Image

ഇക്വിലിബ്രിയം - അഥവാ - ഒലക്കേടെ മൂട് (ഒരോര്‍മ്മക്കുറിപ്പ്: ആര്‍.പഴുവില്‍, ന്യൂജേഴ്സി)

Published on 21 January, 2018
ഇക്വിലിബ്രിയം - അഥവാ - ഒലക്കേടെ മൂട് (ഒരോര്‍മ്മക്കുറിപ്പ്: ആര്‍.പഴുവില്‍, ന്യൂജേഴ്സി)
" ഇവിടെ , മിടുക്കന് ന്താ വേണ്ടേ " ? അച്ഛന്റെ സുഹൃത്തും സ്ഥലത്തെ പ്രധാന പലചരക്കു കടയുടെ ഉടമയും ആയ കൈമളുടെ ചോദ്യം.

കുട്ടികളെ 'മിടുക്കാ' എന്നാണ് ആള്‍ വിളിക്കുക.

"വെളിച്ചെണ്ണ - 200, ഒരു കാല്‍ കിലോ പരിപ്പ്" , ഞാന്‍ പറഞ്ഞു.
സാധനങ്ങള്‍ എടുത്തു തന്നതിന് ശേഷം , അടുത്തിരുന്ന ഒരു നോട്ടീസ് എടുത്തു കാട്ടി അടുത്ത ചോദ്യം.
"മിടുക്കന്റെ പേരുണ്ടല്ലോ നോട്ടീസില്‍ ". എന്തായിട്ടാ അഭിനയിക്കണേ ?
" ഡോക്ടര്‍ ആയിട്ടാ", ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.
ശിവരാത്രി പ്രമാണിച്ചു രണ്ട് നാടകങ്ങള്‍ ആണ് സ്ഥലത്തെ കലാ സമിതി ഇത്തവണ ഒരുക്കുന്നത്. കുട്ടികളുടെയും , വലിയവരുടെയും വെവ്വേറെ നാടകങ്ങള്‍.

അതില്‍ കുട്ടികളുടെ നാടകത്തില്‍ ഞാനും ഉണ്ട്.
""അപ്പൊ , ഈ ' ഇക്വിലിബ്രിയം' ( Equilibrium) ന്ന് പറഞ്ഞാ ന്താ ? വല്ലാത്തൊരു പേരന്നെ''.

" അതന്നെ", ഞാന്‍ പറഞ്ഞു. EQUAL ന്നാന്ന് തോന്നണ്ട്. സമം സമം. സംവിധായകന്‍ ശശി ചേട്ടനോട് ചോദിച്ചപ്പോ ആള്‍ക്കും വല്യേ പിടില്ല. നാളെ ടീച്ചറോട് ചോദിച്ചിട്ടു ശരിക്കുള്ള അര്‍ഥം പറയാം.

തല്‍ക്കാലം രക്ഷപ്പെട്ടു. ഇത് വല്ലാത്ത കുരിശായിരിക്കുന്നു.
ഇന്നലെ നോട്ടീസ് വിതരണം തുടങ്ങിക്കഴിഞ്ഞു. കാണുന്നോരൊക്കെ നാടകത്തിന്റെ പേര് ചോദിയ്ക്കാന്‍ തുടങ്ങി. കൂടെ അഭിനയിക്കണ ചേട്ടന്മാര്‍ക്കു യാതൊരു പിടീം ല്ല .

""പേരിനൊരു വെയിറ്റും ഗമയും ഒക്കെ വേണ്ടേ , അതിനു ഇതന്ന്യാ നല്ലത്'' ന്നാണ് അവരുടെ ഉത്തരം.

ഒരു ഡോക്ടറും പോലീസ് ഓഫീസറും അവരുടെ ഇടയില്‍ കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന രോഗിയായ ഒരു യുവാവും . രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള ഡോക്ടറുടെ കര്‍ത്തവ്യ ബോധവും , കുറ്റവാളിയെ നീതിക്കു മുന്നിലെത്തിക്കാനുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ധര്‍മ്മ ബോധവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും, സംവാദങ്ങളുടേയും അതിനിടയില്‍ പെട്ടുഴറുന്ന യുവാവിന്റെ ധര്മ സങ്കടങ്ങളുടെയും പിരിമുറക്കങ്ങളുടെയും, കഥയാണ്.

കാമ്പുള്ള പ്രമേയം . ന്നാലും ഇതെന്തിനാണാവോ ഇങ്ങനൊരു പേരിട്ടത് ?!
ഈ നാട്ടു പ്രദേശത്തു സാധാരണക്കാരുടെ ഇടയില്‍ അവതരിപ്പിക്കാനുള്ള കുട്ടികളുടെ നാടകത്തിനു വേറൊരു പേരും കിട്ടീല്ലേ ?

നാലാം ക്ലാസ്സില്‍ വച്ച് സമ്മാനം കിട്ടിയ ഒരു ഇംഗ്ലീഷ് നിഘണ്ടു വീട്ടിലുണ്ട് . പക്ഷെ അതില്‍ Equal, Equality തുടങ്ങി കുറെ ബന്ധപ്പെട്ട വാക്കുകള്‍ ഉണ്ടെങ്കിലും Equilibrium എന്ന കുനുഷ്ടു വാക്ക് കാണാനേ ഇല്ല.

എന്തായാലും അടുത്ത ദിവസം ഇംഗ്ലീഷ് ടീച്ചറുടെ അടുത്ത് കാര്യം പറഞ്ഞു. ആളുടെ കയ്യിലെ തടിയന്‍ നിഘണ്ടുവില്‍ നിന്ന് സംഗതി തപ്പിയെടുത്തു. " A State of balance , symmetry" സംതുലിതാവസ്ഥ" !

ഭേഷ് , ടീച്ചര്‍ക്ക് നന്ദി പറഞ്ഞു , വിജയശ്രീലാളിതനായി തിരിച്ചെത്തി.
റിഹേര്‍സലിനിടക്ക് സംവിധായകനും അഭിനേതാക്കള്‍ക്കും ഞാന്‍ ബോധജ്ഞാനം പകര്‍ന്നു നല്‍കി താരമായി.

സംഗതി ഉഷാര്‍.
റിഹേര്‍സല്‍ കഴിഞ്ഞു എല്ലാരും വീടുകളിലേക്ക് തിരിച്ചപ്പോള്‍ സന്ധ്യയായി.
കൂട്ടത്തില്‍ മുതിര്‍ന്ന കുട്ടേട്ടന്‍ അവസരത്തിനൊത്തു ഉണര്‍ന്നു ' കുറച്ചു നോട്ടീസ് കയ്യിലെടുക്കൂ. ആള്‍ക്കാര്‍ പണി കഴിഞ്ഞു വരുന്ന സമയമാണ്, ചെറിയ പിരിവു ഇപ്പൊത്തന്നെങ്കടാവാം".

അനിയന്മാര്‍ ഞങ്ങള്‍, തലകുലുക്കി സമ്മതിച്ചു.
കുറച്ചങ്ങോട്ടു നടന്നതും , എതിരെ ദാ വരുന്നു കുമാരേട്ടന്‍ !

കള്ളിന്റെ മണം അങ്ങേര്‍ക്കും അല്പം മുന്‍പേ ഒഴുകിയെത്തി ഞങ്ങളെ തഴുകി , ചുറ്റി കറങ്ങി നിന്നു.
"ഹല്ലാ , കുമാരേട്ടനാ .. സുഖം തന്ന്യല്ലേ ? " കുട്ടേട്ടന്‍ തുടങ്ങി വെച്ചു.
"ആ കുട്ടനാ.. ദെന്തൂട്ടണ്ടാ ഈ അന്തി നേരത്ത് പിള്ളാരേം കൂട്ടി ങ്ങനെ നടക്കണ് , ഏ? "

" ഹൈ .. പ്പോ ങ്ങടെ നാടകല്ലേ വര്ണ്. ഇപ്പ്രാശ്യം രണ്ട് നാടകണേ.. കലക്കണ്ടെ മ്മക്ക് ? കാര്യായിട്ട് ന്തേലൊക്കെ തരണം ട്ടാ , പിരിവേ ".

" രണ്ടെണ്ണ ...അത് കൊള്ളാട്ടാ . ശിവരാത്രി അടി പൊളി.. ഹൈ, ന്നാലും ന്തൂട്ടിനപ്പാ രണ്ടെണ്ണം ?"

"" മ്മ്‌ടെ പിള്ളേര്‍ക്ക് ഒരെണ്ണം , പിന്നെ വല്യൊര്‍ക്ക് വേണ്ടാന്ന് വെയ്ക്കാന്‍ പറ്റോ ..നല്ല കഥ്യായി ..പ്പോ പിന്നെ രണ്ടെണ്ണ ഇരിക്കട്ടേന്ന് വച്ചു കമ്മറ്റി ക്കാര്, ന്തേ ?''

""" വേണം വേണം..സംഗതി ജോറായിക്കോട്ടെ...പ്പോ ആരാ ഈ പിള്ളേര് ? "

" ദേ മ്മ്‌ടെ രാജീവ് ണ്ട് . പിന്നെ ന്റെ അനിയന്‍ രാമദാസ് ണ്ട് .. പിള്ളേര് കസറും ട്ടാ "..മറ്റേ നാടകത്തില് 'നന്ദന്‍' ണ്ട്.

" അ.ആ.. കസറും .. ന്തൂട്ടാ പ്പോ നാടകത്തിന്റെ പേര് ? "

" ഇ..ക്വിലി..ബ്രി യം " ..

"എന്തൂട്ട്? "... "ഈക്രിയ്യ ... ബ്രി യം ..ദെന്തൂട്ടാദ് സാധനം ?''

ചോദ്യത്തിന്റെ ഊക്കില്‍ കുമാരേട്ടന്‍ റിവേഴ്‌സ് ഗിയറിട്ടു പിന്നിലേക്കൊന്നു ചാഞ്ഞു.. കണ്ണുകള്‍ പുറത്തേക്കു തള്ളി വന്നു . പിന്നെ വശത്തേക്ക് ആടിയുലഞ്ഞു ബ്രേക്ക് ഇട്ടു വീണ്ടും ഫോര്‍വേഡ് ഗിയറില്‍ വന്നു മുന്നോട്ടാഞ്ഞു നിന്നു .
കാതുകള്‍ വട്ടം പിടിച്ചു , ചുണ്ട് വക്രിച്ചു , മുഖത്തൊരു വലിയ ചോദ്യ ചിഹ്നവുമായി നില കൊണ്ടു!

സംഗതി അത്ര പന്തിയല്ലാന്നു കുട്ടേട്ടന് മനസ്സിലായി .. ആള്‍ എന്നെ കണ്ണ് കാണിച്ചു.
ഞാന്‍ ഒന്ന് സംശയിച്ചു നിന്നു. പിന്നെ ധൈര്യമെടുത്തു മുന്നോട്ടു വന്നു പറഞ്ഞു

" കുമാരേട്ടാ..അത്... ഈ ഇക്വിലിബ്രിയംന്നു പറഞ്ഞാല് ..സംതുലിതാവസ്ഥ"

കുമാരേട്ടന്റെ ചുണ്ടുകള്‍ ഒന്ന് കൂടെ വക്രിച്ചു " ന്തൂട്ട് അവസ്ഥ ? "
" സംതുലിതാ.... വ.."

" ഒലക്കേടെ മൂട്.." ""അവരുടെ ഒരു ഇബ്രിയോം തുലാവര്‍ഷോം.''.

ഒന്ന് നിറുത്തി, കുറച്ചു നേരം എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, ആള്‍ തുടര്‍ന്നു " മോനെ രാജീവേ, കാര്യം നീ മ്മ്‌ടെ സ്ക്കൂളിലെ പഷ്ട് ആളൊക്കയാണ്..പക്ഷെ ങ്ങട് നോക്ക്യേ. മനുഷ്യന് മനസ്സിലാവണ പേര് വല്ലോം ഇടാണ്ട് ഈ നാടകം ഇബടെ കളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല .. ദ് വേറെ കാര്യം..
കാര്യം വേറെ , കളി വേറെ.. "
ബടെ നടക്കില്ല.. ന്റെ കയ്യിന്ന് പത്തിന്റെ പൈസേം കിട്ടൂല്ല. ഞാന്‍ ഇത് കളിക്കാനിട്ടു സമ്മതിക്കൂല്ല്യാ"

" അവരടെ ഇബ്രിയം...ഒരു പേരിട്ടിരിക്കണതെ.''.

"" ഒലക്കേടെ മൂട്'' .

നീട്ടി ഒന്ന് കാര്‍ക്കിച്ചു തുപ്പി , മുണ്ട് മാടിക്കുത്തി ആള്‍ ആടിയാടി നടന്നു പോയി.

എന്തായാലും കുട്ടേട്ടന്റെ സായാഹ്നപ്പിരിവു എട്ടു നിലയില്‍ പൊട്ടി. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ എട്ടിന്റെ പണി കിട്ടി. ഞങ്ങള്‍ നേരെ വീടുകളിലേക്ക് വെച്ച് പിടിച്ചു.

നോട്ടീസ് മാറ്റി അടിക്കാന്‍ പറ്റില്ലല്ലോ ?

ഞാന്‍ മനുഷേര്‍ക്കു മനസ്സിലാവുന്ന അര്‍ഥം ആലോചിച്ചു നടന്നു വീടെത്തി. ഉറങ്ങാന്‍ കിടക്കുമ്പോള്‍ "തുല്യത" , " സമത്വം " എന്നിങ്ങനെ വല്യേ കൊഴപ്പമില്ലാത്ത രണ്ട് മലയാള അര്‍ഥങ്ങള്‍ മനസ്സിലേക്ക് കടന്നു വന്നു. നാളെ മുതല്‍ നാടകത്തിന്റെ പേര് ചോദിക്കുമ്പോള്‍ മലയാള അര്‍ഥങ്ങള്‍ പറഞ്ഞിട്ട് , പിന്നെ ഇംഗ്ലീഷില്‍ ഇക്വിലിബ്രിയം എന്നും പറയും എന്ന് വിശദീകരിക്കാം എന്നൊരു കിടിലന്‍ പ്ലാന്‍ തയ്യാറാക്കി അല്പം ആശ്വാസത്തോടെ, അതിലേറെ ആത്മ വിശ്വാസത്തോടെ കിടന്നുറങ്ങി.

എന്തായാലും അത് ക്ലിക്ക് ആയി.

ശിവരാത്രി ദിനത്തില്‍ ""ഒലക്കേടെ മൂട്" പൊടി പൊടിച്ചു.
ഞങ്ങള്‍ കുട്ടികള്‍ തകര്‍ത്തഭിനയിച്ചു.
കുട്ടികള്‍ പൊരിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.

രോഗിയായിരുന്നു സ്റ്റാര്‍ ആയത് എങ്കിലും വെളിച്ചെണ്ണയില്‍ ഉമിക്കരി തേച്ചു മീശ വച്ച് പിടിപ്പിച്ചു , ഒരു കൂട്ടുകാരന്റെ നല്ല ഷര്‍ട്ടും പാന്റും വാടകക്ക് വാങ്ങി ഡോക്ടറായ എന്നെയും നാട്ടുകാര്‍ക്ക് "ക്ഷ" പിടിച്ചു.പോലീസ് ആയി തിളങ്ങിയ അടുത്ത സുഹൃത്തായ ഇബ്രാഹിമിനെയും ആള്‍ക്കാര്‍ നെഞ്ചിലേറ്റി.

(മറ്റേ നാടകത്തില്‍ ന്റെ ചേട്ടന്‍ നന്ദനന്‍ ഒരു വികാരിയായി അഭിനയിച്ചു ഖ്യാതി നേടി).

എന്തായാലും ഞങ്ങള്‍ക്ക് നാട്ടില്‍ കുറച്ചു ആരാധകരുണ്ടായി.

കുറച്ചു നാളേക്ക് പാടത്തു പണിക്കു പോകുന്ന വല്യമ്മമാരും, സമീപത്തുള്ള വീടുകളിലെ ഉമ്മാമ്മമാരും ഇത്താത്ത മാരും ചേച്ചികളും പിടിച്ചു നിറുത്തി പറയുന്നത് ഇതായിരുന്നു

" നന്നായി പഠിച്ചു നാടകത്തിലെ മാതിരി മോന്‍ വല്യേ ഡോക്ടര്‍ ആവണം ട്ടാ , ന്നിട്ട് ഞങ്ങളെ ഫ്രീ ആയി ചികില്‌സിക്കണം . ആവില്ലേ ?"

"ഉം.." ഞാന്‍ പറയും.

എന്നിട്ടു, എന്നത്തേയും പോലെ നല്ല ഒരു ചിരി പാസ്സാക്കും.

താമസിയാതെ അച്ഛന്റെ മരണം വീട്ടിലെ "ഇക്വിലിബ്രിയം" തകര്‍ത്ത സാഹചര്യത്തില്‍ ഡോക്ടര്‍ എന്ന പദം എന്റെ ചക്രവാളസീമകള്‍ക്കപ്പുറമായി.

എന്നാല്‍ നന്മയുടെ പ്രതീകങ്ങളും സ്‌നേഹ നിധികളുമായ കുറച്ചു അധ്യാപകരും സഹൃദയരായ കുറച്ചു നാട്ടുകാരും വീട്ടില്‍ വന്നു നിര്‍ബ്ബന്ധിച്ചു പ്രീ ഡിഗ്രിക്കും പിന്നെ എഞ്ചിനീറിങ്ങിനും തള്ളി വിട്ടു.

എഞ്ചിനീയറിംഗ് പഠനത്തിനിടയില്‍ ഇടയ്ക്ക് ഋൂൗശഹശയൃശൗാ എന്ന വാക്ക് കടന്നു വന്നപ്പോഴൊക്കെ കുട്ടിക്കാലത്തെ നാടകത്തെ ഓര്‍ത്തു .

കുമാരേട്ടനെയും കുട്ടേട്ടനെയും നാട്ടു കാരേയും ഓര്‍ത്തു.

ഒലക്കയെയും അതിന്റെ മൂടിനെപ്പറ്റിയും ഓര്‍ത്തു.

ഡിക്ഷനറിയില്‍ ഉള്ള അര്‍ത്ഥങ്ങളുടെ കൂടെ "ഒലക്കേടെ മൂട്" കൂടെ ഇക്വിലിബ്രിയത്തിന്റെ പര്യായമാകുന്നത് മനസ്സിലോര്‍ത്തു , ചിലപ്പോള്‍ സ്ഥലകാല ബോധമില്ലാതെ ക്ലാസിലിരുന്ന് ചിരിച്ചു !

Equilibrium - A state in which opposing forces or influences are balanced. A state of physical balance, A calm state of mind, composure AND "ഒലക്കേടെ മൂട്.."!


************** ശുഭം **************

(PS: കുമാരേട്ടന്‍ എന്ന പേര് സാങ്കല്പികമാണ്)

(ജീവിത നാടകത്തില്‍ "ഇക്വിലിബ്രിയം" തിരിച്ചെടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശവും എല്ലാ സഹായങ്ങളും നല്‍കിയ നല്ലവരായ അധ്യാപകരോടും , നാട്ടുകാരോടുമുള്ള നിസ്സീമമായ കടപ്പാട് ഇവിടെ ബഹുമാനപുരസ്സരം കുറിക്കട്ടെ!)

***** ****** ******* ****** ******* **
Join WhatsApp News
സിന്ധു രാജ് 2018-01-21 14:56:08
ഈ വാക്ക് പ്രീ ഡിഗ്രി ഫിസിക്സ് ഇൽ Surface Tension പഠിച്ചപ്പോൾ ആണ് 
മലയാളം സ്‌കൂൾ കഴിഞ്ഞെത്തിയ ഞാൻ ആദ്യമായി കേട്ടത് . 
ഉറക്കെ  വായിച്ചു  പഠിക്കുന്ന ശീലവും .. ഇത് കേട്ടു മടുത്ത എന്റെ നിരക്ഷര 
യായ പാവം അമ്മ .. നേരം വെളുത്തു അവൻ തുടങ്ങി "----"
ഈ വാക്കിന് ബദലായി ഒരു comedy വിശേഷണം 
ചേർത്ത് പറയുമായിരുന്നു ... പിന്നീട് 
ആ വാക്ക് ഒരു കോമഡി സ്‌കിറ്റ് ഇൽ 
ചേർത്ത് ആളുകളെ ഞാൻ ചിരിപ്പിച്ചു. തനി നാടൻ 
"ഗന്ധ രാജന്റെ " മണമുള്ള ഓർമ്മ കുറിപ്പുകൾ.
കൃത്രിമ അമേരിക്കൻ perfume ചേർക്കാത്ത ഓർമ്മകൾ 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക