Image

സാനിറ്ററി നാപ്‌കിന്‌ 12 ശതമാനം ജി എസ്‌ ടി സ്‌ത്രീ വിരുദ്ധ: സുപ്രീം കോടതിയില്‍ ഹര്‍ജി

Published on 23 January, 2018
സാനിറ്ററി നാപ്‌കിന്‌ 12 ശതമാനം ജി എസ്‌ ടി സ്‌ത്രീ വിരുദ്ധ: സുപ്രീം കോടതിയില്‍ ഹര്‍ജി
സാനിറ്ററി നാപ്‌കിന്‌ 12 ശതമാനം ജി എസ്‌ ടി ചുമത്തുന്നതിനെ എതിര്‍ത്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ഇതേ കേസ്‌ ബോംബെ, ഡല്‍ഹി ഹൈക്കോടതികള്‍ പരിഗണിക്കുന്നത്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച്‌ സ്‌റ്റേ ചെയ്‌തു. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ട്രാന്‍സ്‌ഫര്‍ പെറ്റീഷന്‍ പരിഗണിച്ചാണ്‌ ഈ ഉത്തരവ്‌.


ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പി എച്‌ ഡി വിദ്യാര്‍ത്ഥിയായ സര്‍മീന ഇസ്‌റാര്‍ ഖാന്‍ ആണ്‌ ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്‌ . ഉയര്‍ന്ന നികുതി ചുമത്തിയത്‌ സ്‌ത്രീകള്‍ക്കെതിരായ പക്ഷപാതപരമായ നീക്കവും ഭരണഘടനാ വിരുദ്ധവുമാണെന്ന്‌ ഹര്‍ജിക്കാരി പറയുന്നു. 

ഇന്ത്യയില്‍ 70 ശതമാനത്തോളം സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളുണ്ട്‌. ആര്‍ത്തവ സമയത്തു ശുചിത്വം പാലിക്കാന്‍ കഴിയാതെ വരുന്നതാണ്‌ ഇതിനു പ്രധാന കാരണം. സാനിറ്ററി നാപ്‌കിനുകള്‍ക്ക്‌ വില വര്‍ധിക്കുന്നത്‌ സ്‌ത്രീകള്‍ക്ക്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത്‌ പല വിധ ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും ഹര്‍ജിക്കാരി വാദിക്കുന്നു.

കോണ്ടം ഉള്‍പ്പടെ ലൈംഗീക സംബന്ധമായ പല സാധനങ്ങള്‍ക്കും ജി എസ്‌ ടി നിരക്ക്‌ പൂജ്യമാണ്‌. സുരക്ഷിതമായ ലൈംഗീക ബന്ധം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇത്‌ എന്നാണ്‌ വ്യഖ്യാനം. എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ ഏറ്റവും അത്യാവശ്യമായ സാനിറ്ററി നാപ്‌കിന്‌ 12 ശതമാനം നികുതി ഈടാക്കുന്നത്‌ വിവേചനപരമാണെന്നും അവര്‍ വാദിക്കുന്നു. ആര്‍ത്തവ സമയത്‌ നാപ്‌കിന്റെ ഉപയോഗം കുറയുന്നതിന്‌ വില വര്‍ധന കാരണമാകും.
ഷെട്ടി വിമന്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ്‌ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക