Image

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് ദാവോസില്‍ അരങ്ങൊരുങ്ങി

Published on 21 January, 2018
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് ദാവോസില്‍ അരങ്ങൊരുങ്ങി

ദാവോസ്: സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് അരങ്ങൊരുങ്ങി. ജനുവരി 23 മുതല്‍ 26 വരെയാണ് ഉച്ചകോടി. 

1971 ല്‍ ജനീവയിലാണ് ക്ലോസ് ഷ്വാബ് ഇതിനു തുടക്കം കുറിച്ചത്. ആഗോള വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ലോക നേതാക്കള്‍ക്കും വ്യവസായ നേതാക്കള്‍ക്കും പൊതുവേദി ഒരുക്കുക എന്നതാണ് ലക്ഷ്യം.

ഇക്കുറി ഫോറത്തിന്റെ ഉപക്രമ പ്രസംഗം നടത്തുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റു നേതാക്കള്‍.

ഇതിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം വരുത്തിവയ്ക്കാന്‍ ശ്രമിക്കുന്ന അപകടങ്ങളുടെ പേരില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ അമേരിക്കക്കാര്‍ മാപ്പു പറയുന്നു.

വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ ട്രംപ് എത്തുന്ന പശ്ചാത്തലത്തില്‍, ഈ ശനിയാഴ്ചയാണ് മാപ്പു പറയല്‍ ചടങ്ങ് സൂറിച്ചില്‍ സംഘടിപ്പിച്ചത്. വെര്‍ഡ്മൂല്‍പ്ലാറ്റ്‌സില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു 2 വരെയായിരുന്നു പരിപാടി. ഇതുവഴി ആ സമയത്ത് കടന്നു പോകുന്ന എല്ലാവരോടും സംഘാംഗങ്ങള്‍ ട്രംപിന്റെ പ്രവൃത്തികളുടെ പേരില്‍ മാപ്പു ചോദിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലാണ് വേള്‍ഡ് ഇക്കണോമിക് ഫോറം നടക്കുന്നത്. ബില്‍ ക്ലിന്റന്‍ 2000ത്തില്‍ പങ്കെടുത്ത ശേഷം ആദ്യമായാണ് ഒരു ് അമേരിക്കന്‍ പ്രസിഡന്റ് ഇതില്‍ പങ്കെടുക്കാനെത്തുന്നത്. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ സ്വിറ്റ്‌സര്‍ലന്‍ഡിലും യൂറോപ്പില്‍ ആകമാനവും പ്രതിഷേധം ശക്തമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക