Image

ഇഷ്ടമില്ലാത്തവര്‍ `പദ്‌മാവത്‌' കാണേണ്ടന്ന്‌ സുപ്രീംകോടതി

Published on 24 January, 2018
ഇഷ്ടമില്ലാത്തവര്‍ `പദ്‌മാവത്‌' കാണേണ്ടന്ന്‌ സുപ്രീംകോടതി

ന്യൂദല്‍ഹി: സഞ്‌ജയ്‌ ലീല ബന്‍സാലി ചിത്രം പദ്‌മാവതിന്റെ റിലീസ്‌ ചെയ്യാന്‍ അനുമതി നല്‍കിയ ഉത്തരവ്‌ പിന്‍വലിക്കില്ലെന്ന്‌ സുപ്രീംകോടതി. റിലീസിനു നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ രാജസ്ഥാന്‍, മധ്യപ്രദേശ്‌ സര്‍ക്കാരുകള്‍ നല്‌കിയ ഹര്‍ജികള്‍ തള്ളിയാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ റിലീസ്‌ തടയാന്‍ കഴിയില്ലെന്ന ആവര്‍ത്തിച്ചത്‌.

ക്രമസമാധാനപ്രശ്‌ന സാധ്യത മുന്നില്‍ക്കണ്ട്‌ വിവാദചിത്രങ്ങളുടെ പ്രദര്‍ശനം തടയാന്‍ സിനിമാ നിയമത്തിലെ ആറാംവകുപ്പ്‌ സര്‍ക്കാരുകള്‍ക്ക്‌ അധികാരം നല്‍കുന്നുണ്ടെന്ന്‌ ഇരുസംസ്ഥാനങ്ങളും വാദിച്ചു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ്‌ അംഗീകരിച്ച സിനിമയുടെ പ്രദര്‍ശനം തടയുന്ന ഘട്ടത്തിലേക്ക്‌ കടക്കാനാവില്ലെന്ന്‌ വ്യക്തമാക്കിയ കോടതി ഉത്തരവ്‌ നടപ്പിലാക്കണമെന്നും ആവര്‍ത്തിച്ചു.

എവിടെയെങ്കിലും കുഴപ്പങ്ങളുണ്ടായാല്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന്‌ പ്രദര്‍ശനം തടയാന്‍ അനുവദിക്കണമെന്ന്‌ സംസ്ഥാനങ്ങള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, കുഴപ്പങ്ങളുണ്ടാകുമെന്ന മുന്‍ധാരണയിലാണ്‌ നിങ്ങളെന്നു വിമര്‍ശിച്ച കോടതി, തങ്ങളുടെ ഉത്തരവ്‌ ആദ്യം നടപ്പാക്കണമെന്നും പ്രശ്‌നങ്ങളുണ്ടായാല്‍ അപ്പോള്‍ കോടതിയെ സമീപിക്കാമെന്നും പറഞ്ഞു.

സിനിമയില്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നാരോപിച്ച്‌ കര്‍ണിസേന ചിത്രം റിലീസ്‌ ചെയ്യുന്ന ജനുവരി 25 നു ഭാരത്‌ ബന്ദിനു ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക