Image

എംകെസിഎയ്ക്ക് നവനേതൃത്വം; ജിജി എബ്രഹാം പ്രസിഡന്റ്, ജിജോ കിഴക്കേകാട്ടില്‍ സെക്രട്ടറി

Published on 23 January, 2018
എംകെസിഎയ്ക്ക് നവനേതൃത്വം; ജിജി എബ്രഹാം പ്രസിഡന്റ്, ജിജോ കിഴക്കേകാട്ടില്‍ സെക്രട്ടറി

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. പ്രസിഡന്റായി ജിജി എബ്രഹാമും, ജനറല്‍ സെക്രട്ടറിയായി ജിജോ കിഴക്കേകാട്ടിലും, ട്രഷററായി ടോമി തോമസും തെരഞ്ഞെടുക്കപ്പെട്ടു. സുനു ഷാജി വൈസ് പ്രസിഡന്റ്, ഷാജി മാത്യു ജോയിന്റ് സെക്രട്ടറി, റോയ് മാത്യു ജോയിന്റ് ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. ബിജു. പി. മാണിയാണ് പുതിയ കള്‍ച്ചറല്‍ കോഡിനേറ്റര്‍. റെജി മടത്തിലേട്ട്, തോമസ് ജോണ്‍ എന്നിവര്‍ അഡ്വൈസര്‍മാരാകും.

യുകെകെസിഎ വിമന്‍സ് ഫോറത്തിലേക്ക് എംകെസിഎയുടെ പ്രതിനിധിയായി നിയമിതയായ ജെസിമോള്‍ ബൈജുവിനെ ജോയിന്റ് ട്രഷററായി തെരഞ്ഞെടുത്തു. എംകെസിഎ വിമന്‍സ് ഫോറം പ്രസിഡന്റായി ലിസി ജോര്‍ജും, സെക്രട്ടറിയായി ബിന്ദു മേയ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പുതിയതായി ചുമതല ഏറ്റെടുത്ത കമ്മിറ്റിയുടെ കര്‍മ്മ പരിപാടിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക വഴി ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ചു മുന്നോട്ട് പോവുകയും, ക്‌നാനായ സമുദായത്തിലെ ഐക്യവും സഹകരണവും ഊട്ടിയുറപ്പിക്കുകയും ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് ജിജി എബ്രഹാം പറഞ്ഞു. 

സമൂഹത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി രക്തദാന ക്യാന്പ് സംഘടിപ്പിക്കുകയാണ്. ആദ്യത്തെ രക്തദാന ക്യാന്പ് ഫെബ്രുവരി നാലിന് ഹാള്‍ മാര്‍ക്ക് ഹോട്ടല്‍, ഹാന്‍ഡ്‌സ്‌ഫോര്‍ത്തില്‍ വച്ചു നടത്തപ്പെടുന്നു. തുടര്‍ന്ന് മാഞ്ചസ്റ്ററിന്റെ നാനാഭാഗത്തുമുള്ള എല്ലാ സംഘടനാംഗങ്ങള്‍ക്കും സൗകര്യപ്രധാനമായ രീതിയില്‍ പലയിടങ്ങളിലായി രക്തദാന ക്യാന്പുകള്‍ സംഘടിപ്പിക്കുന്നതായിരിക്കും. ക്‌നാനായ വിശ്വാസികളുടെ ആദ്ധ്യാത്മികവും, ഭൗതികവുമായ വളര്‍ച്ച ലക്ഷ്യംവച്ചു കൊണ്ടും സഹോദര ക്രിസ്തീയ വിഭാഗങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച് മുന്നോട്ട് പോവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒപ്പം വരും വര്‍ഷങ്ങളില്‍ സംഘടനയുടെ വളര്‍ച്ചക്കാവശ്യമായ സഹായവും, സഹകരണവും എല്ലാ ക്‌നാനായക്കാരില്‍ നിന്ന് ഉണ്ടാവണമെന്ന് സെക്രട്ടറി ജിജോ കിഴക്കേകാട്ടില്‍ അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക