Image

ഒരിക്കല്‍ ഒരിടത്ത്(ഒരു പുതുവര്‍ഷ പ്രതിജ്ഞ: ജയ്ന്‍ ജോസഫ്)

ജയ്ന്‍ ജോസഫ് Published on 27 January, 2018
ഒരിക്കല്‍ ഒരിടത്ത്(ഒരു പുതുവര്‍ഷ പ്രതിജ്ഞ: ജയ്ന്‍ ജോസഫ്)
''ഇനി ഇരുപത് പുഷ് അപ്പ്‌സ്. പതുക്കെ സമയമെടുത്ത് ചെയ്താല്‍ മതി.''
ചെറുപ്പക്കാരനും, മസില്‍മാനുമായ എന്റെ പേഴ്‌സണല്‍ ട്രെയിനര്‍ ക്രിസ് നിലത്ത് കമിഴ്ന്ന് കിടന്ന് പുഷ്പം പോലെ മൂന്നാലു പുഷപ്‌സ് എടുത്തുകൊണ്ടു പറഞ്ഞു. ക്രിസിന്റെ കൈകാലുകളിലെ മസിലുകള്‍ ഒരു താളത്തിലെന്നപോലെ ഉരുണ്ട് മറിയുന്നു.

ഇവനൊക്കെ ജനിക്കുന്നതിനു മുമ്പേ പുഷപ്‌സ് ചെയ്തു തുടങ്ങിയ എന്നെയാണ് ഇവന്‍ പഠിപ്പിക്കാന്‍ നോക്കുന്നത്. ഇന്ന്  ജനുവരി എട്ടാം തീയതി തിങ്കളാഴ്ച, സമയം ഏതാണ്ട് വൈകുന്നേരം ആറരയോടടുക്കുന്നു. ന്യൂജേഴ്‌സിയിലെ നല്ല കൊടുംതണുപ്പുള്ള ദിവസം. പുറത്ത് നിര്‍ത്താതെ മഞ്ഞ് പെയ്യുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തി ഒരു നല്ല ചായയും കുടിച്ച്, സി.എന്‍.എന്നില്‍ തുടങ്ങി ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളിലൂടെ അരിച്ചു പെറുക്കി ദേശീയ അന്തര്‍ദ്ദേശീയ സംഭവവികാസങ്ങള്‍ കലക്കിക്കുടിക്കേണ്ട സമയം. 

അതിനു പകരമാണ് ഈ കൊടുംതണുപ്പത്ത് ഓഫീസില്‍ നിന്നു നേരെ ഈ ഫിറ്റ്‌നസ് ക്ലബിലെത്തി ഇല്ലാത്ത മസിലു കണ്ടുപിടിച്ച് പെരുപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഏതു കഷ്ടകാലത്തിന്റെ സമയത്താണോ ഇങ്ങനെയൊരു ന്യൂഇയര്‍ റെസലൂഷന്‍ എടുക്കാന്‍ തോന്നിയത്? എന്നെത്തന്നെപ്പറഞ്ഞാല്‍ മതിയല്ലൊ? ജീവിതം വളരെ യാന്ത്രികമായിപ്പോകുന്നു എന്ന തോന്നലില്‍ നിന്നാണ് പുതുവര്‍ഷത്തില്‍ എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി ചെയ്യണം എന്ന് തോന്നിയത്. വീട്ടില്‍ പറഞ്ഞപ്പോള്‍ നിമ്മിക്കും കുട്ടികള്‍ക്കും ഏറെ താല്‍പര്യം. ഡിസംബര്‍ പകുതിയായപ്പോഴേക്കും ഞങ്ങളെല്ലാവരും ഞങ്ങളുടെ പുതിയ റെസലൂഷന്‍സ് പങ്കുവെച്ചു.

സോഷ്യല്‍ മീഡിയകളിലും, ടി.വി ചാനലുകളിലും കയറിയിറങ്ങുന്ന സമയം കുറച്ച് എന്റെ പഴയ ഹോബിയായിരുന്ന ഫോട്ടോഗ്രഫിയിലേക്ക് തിരിയുക എന്നതായിരുന്നു എന്റെ തീരുമാനം. പക്ഷെ നിമ്മി അന്ന് മെയിലില്‍ വന്ന എന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിച്ച് എന്റെ തീരുമാനത്തെ അട്ടിമറിച്ചു. കൊളസ്‌ട്രോളും, ബ്ലഡ് ഷുഗറും ഒക്കെ കുതിച്ച് കയറിയിരിക്കുന്നു. ഇനി ആരോഗ്യം നോക്കിയിട്ടുതന്നെ ബാക്കികാര്യം എന്ന നിലപാടില്‍ നിമ്മി ഉറച്ചു നിന്നു. വണ്ണമാണെന്ന പരാതി നിമ്മിക്കും ഉള്ളതുകൊണ്ട് രണ്ടുപേര്‍ക്കും കൂടി ഫിറ്റ്‌നെസ് ക്ലബില്‍ ചേരാം എന്ന് നിമ്മി എനിക്കും കൂടി വേണ്ടി പ്രതിജ്ഞ ചെയ്തു. കുട്ടികള്‍ ഞങ്ങളുടെ പുതുവര്‍ഷ പ്രതിജ്ഞ കൈയടിച്ചു പാസാക്കി.

എന്റെ പതിനാലു വയസുകാരിയായ മൂത്തമകള്‍ ടീന, ഹോംവര്‍ക്ക് അന്നന്നു തന്നെ ചെയ്തു തീര്‍ക്കുമെന്നും, ഒന്നും പിറ്റെ ദിവസത്തിനായി മാറ്റിവെക്കില്ലെന്നും തീരുമാനമെടുത്തു. പത്തുവയസുകാരന്‍ ടോം അവന്റെ മുറി അടുക്കിപ്പെറുക്കി വെയ്ക്കുമെന്നും, ടി.വി കാണുന്നത് കുറയ്ക്കുമെന്നും ആവേശത്തോടെ അറിയിച്ചു. ടോമിന് ഇതെന്തോ ഒരു പുതിയ കളിയാണെന്നു തോന്നിയ പോലെ. ഒന്നാം തീയതി തൊട്ട് ഞങ്ങളെല്ലാവരും പുതിയ വ്യക്തികളായി. അങ്ങിനെയാണ് ഞാനീ ടോര്‍ച്ചര്‍ സെല്ലിലകപ്പെട്ടത്. പേഴ്‌സണല്‍ ട്രെയിനര്‍ വേണമെന്നുള്ളതും നിമ്മിയുടെ വാശിയായിരുന്നു. ഒരു പ്രൊഫഷണല്‍ ഗൈഡന്‍സ് ഉണ്ടെങ്കില്‍ ചെയ്യാന്‍ ഒരു ഉന്മേഷം തോന്നുമത്രെ. ഈ മസില്‍മാന്റെ മുഖം കാണുമ്പോഴേ ഇവിടെ നിന്നോടി രക്ഷപെടാനാണ് തോന്നുന്നത്.

"Please pay attention to your posture, pull the tummy  in.''
പറ്റുന്ന പോലെ വയറിനെ അകത്തോട്ട് വലിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഗുരുത്വാകര്‍ഷണം വിജയിക്കുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ വോളിബോള്‍ കളിച്ചിരുന്നതു കൊണ്ട് നല്ല ഫിറ്റായിരുന്നു ശരീരം. അമ്പതു പുഷപ്‌സ് പയറുപോലെ എടുക്കുമായിരുന്നു. ഏതാണ്ട് 'റ' പോലെ വളഞ്ഞും, പിന്നെ ഒടിഞ്ഞ് നിലത്തു വീണും വളരെ വികൃതമായി ഇരുപത് പുഷപ്‌സ് ചെയ്തു തീര്‍ത്തു. അടുത്തത് വെയ്റ്റ്‌സ് ട്രെയിനിംഗാണ്. അതിലും ഭേദം വല്ല കാട്ടിലും തടിപിടിക്കാന്‍ പോകുന്നതാണ്. 

ഇത്രയും കഠിനമായി പരിശീലിപ്പിക്കാന്‍ നിമ്മി കൂടുതല്‍ കാശു വല്ലതും ഇവനു കൊടുത്തോ എന്നാണ് എന്റെ സംശയം. ആദ്യദിവസം തന്നെ എന്റെ തൂക്കവും പൊക്കവും അളന്ന് പിന്നെ ഒന്നുരണ്ട് മെഷീനുകളില്‍ കയറ്റി ഇറക്കി എനിക്ക് ഒരു ജാതകകുറിപ്പുണ്ടാക്കിത്തന്നിരുന്നു എന്റെ മസില്‍മാന്‍. ആ കണക്കുപ്രകാരം എന്റെ ശരീരത്തിലെ ദുര്‍മേദസ്സ് കുറയണമെങ്കില്‍ ശിഷ്ടകാലം ഒരു അടിമയെപ്പോലെ ഞാനിവിടെ ഭാരം ചുമക്കണം.

പക്ഷെ രസം ഇതൊന്നുമല്ല, ഞാനൊഴികെ എന്റെ വീട്ടിലെ മറ്റംഗങ്ങളെല്ലാവരും അവരുടെ പുതുവര്‍ഷ പ്രതിജ്ഞകളില്‍ വളരെ സന്തുഷ്ടരാണ്. ടോം മുറിയടുക്കിപ്പെറുക്കിയപ്പോള്‍ കാണാതായ പല ടോയ്‌സും കണ്ടെത്തി. ടീനയ്ക്ക് സോഷ്യല്‍ സ്റ്റഡീസിന്റെ ഒരു പ്രൊജക്ടില്‍ നൂറുമാര്‍ക്കും കിട്ടി. സാധാരണ ഒടുവിലത്തെ ദിവസത്തിനായി മാറ്റിവച്ച് തട്ടിക്കൂട്ടലാണ് ടീനയുടെ ശീലം. നേരത്തെ തന്നെ ചെയ്തതുകൊണ്ട്, ബാക്കിയുണ്ടായിരുന്ന സമയം ചാര്‍ട്ട് കൂടുതല്‍ ഭംഗിയാക്കാന്‍ പറ്റിയത്രെ.

നിമ്മി രാവിലെയാണ് ഫിറ്റ്‌നെസ് ക്ലബില്‍ പോവുന്നത്. അവിടെ നിന്നും കുളിച്ച് മാറി നേരെ ഓഫീസിലേക്കും. മുഴുവന്‍ ദിവസത്തിനും ഒരു പ്രത്യേക ഉന്മേഷം ഉള്ളതു പോലെ തോന്നുന്നു എന്നാണ് നിമ്മിയുടെ അഭിപ്രായം. ഞാന്‍ മാത്രമാണ് തളര്‍ന്നവശനായി ദേഷ്യവും സങ്കടവും ഒക്കെയായി വീട്ടിലെത്തുന്നത്. പക്ഷെ അതൊന്നും പുറത്തു കാണിക്കാന്‍ പറ്റില്ലല്ലോ. ഞാനായിരിക്കണമല്ലോ എന്റെ കുടുംബത്തിന്റെ റോള്‍ മോഡല്‍ !!
''You can take a water break now''

അഞ്ചുമിനിറ്റ് വെള്ളം കുടിക്കാന്‍ ബ്രേക്ക്; മസില്‍മാന്റെ ഔദാര്യം. കഴിഞ്ഞ അരമണിക്കൂറായി ഇവനെന്നെ വെള്ളം കുടിപ്പിക്കുകയാണ്. പേഴ്‌സണല്‍ ട്രെയിനറില്ലായിരുന്നെങ്കില്‍ അരമണിക്കൂറോ വല്ലതും നടന്നിട്ട് രക്ഷപെടാമായിരുന്നു. ആറു മാസത്തെ ട്രെയിനിംഗിനുള്ള കാശും കൊടുത്തു കഴിഞ്ഞു.
കുറച്ചു ദിവസം ചെയ്തു കഴിയുമ്പോള്‍ നിമ്മിയും ഉഴപ്പി തുടങ്ങുമെന്നായിരുന്നു എന്റെ പ്രതീക്ഷ! കുട്ടികള്‍ക്കുവേണ്ടിയെങ്കിലും ആറു മാസം പിടിച്ചു നിന്നേ പറ്റൂ. വലിയ ജീവിതോപദേശങ്ങള്‍ കുട്ടികളോട് പറയുമ്പോള്‍ അപ്പന്‍ രണ്ടാഴ്ച പോലും ജിമ്മില്‍ പിടിച്ചു നിന്നില്ലല്ലോ എന്ന് അവര്‍ പറയരുതല്ലോ!

ഉറ്റസുഹൃത്ത് മനോജിനോട് മാത്രമാണ് എന്റെ വിഷമം പങ്കുവെച്ചത്. എന്റെ ജീവിതത്തിലെ എല്ലാ വിഷമഘട്ടങ്ങളിലും അവനെന്നെ സഹായിച്ചിട്ടുണ്ട്. പക്ഷെ അവന്റെ മറുപടി എന്നെ തളര്‍ത്തിക്കളഞ്ഞു. ആദ്യമൊക്കെ തോന്നുന്ന ബുദ്ധിമുട്ടേയുള്ളൂ; പിന്നെയിതൊക്കെ ശീലമായിക്കോളും പോലും. പിന്നെ എക്‌സര്‍സൈസ് ചെയ്തില്ലെങ്കിലാണത്രേ ബുദ്ധിമുട്ട്.
പത്ത് നൂറ് കിലോ ഭാരം ചുമക്കലും, നൂറു നൂറ്റമ്പത് പുഷ പ്‌സും, ഓട്ടവും ചാട്ടവും കസര്‍ത്തുമൊന്നും എനിക്ക് ഒരു ശീലമാക്കേണ്ട. ശീലമായിപ്പോകുമോ, ദൈവമേ!!
കൂള്‍ ഡൗണ്‍ ചെയ്യാനായുള്ള ക്രിസിന്റെ വക രണ്ട് മൂന്ന് വ്യായാമ മുറകളോടെ ഞാന്‍ ശവാസനത്തിലായി.

ഷവര്‍ എടുത്ത് വേഷം മാറിവന്ന് കാറില്‍ കയറി ഫോണ്‍ നോക്കിയപ്പോള്‍ രണ്ട് മിസ്ഡ് കോളുകള്‍. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ എച്ച്.ആര്‍ മാനേജരുടേതാണ്. ദൈവമേ ജോലി പോയോ.  പേടിച്ചാണ് തിരിച്ച് വിളിച്ചത്. പക്ഷെ കേട്ടത് സദ്‌വാര്‍ത്തയാണ്. എനിക്ക് ഒരു പ്രമോഷന്‍ കിട്ടിയിരിക്കുന്നു. പുതിയ പ്രൊജക്ടിന്റെ മാനേജരായി. പക്ഷെ ആദ്യം ഒരു മൂന്നാലുമാസം സാന്‍ഫ്രാന്‍സിസ്‌കോയിലായിരിക്കും.

 പിന്നെ കാര്യങ്ങള്‍ ഒന്ന് ലോഞ്ചായിക്കഴിഞ്ഞ് തിരിച്ച് ന്യൂജേഴ്‌സി ഓഫീസിലേക്കു വരാം. വീക്കെന്‍ഡ്‌സില്‍ വീട്ടില്‍ വരാം. താല്‍പര്യമുണ്ടോയെന്നറിയാനാണ് എച്ച്.ആര്‍ മാനേജര്‍ വിളിച്ചത്. പൂര്‍ണ താല്‍പര്യം അറിയിച്ചു. ബുഹാ ഹാ ഹാ... ഒരു വെടിക്ക് കുറേയേറെ പക്ഷികള്‍, പ്രമോഷന്‍, ശമ്പളവര്‍ധന പിന്നെ ക്രിസ് എന്ന ഹിറ്റ്‌ലറിന്റെ ക്രൂരതകളില്‍ നിന്ന് മോചനം! ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ.

വീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. കാര്യം കുറച്ച് മാറി നില്‍ക്കേണ്ടി വരുന്നുണ്ടെങ്കിലും കുറച്ച് മാസത്തേക്കാര്യമല്ലേയുള്ളൂവെന്ന് നിമ്മി ആശ്വസിപ്പിച്ചു.

''മക്കളെ, നിമ്മി, എന്റെ വിഷമം അതൊന്നുമല്ല. അപ്പന് അപ്പന്റെ റെസലൂഷന്‍ മുടക്കേണ്ടി വരുമല്ലോ. പക്ഷെ നിങ്ങള്‍ ഒരു കാരണവശാലും നിങ്ങളുടെ റെസലൂഷന്‍സ് മുടക്കരുത്. അപ്പന്‍ തിരിച്ചുവന്നിട്ട് നഷ്ടപ്പെട്ട സമയം കൂടി കൂട്ടി എക്‌സര്‍സൈസ് ചെയ്‌തോളാം.''
ഒരു ഓസ്‌കാറിനുള്ള അഭിനയം ഞാന്‍ കാഴ്ചവെച്ചു. പക്ഷെ പെട്ടെന്നാണ് ഒരു ഇടിത്തീ പോലെ നിമ്മിയുടെ ശബ്ദം എന്റെ കര്‍ണ്ണപുടങ്ങളില്‍ പതിച്ചത്.

''നമ്മുടെ ഫിറ്റ്‌നെസ് ക്ലബിന്റെ ബ്രാഞ്ച് സാന്‍ഫ്രാന്‍സിസ്‌കോയിലുണ്ട്. അവിടെത്തന്നെ നാലഞ്ചു ലൊക്കേഷനിലുണ്ട്. പേഴ്‌സണല്‍ ട്രെയിനിംഗ് സെഷനും അങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യാം. ദേ നോക്ക്, ഇവരുടെ വെബ്‌സൈറ്റില്‍ തന്നെ പറയുന്നുണ്ട്.''X
നിമ്മി തുടര്‍ന്നു. ''പൗലോ കൊയ്‌ലോ എന്താ പറഞ്ഞേ?   "When you want something, all the universe conspires in helping you achieve it. അല്ലേ'' നിമ്മി എന്നെ നോക്കിചിരിച്ചു. പക്ഷെ എനിക്കാ സംതിങ്ങ് വേണ്ടെങ്കിലോ?

ഒരിക്കല്‍ ഒരിടത്ത്(ഒരു പുതുവര്‍ഷ പ്രതിജ്ഞ: ജയ്ന്‍ ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക