്ത് ഡ്യൂട്ടിയിലുള്ളവര്‍ വയര്‍ലെസ് സെറ്റിലൂടെ നിര്‍ദേശം നല്‍കിയാല്‍ ഉടന്‍ വാട്ടര്‍ ഹൈഡ്രന്റ് തുറന്ന് വളരെ വേഗം ഹോസിലുടെ വെള്ളം പമ്പ് ചെയ്യുവാനും പുതിയ സോപാനം ഡ്യൂട്ടി പോയിന്റ് അനുവദിച്ചതിലൂടെ സാധ്യമായി. പാണ്ടിത്താവളം, മരക്കൂട്ടം, ശരംകുത്തി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഹൃദയസ്തംഭനം ഉള്‍പ്പെടെ വന്ന് കുഴഞ്ഞ് വീണ 150 ല്‍ അധികം അയ്യപ്പന്‍ന്മാരെ അഗ്‌നി രക്ഷാസേന സ്‌ട്രെച്ചറില്‍ ചുമന്ന് സന്നിധാനം ആശുപത്രിയില്‍ എത്തിച്ച് രക്ഷിച്ചു.

എല്ലാ ദിവസവും ഉച്ചയ്ക്ക് സോപാനവും തിരുമുറ്റവും പതിനെട്ടാം പടിയും ഹോസിലൂടെ ശക്തിയായി വെള്ളം പമ്പു ചെയ്ത് കഴുകി വൃത്തിയാക്കുന്നത് അഗ്‌നി രക്ഷാസേനയുടെ ഡ്യൂട്ടിയാണ്. പതിനെട്ടാം പടിക്ക് താഴെ അയ്യപ്പന്‍മാര്‍ തേങ്ങ ഉടയ്ക്കുന്ന ഭിത്തി ഉള്‍പ്പെടെ നടപ്പന്തലും അഗ്‌നി രക്ഷാസേന കഴുകി വൃത്തിയാക്കുന്നുണ്ടായിരുന്നു. അഗ്‌നി രക്ഷാസേന ആഴിക്ക് ചുറ്റും രാത്രിയിലും പകലും ഹോസിലൂടെ വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രിക്കുകയും ചെയ്തിരുന്നു.

മാളികപ്പുറത്ത് ഔഷധ വെള്ളം തിളപ്പിക്കാന്‍ ഉപയോഗിച്ച പാചക വാതക സിലിണ്ടറും മരക്കൂട്ടത്തെ ഹോട്ടലിലെ പാചക വാതക സിലിണ്ടറും ഉള്‍പ്പെടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ചയില്‍ ഉണ്ടായ തീ പിടിത്തങ്ങള്‍ സമയോചിതവും കാര്യക്ഷമവുമായ പ്രവര്‍ത്തനം കൊണ്ട് തുടക്കത്തിലേ നിയന്ത്രിക്കാന്‍ കഴിഞ്ഞു.

ചിരട്ടകള്‍ കുന്നുകൂടി കിടക്കുന്ന, നടപ്പന്തലിന് പുറകുവശത്തെ കൊപ്രക്കളത്ത് അപായ സാധ്യത മുന്നില്‍ കണ്ടാണ് ഈ സീസണ്‍ മുതല്‍ 24 മണിക്കൂറും ഒരു ലീഡിംഗ് ഫയര്‍മാന്‍ ഉള്‍പ്പെടെ ആറോളം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. കൊപ്രക്കളം, പാണ്ടിത്താവളം, ഉരല്‍ക്കുഴി എന്നിവിടങ്ങളിലെ വനപ്രദേശത്തുള്‍പ്പെടെ ജ്യോതി ദര്‍ശനത്തിനായി അയ്യപ്പന്‍മാര്‍ തമ്പടിക്കുകയും പാചകം ചെയ്യുവാന്‍ അടുപ്പ് കൂട്ടുകയും ചെയ്യുന്ന ഭാഗങ്ങളില്‍ ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുകയും എക്സ്റ്റിംഗ്വിഷറുമായി ഫയര്‍മാന്‍മാരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു.

എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുമായി സഹകരിച്ച് പ്രവര്‍ത്തിച്ചത് കൂടാതെ 'പുണ്യം പൂങ്കാവനം' പദ്ധതിയിലും എല്ലാ അഗ്‌നിരക്ഷാ സേനാംഗങ്ങളും സജീവമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. പമ്പയില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ത്രിവേണിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകി പോകുന്നതു തടഞ്ഞ് അഗ്‌നി രക്ഷാ സേന വടം കെട്ടി കരയ്‌ക്കെത്തിച്ചു. അയ്യപ്പന്‍മാര്‍ കുളിക്കുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളിലെ എല്ലാ കടവുകളും കേന്ദീകരിച്ച് അഗ്‌നി രക്ഷാ സേനയിലെ സ്കൂബ ടീമിലെ സേനാംഗങ്ങളെ 24 മണിക്കൂറും ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നതിനാല്‍ പരിചയമില്ലാത്ത കടവുകളില്‍ അയ്യപ്പന്‍മാര്‍ നീന്തുന്നത് വിലക്കുകയും ആവശ്യമായ ജലസുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പൂങ്കാവനത്തില്‍ അവസാനഘട്ട ശുചീകരണവും പൂര്‍ത്തിയാക്കി വിശുദ്ധി സേന മലയിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക