Image

പൊങ്കാല: ഏത് ഈശ്വരനെയാണു നിങ്ങള്‍ പ്രീതിപ്പെടുത്താന്‍ പോകുന്നത്?

അശോക് കര്‍ത്ത/ ഫെയ്‌സ്ബുക്ക് Published on 23 January, 2018
പൊങ്കാല: ഏത് ഈശ്വരനെയാണു നിങ്ങള്‍ പ്രീതിപ്പെടുത്താന്‍ പോകുന്നത്?

ഈ കലങ്ങളിലെല്ലാം അരിയിട്ട് തിളപ്പിച്ച് ഏത് ഈശ്വരനെയാണു നിങ്ങള്‍ പ്രീതിപ്പെടുത്താന്‍ പോകുന്നത്? തമിഴ്‌നാട്ടിലെ മണ്‍കലച്ചെട്ടിമാരും, അരിക്കച്ചവടക്കാരുമാണോ നിങ്ങളുടെ ദൈവങ്ങള്‍? തലേദിവസംവരെ ഹാംബര്‍ഗറും, പിസായും, ഫാസ്റ്റ്ഫുഡുമായി നടന്നിട്ട് ഒരുദിവസം കാലത്തെഴുന്നേറ്റ് പൊങ്കാലയ്ക്കു അടുപ്പുകത്തിക്കാനിരിക്കുന്നതില്‍ എന്തു ഭക്തി? ഗ്യാസില്ലെങ്കില്‍, ഇന്‍ഡക്ഷന്‍കുക്കറില്ലെങ്കില്‍ വീട്ടില്‍ കാലഹിച്ച് അരിവക്കാത്തവരാണു വഴിയരികില്‍ കുത്തിയിരുന്നു പൊങ്കാലയടുപ്പുകള്‍ ഊതിക്കത്തിക്കുന്നത്. പുകയേറ്റ് മേക്കപ്പ് കരിവാളിക്കാതിരിക്കാന്‍ ടിഷുപേപ്പറുമായി നടക്കുന്നവര്‍. എത്ര അപഹാസ്യമാണു ഈ നാട്യം.

തമിഴന്റെ 'പൊങ്കലാ'ണു മലയാളി ചരിത്രമറിയാതെ അനുകരിക്കുന്നത്. വിളവെടുപ്പിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ പൊങ്കല്‍ ഉത്സവങ്ങളുണ്ട്. മധുര മീനാക്ഷിക്ഷേത്രത്തിലെ ഉത്സവത്തിനു ഏറെ പ്രാധാന്യമുണ്ട്. അതിന്റെ വികൃതാനുകരണമാണു മലയാളിയുടെ പൊങ്കാല.

തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷിക്കുന്നത് വിളവെടുപ്പുത്സവമായാണു. നല്ലവിളവുതന്നതിനു ദൈവത്തോടുള്ള കൃതജ്ഞത. അതു പൊങ്കല്‍ വച്ച് അവര്‍ ആഘോഷിക്കുന്നു. നിലം തരിശിട്ടിരിക്കുന്ന മലയാളിക്ക് എന്തു വിളവെടുപ്പുത്സവം?

തമിഴ്‌നാടിനോട് ചാര്‍ച്ചയുണ്ടായിരുന്ന ആറ്റുകാലില്‍ മാത്രമായിരുന്നു കേരളത്തില്‍ പൊങ്കാലയുണ്ടായിരുന്നത്. 'പുത്തരിക്കണ്ട' ത്തിലെ (പിന്നീട് സി.പി. ആ വയല്‍ നികത്തി മൈതാനമാക്കി) വിളവെടുപ്പിന്റെ ഭാഗമായാവണം ആറ്റുകാലില്‍ പൊങ്കല്‍ ആഘോഷം തുടങ്ങിയത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ തമിഴ്‌നാട് ചാര്‍ച്ച അതിനു പ്രോത്സാഹനവും കൊടുത്തിരിക്കണം. എന്നിട്ടും തിരുവിതാംകൂര്‍ രാജവംശത്തിനു അധികാരമുണ്ടായിരുന്ന മറ്റുക്ഷേത്രങ്ങളില്‍ പൊങ്കല്‍ ഉത്സവത്തിനു നിര്‍ദ്ദേശം നല്‍കിയില്ല എന്നതാണു വസ്തുത.

നിറപുത്തരിയാണു മലയാളിയുടെ വിളവെടുപ്പുത്സവത്തിന്റെ പ്രതീകം. മിക്കക്ഷേത്രങ്ങളിലും അതു പ്രധാന്യത്തോടെ ആഘോഷിക്കുന്നുണ്ട്. ഹരിപ്പാട്ടും ഗുരുവായൂരും ശബരിമലയിലും അതു വലിയ വിശേഷത്തോടെയാണു ആചരിക്കുന്നത്. ക്ഷേത്രങ്ങള്‍ക്ക് പുറമെ കര്‍ഷകര്‍ നെല്‍ക്കതിര്‍ വീടുകളില്‍ തൂക്കിയിടുകയും ചെയ്തിരുന്നു. വിളവെടുപ്പിനു തൊട്ടുപിന്നാലെ ഓണം വരുന്നതുകൊണ്ട് പൊങ്കലിനു സമാനമായി സദ്യവച്ചാണു ആഘോഷം.

കേരളത്തിലെ ഏതെങ്കിലും ക്ഷേത്രത്തില്‍ പൊങ്കാലയ്ക്കു ദേവസ്വം പടിത്തരമുണ്ടോ? എന്റെയറിവില്‍ ഇല്ല. പിന്നെയെങ്ങനെയാണു ക്ഷേത്രങ്ങളില്‍ പൊങ്കാല കടന്നുകൂടിയത്?

ഇതരമതസ്ഥര്‍ വിശ്വാസികളെ പെരുനാളിനും മറ്റുമൊക്കെയായി തെരുവിലിറക്കുന്നതുകണ്ടപ്പോള്‍ ആരുടെയോ മനസിലുദിച്ച ആശയമായിരിക്കണം പൊങ്കാല! കലം, അരി, ശര്‍ക്കര, ഇഷ്ടികകച്ചവടക്കാര്‍ അതിനെ പ്രോത്സാഹിപ്പിച്ചു. കമ്മീഷനുപുറമെ അടുപ്പുകൂട്ടാന്‍ സ്ഥലം അനുവദിക്കുന്നതുവഴി കമ്മിറ്റിക്കു വരുമാനവും കിട്ടും. കാണിക്കതടയുമെന്നതുകൊണ്ട് പൂജാരിമാരും ഹാപ്പി.

പക്ഷെ തന്ത്രിമാര്‍ എങ്ങനെ ഇതിനു അനുമതി കൊടുത്തു! അവര്‍ക്കും കിട്ടുന്നുണ്ടാകും വിഹിതം. അല്ലെങ്കില്‍ ക്ഷേത്രകമ്മിറ്റി - ജോതിഷി - വണിക് മാഫിയായുടെ ഭീഷണിക്ക് വഴങ്ങിയതാവാം. ശബരിമലയിലും, ഗുരുവായൂരുമൊക്കെ തന്ത്രത്തിന്റെ യാഥാസ്ഥിതിക മുറുകെപ്പിടിക്കുന്ന തന്ത്രിമാര്‍ ക്ഷേത്രാചാരവിരുദ്ധമായ ഉപാസനയ്ക്ക് അരുനില്‍ക്കുന്നത് അക്ഷന്തവ്യമാണു. പരശുരാമാദികള്‍ സ്ഥാപിച്ച കേരളത്തിലെ ഒരു ക്ഷേത്രത്തിലും പൂജകനല്ലാതെ ആരും അര്‍പ്പിക്കുന്ന നിവേദ്യം സ്വീകാര്യമല്ല. അതിന്റെ പുറത്തിത്തിരി വെള്ളം തളിച്ചെന്നുവച്ചു അതു ഈശ്വരന്‍ സ്വീകരിച്ചു എന്നു ഭക്തര്‍ വിശ്വസിക്കുകയും ചെയ്യരുത്.

കേരളത്തിന്റെ ക്ഷേത്രപാരമ്പര്യം തകരുക തന്നെയാണു. പൊങ്കാല നടത്തി അതിനു ആക്കം കൂട്ടുന്ന എല്ലാ ഭാക്തശിരോമണികള്‍ക്കും നല്ല നമസ്‌കാരം! 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക