Image

കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിന്റെ അധികാര കൈമാറ്റം ടെക്‌സസില്‍ നടന്നു

Published on 26 January, 2018
കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിന്റെ അധികാര കൈമാറ്റം ടെക്‌സസില്‍ നടന്നു
ടെക്‌സാസ്: കഴിഞ്ഞ ഏതാനും മാസങ്ങളായി ജനശ്രദ്ധയാകര്‍ഷിച്ച ടെക്‌സാസിലെ റോയിസ് സിറ്റിയിലുള്ള കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിന്റെ (കെ.സി.എ.എച്ച്.)അധികാര കൈമാറ്റം ജനുവരി 20- ശനിയാഴ്ചറോയി സിറ്റിയിലുള്ള കെ.സി.എ.എച്ചിന്റെ ഓഫീസില്‍ വെച്ചു നടന്നു.

ഡിസംബര്‍ 2-ാം തീയതി നടത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച പുതിയ പ്രസിഡന്റ് തോമസ് കൂവള്ളൂരിന് കമ്പനിയുടെ ആരംഭം മുതല്‍ക്കുള്ള റിക്കാര്‍ഡുകള്‍ മുന്‍ പ്രസിഡന്റ് വെരി. റവ. ഫാ. പുത്തൂര്‍കുടിലില്‍ കോര്‍ എപ്പിസ്‌ക്കോപ്പ കൈമാറി.

പ്രസ്തുത ചടങ്ങില്‍ മുന്‍ വൈസ് പ്രസിഡന്റ് റവ. ഡോ. പി. പി. ഫിലിപ്പ്, മുന്‍ ട്രഷറര്‍ മൈക്കിള്‍ കല്ലറയ്ക്കല്‍ എന്നിവരും, പുതിയ ബോര്‍ഡ് മെമ്പര്‍മാരായജോര്‍ജ് ഏബ്രഹാം (തമ്പി),ബേബി തോട്ടുകടവില്‍ എന്നിവരും സന്നിഹിതരായിരുന്നു.

കെ.സി.എ.എച്ചിന്റെ സൂത്രധാരനായ റവ.ഫാ.പുത്തൂര്‍ കുടിലില്‍ മെമ്പര്‍മാരുടെ സഹകരണം വേണ്ടവിധത്തില്‍ തനിക്ക് കിട്ടാതെ പോയതിനാലും, തന്നോടൊപ്പമുണ്ടായിരുന്ന ചിലരുടെപിടിപ്പ് കേടുമൂലവുമാണ് തുടക്കത്തില്‍ പ്ലാന്‍ ചെയ്തിരുന്നതനുസരിച്ച് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയത് എന്നു പറഞ്ഞു.

2005-2006 കാലഘട്ടത്തില്‍ 150 മെമ്പര്‍മാരില്‍ നിന്നും ഷെയര്‍ ഒന്നിന് 25,000 ഡോളര്‍ വച്ച് മൊത്തം മൂന്നേ മുക്കാല്‍ മില്ല്യന്‍ ഡോളര്‍ പിരിച്ചെടുത്ത് ആ തുകയില്‍ നിന്നും 2.7 മില്ല്യന്‍ ഡോളര്‍ കൊണ്ട് റോയിസ് സിറ്റിയില്‍ 432 ഏക്കര്‍ ഭൂമി വാങ്ങിച്ചിരുന്നു. 2008 ഓടുകൂടി പ്രസ്തുത സ്ഥലത്ത് 700 വീടുകള്‍ നിര്‍മ്മിച്ച് പ്രായമായവര്‍ക്ക്സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.പക്ഷേ 13 വര്‍ഷത്തെ ശ്രമഫലമായി വെറും 17 വീടുകള്‍ മാത്രമേ വയ്ക്കാന്‍കഴിഞ്ഞുള്ളൂ.

150 മെമ്പര്‍മാരില്‍ നിന്നും വാങ്ങിയ തുകയ്ക്കുള്ള സ്ഥലത്തില്‍ നിന്നും കുറഞ്ഞത് ഒരു വീടുവയ്ക്കാനുള്ള സ്ഥലമെങ്കിലും മെമ്പര്‍മാര്‍ക്കു മാറ്റിയിട്ടിട്ടില്ല.ഒരു പരിധി കഴിഞ്ഞപ്പോള്‍ പണം മുടക്കിയ പ്രായമായ മെമ്പര്‍മാരെ അപ്പാടെ മറന്നത്നീതീകരിക്കാനാവുകയില്ല എന്ന് പുതിയ പ്രസിഡന്റ് തോമസ് കൂവള്ളൂര്‍ പറയുകയുണ്ടായി.

മെമ്പര്‍മാരില്‍ നിന്നും സമാഹരിച്ച മൂന്നേമുക്കാല്‍ മില്ല്യന്‍ ഡോളറിനു പുറമെ മെമ്പര്‍മാരില്‍ നിന്നു തന്നെ 8% പലിശ കൊടുക്കാമെന്ന വ്യവസ്ഥയില്‍ 2 മില്യനിലധികംഇക്കൂട്ടര്‍ വാങ്ങിച്ചിരുന്നു. ഇവയ്ക്കെല്ലാം പുറമെ രണ്ട് പണമിടപാടുകാരില്‍ നിന്നും 8% പലിശയ്ക്ക് 5 മില്യന്‍ ഡോളര്‍ വേറെയുംവാങ്ങി. ഇപ്പോള്‍ പണം മുടക്കിയ മെമ്പര്‍മാര്‍ക്ക് അവര്‍ മുടക്കിയ പണവുമില്ല, സ്ഥലവുമില്ല, എന്ന അവസ്ഥയിലാണ്.

കെ.സി.എ.എച്ചിന്റെ പേരില്‍ ഒന്നും അവശേഷിപ്പിക്കാതെ ഉണ്ടായിരുന്ന സ്ഥലവും, എന്തിനേറെ ഓഫീസ് കെട്ടിടം വരെ ഹോം ഓണേഴ്‌സ് അസ്സോസിയേഷന്‍ എന്ന പേരില്‍ ഒന്നുണ്ടാക്കി അതിന്റെ പേരില്‍ എഴുതിക്കൊടുത്തു എന്ന് അറിയുന്നത് അധികാരകൈമാറ്റ സമയത്താണ്.

ഇങ്ങിനെയുള്ള ഒരു സാഹചര്യത്തില്‍ കെ.സി.എ.എച്ചിനെ പ്രതിനിധീകരിക്കുന്ന പുതിയ ഭരണസമിതിക്ക് നിരവധി പ്രശ്‌നങ്ങളെ നേരിടേണ്ടതായി വന്നിരിക്കുകയാണ്. ബോര്‍ഡ് മെമ്പര്‍മാര്‍ ആത്മാര്‍ഥമായി തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നപക്ഷം മെമ്പര്‍മാരുടെ സഹകരണത്തോടെ പ്രസ്ഥാനത്തെ നേര്‍വഴിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതായിരിക്കുമെന്നും പുതിയ പ്രസിഡന്റ് പറയുകയുണ്ടായി.

പുതിയ ഭരണസമിതി അധികാരമേറ്റശേഷം ജനങ്ങള്‍ക്ക് തങ്ങള്‍ മുടക്കിയ പണത്തിന്റെ ഒരു ഭാഗമെങ്കിലും കിട്ടാന്‍ സാദ്ധ്യതയുണ്ട് എന്ന പ്രത്യാശ ജനിച്ചു തുടങ്ങിയിട്ടുണ്ട്.

അഞ്ചര മില്ല്യനിലധികം പണം മുടക്കിയ മെമ്പര്‍മാര്‍ക്ക് അവരോടു വാങ്ങിയ പണം തിരിച്ചു കൊടുക്കാതെഅവരുടെ പണം കൊണ്ടു വാങ്ങിയ ഭൂമി അവരോടു ചോദിക്കുകപോലും ചെയ്യാതെ കൈമാറ്റം ചെയ്തു എന്നുള്ളത് ഒരിക്കലും നീതീകരിക്കാവുന്നതല്ല. ഭൂമി കൈമാറ്റം ചെയ്യുന്നതിനുമുമ്പ് കമ്പനി നിയമപ്രകാരം മെമ്പര്‍മാരുടെ പൊതുയോഗം വിളിച്ചു കൂട്ടിയശേഷം അവരുടെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ മുന്‍ ഭരണസമിതി വീഴ്ചവരുത്തിയതായി കാണാന്‍ കഴിയും.

സാധിക്കുമെങ്കില്‍ കേസിനുപോകാതെ തന്നെ ഒത്തു തീര്‍പ്പിലെത്തിക്കാനാണ് പുതിയ ഭരണ നേതൃത്വത്തിന്റെ പ്ലാന്‍. അതിന് വീടുവച്ചു താമസിക്കുന്ന ഹോം ഓണേഴ്‌സ് അസ്സോസിയേഷനില്‍പ്പെട്ടവര്‍ തയ്യാറാകാത്തപക്ഷം മെമ്പര്‍മാരുടെ സഹായത്തോടെ നിയമ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും പ്ലാനുള്ളതായി പുതിയ പ്രസിഡണ്ട് വ്യക്തമാക്കി.

പത്തു മില്ലനിലധികം ഡോളര്‍ കൈമാറ്റം ചെയ്ത കെ.സി.എ. എച്ചിന്റെ അക്കൗണ്ടില്‍ ആകെ കാണാന്‍ കഴിഞ്ഞത് വെറും 500 ഡോളറില്‍ താഴെയുള്ള തുകയാണ്. ഒരു വലിയ കമ്പനിക്ക് ഇങ്ങിനെ ഒരവസ്ഥ വന്നത് വളരെ ലജ്ജാകരമായിപ്പോയി എന്ന് കെ.സി.എ.എച്ചിന്റെ പ്രസിഡന്റ് പറയുകയുണ്ടായി.

തോമസ് കൂവള്ളൂര്‍ 
കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിന്റെ അധികാര കൈമാറ്റം ടെക്‌സസില്‍ നടന്നുകേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിന്റെ അധികാര കൈമാറ്റം ടെക്‌സസില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക