Image

എച്ച്1ബി വിസ നയം മാറുമോ? (ലൗഡ് സ്പീക്കര്‍ 20: ജോര്‍ജ് തുമ്പയില്‍)

Published on 21 January, 2018
എച്ച്1ബി വിസ നയം മാറുമോ? (ലൗഡ് സ്പീക്കര്‍ 20: ജോര്‍ജ് തുമ്പയില്‍)
പ്രസിഡന്റ് ട്രംപിനെതിരേ അമേരിക്കന്‍ വ്യവസായ സംഘടന രംഗത്ത് വന്നിരിക്കുന്നുവെന്നാണ് ഈയാഴ്ചയിലെ വലിയ വിശേഷങ്ങളിലൊന്ന്. നേരത്തെ സംഘടനയ്ക്ക് വേണ്ടി ഉദാരമായ സമീപനം കൈക്കൊള്ളുമെന്ന നിലയ്ക്ക് ട്രംപിന് ഏറെ പിന്തുണ നല്‍കിയ പ്രസ്ഥാനമാണിത്. ഇപ്പോള്‍ സംഗതി തിരിഞ്ഞു കൊത്തുകയാണ്. രാജ്യത്തു സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് എച്ച്.1 ബി വിസ ദീര്‍ഘിപ്പിച്ച നല്‍കില്ലെന്നത് തെറ്റായ നടപടിയാണെന്നാണ് സംഘടനയുടെ അഭിപ്രായം. ഇത് അമേരിക്കന്‍ വ്യവസായത്തെയും സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് വക്താവ് വ്യക്തമാക്കുന്നു. ഇതു കാര്യം സത്യമാണെങ്കിലും ട്രംപ് ഇക്കാര്യത്തില്‍ വായ് തുറന്നിട്ടില്ല. 70,000 ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് യു.എസ് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്രസ്താവനയെന്നതും ഏറെ ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ ഇന്ത്യക്കാരെല്ലാം തന്നെ സംഘടനയ്‌ക്കൊപ്പം നില്‍ക്കുമെന്നു വേണം കരുതാന്‍. കാരണം, അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഈ വിസയാണ് ഉപയോഗിക്കുന്നത്. വിദഗ്ധ മേഖലകളില്‍ തൊഴിലെടുക്കാന്‍ ആവശ്യത്തിന് സ്വദേശികളെ കിട്ടാത്തതു കാരണം പല അമേരിക്കന്‍ കമ്പനികളും ഈ മേഖലയില്‍ നിന്നുള്ള ഇന്ത്യക്കാരെയാണ് ഉപയോഗിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍, അമേരിക്കക്കാര്‍ക്ക് പ്രാധാന്യം നല്‍കുകയെന്ന ട്രംപിന്റെ നയം പുറത്ത് വന്നതോടെ പ്രശ്‌നം വഷളാവുകയാണ്. ഇനി എന്തൊക്കെ കാണണം?

**** ***** *****

രാജ്യത്തിന്റെ പലേടത്തും ശക്തമായ മഞ്ഞു വീഴ്ച തുടങ്ങിക്കഴിഞ്ഞു. കണക്ടിക്കറ്റിലെ ഹാട്ട്‌ഫോഡില്‍ നിന്നും ഒരു അറിഞ്ഞ ഒരു വാര്‍ത്ത ഇപ്പോള്‍ ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. സംഭവം ഇതാണ്. പ്രദേശത്തെ, ശക്തമായ ശൈത്യത്തില്‍ വീടിന് പുറത്ത് നിര്‍ത്തിയ നായ തണുത്തുറഞ്ഞ് മരിച്ചു. ഇതിനിടയാക്കിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍. മൃഗങ്ങള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങളുടെ വകുപ്പ് ചേര്‍ത്താണ് മിഷന്‍ ബെനറ്റ് എന്ന ഉടമസ്ഥയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആഡംസ് സ്ട്രീറ്റില്‍ നിന്നുമാണ് ഉടമസ്ഥയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് 2500 ഡോളര്‍ ജാമ്യത്തുകയില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പിറ്റ്ബുള്‍ വര്‍ഗത്തില്‍പ്പെട്ട നായ തണുത്ത് ഐസായി നില്‍ക്കുകയായിരുന്നു. നായ ഏകദേശം ഒരു മാസമായി പുറത്ത് കൊടും തണുപ്പില്‍നിന്നിട്ടുണ്ടാവാമെന്നാണ് പൊലീസ് നിഗമനം. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ അമേരിക്കയില്‍ നടക്കുന്നുണ്ടെങ്കിലും ഒരാളെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്യുന്നതൊക്കെയും അപൂര്‍വ്വമാണ്. സ്വന്തം വീട്ടുമൃഗങ്ങള്‍ ഉള്ളവര്‍ ഒന്നു ജാഗരൂകരായിക്കൊള്ളു. തണുപ്പ് ശക്തമായി കൊണ്ടിരിക്കുകയാണ്, അറിയാതെ പോലും ഏതെങ്കിലും മൃഗം നിങ്ങളുടെ വളപ്പിനുള്ളില്‍ കയറുകയോ, മരണപ്പെടുകയോ ചെയ്താല്‍ ഒരു പക്ഷേ പോലീസ് സ്‌റ്റേഷന്‍ കയറി ഇറങ്ങേണ്ടി വരുമെന്നാണ് പറഞ്ഞു വരുന്നത്. അതു കൊണ്ട്, ഇത്തരം വാര്‍ത്തകള്‍ നാലാളുകള്‍ അറിയട്ടെ.

**** ***** *****
ബോളിവുഡ് സുന്ദരി ആഞ്ജലീന ജോളിയെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പ്രായം 42 കഴിഞ്ഞെങ്കിലും ഇന്നും ആ സൗന്ദര്യത്തിനു തെല്ലും കുറവില്ല. മൂന്നാം ഭര്‍ത്താവായ ബ്രാഡ് പിറ്റിനൊപ്പം സുഖമായി കഴിയുന്ന ജോളിക്ക് കുട്ടികള്‍ ആറ്. എന്നാല്‍ ഇതൊന്നുമല്ല ഈ ഓസ്കര്‍ അഭിനേത്രിയുടെ പുതിയ വാര്‍ത്ത. ആഞ്ജലീന അവതരിപ്പിച്ച കഥാപാത്രങ്ങളിലെ ഏറ്റവും മികച്ച കഥാപാത്രമായ മെയില്‍ഫീസെന്റിന്റെ രണ്ടാം ഭാഗം വരുന്നു. സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ ലണ്ടനില്‍ ആരംഭിക്കുന്നു. അതാണ് ഹോളിവുഡില്‍ നിന്നും കേള്‍ക്കുന്ന പുതിയ വര്‍ത്തമാനം. ജോക്കിം റോണിങിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫാന്റസി ചിത്രത്തില്‍ മന്ത്രവാദിയുടെ വേഷത്തിലാണ് ജോളി എത്തുന്നത്. ബോക്‌സ് ഓഫീസില്‍ 750 മില്യണ്‍ യുഎസ് ഡോളര്‍ നേടിയ ചിത്രമാണ് മെയില്‍ഫീസെന്റ്. ജോളിയുടെ ആരാധകരും കാത്തിരിക്കുന്നു, പുതിയ വിശേഷങ്ങള്‍ക്കായി. പുതുവര്‍ഷത്തില്‍ ആഞ്ജലനീയുടെ പുതിയ സിനിമയും ഇതു തന്നെ.

**** ***** *****

ബഹിരാകാശ യാത്രികന്‍ ജോണ്‍ യംഗ് ഇനിയില്ല. ചന്ദ്രനില്‍ ഇറങ്ങിയ ഒമ്പതാമത്തെ മനുഷ്യനാണ് ജോണ്‍ യംഗ്. കഴിഞ്ഞയാഴ്ച അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. ചന്ദ്രനിലിറങ്ങുകയും അവിടെ നിന്നു ഭൂമിയുടെ ചിത്രം പകര്‍ത്തുകയും ചെയ്ത ഈ ശാസ്ത്രകേസരിയുടെ നഷ്ടം സ്മരിക്കാതെ വയ്യ. നാസയുടെ ആദ്യ സ്‌പേസ് ഷട്ടില്‍ ഫ്‌ളൈറ്റിന്റെ കമാണ്ടര്‍ പൈലറ്റായിരുന്നു യംഗ്. 1972-ല്‍ അപ്പോളോ 16-ന്റെ കമാന്‍ഡറായാണ് ജോണ്‍ യംഗ് ചന്ദ്രനിലറങ്ങിയതും നടന്നതും. ആറ് തവണ ബഹിരാകാശ യാത്ര നടത്തി. ജെമിനി, അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായിരുന്നു. 1962-ല്‍ നീല്‍ ആംസ്‌ട്രോംഗിനും പീറ്റ് കോണ്‍റാഡിനും ഒപ്പം നാസയുടെ സെക്കന്‍ഡ് അസ്‌ട്രോണറ്റ് ക്ലാസിന്റെ ഭാഗഭാക്കായി. 1980-കളില്‍ കൊളംബിയ സ്‌പേസ് ഷട്ടിലുകളിലും ജോണ്‍ യംഗിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജീവിതത്തിന്റെ അവസാനത്തെ 17 വര്‍ഷങ്ങള്‍ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലായിരുന്നു യംഗ്. ഓരോ വലിയ പ്രതിഭകളും നഷ്ടപ്പെടുമ്പോഴും അതിനേക്കാളും വലിയ മഹാന്മാര്‍ ഉദയം ചെയ്യുന്നുണ്ടെന്നതു സത്യം. എന്നാല്‍ നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ തന്നെയാണല്ലോ.
എച്ച്1ബി വിസ നയം മാറുമോ? (ലൗഡ് സ്പീക്കര്‍ 20: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക