Image

എക്യൂമെനിസം എന്റെ നോട്ടത്തില്‍ (ഡി.ബാബുപോള്‍)

ഡി.ബാബുപോള്‍ Published on 27 January, 2018
എക്യൂമെനിസം എന്റെ നോട്ടത്തില്‍  (ഡി.ബാബുപോള്‍)
ശിഷ്യന്‍മാരുടെ ഐക്യം ആണ് ആശയം ശ്രീയേശു തന്നെ പറഞ്ഞുതരുന്നതാണ്. യോഹന്നാന്‍ 17:21, 23.

നിര്‍ഭാഗ്യവശാല്‍ ശിഷ്യന്‍മാരുടെ ഇടയില്‍ തുടക്കം മുതല്‍ തന്നെ ഭിന്നത ഉണ്ടായിരുന്നു. ഒരാള്‍ ഒറ്റുകാരനായി. രണ്ടു പേര്‍ പത്ത് പേരെ അപേക്ഷിച്ച് ശ്രേഷ്ഠരാകണം  എന്ന് മോഹിച്ചു. യുദാ പോവുകയും ശേഷം പേര്‍ ദൈവസ്‌നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞ് പരസ്‌നേഹത്തിന്റെ ആത്മാവ് സ്വാംശീകരിക്കുകയും ചെയ്തപ്പോള്‍(യോഹന്നാന്‍ 15:12) ഐക്യം ഉണ്ടായി.)

അത് നീണ്ടുനിന്നില്ല. അപ്പോസ്‌തോലന്മാര്‍ ഐകമത്യം പാലിച്ചുവെങ്കിലും ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇത്തവണ ആഢ്യത്വം അവകാശപ്പെട്ട യഹൂദക്രൈസ്തവര്‍ യവനവിഭാഗത്തെ അവഗണിക്കുന്നു എന്നതായിരുന്നു പരാതി.(അപ്പൊസ്‌തോലപ്രവൃത്തി 6:1 ) അതിന് പരിഹാരം കണ്ട് മുന്നോട്ട് പോയപ്പോള്‍ ആണഅ കൊര്‍ണലിയോസിന് ദര്‍ശനം ഉണ്ടായത്. അതിന്റെ തുടര്‍ച്ച ആയിരുന്നു പത്രോസിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം. അത് മറികടന്നപ്പോള്‍ വന്നു അടുത്ത പ്രശ്‌നം. പൗലോസിന്റെ നേതൃത്വത്തില്‍ സഭയിലേയ്ക്ക് അനീതരായ പുറജാതിക്കാര്‍ ആദ്യം യഹൂദമര്യാദ അനുസരിക്കണം എന്ന വാദം ഉയര്‍ന്നു. 'അല്പമല്ലാത്ത വാദവും തര്‍ക്കവും' ആണ് ഉണ്ടായത് ഇക്കാര്യത്തില്‍. തങ്ങളുടെ തലത്തില്‍ പ്രശ്‌നം തീരുകയില്ല എന്ന് ബോധ്യമായപ്പോള്‍ പൗലോസും ബര്‍തബൂസും സാര്‍വത്രികസഭയുടെ നേതൃത്വത്തില്‍ ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവരാന്‍ നിശ്ചയിച്ചു. യാക്കോബ് തീരുമാനം പ്രഖ്യാപിച്ചതോടെ ആ പ്രതിസന്ധിയു മാറി.

അപ്പൊസ്‌തോലന്മാര്‍ ഓരോരുത്തരായി ഈ ലോകം വിട്ടു. പ്രശ്‌നങ്ങള്‍ ലോകത്തില്‍ തുടര്‍ന്നു. ഇന്നത്തെ വാര്‍ത്താവിനിമയസൗകര്യങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നില്ല. ക്രിസ്തീയ വിശ്വാസം പീഡനവിധേയം ആയിരുന്നു താനും. അതുകൊണ്ട് വഴക്കുകള്‍ കുറയുകയും ഉള്ള വഴക്കുകള്‍ പ്രാദേശികമായി ഒതുങ്ങുകയും ചെയ്തു. പാകിസ്ഥാനിലെയോ ചൈനയിലെയോ ക്രിസ്ത്യാനികള്‍ തമ്മില്‍ വഴക്കില്ലല്ലോ. ഇനി ഉണ്ടായാല്‍ തന്നെ പടരുകയും ഇല്ല.

നാലാം നൂറ്റാണ്ടില്‍ മട്ട് മാറി. റോമാ സാമ്രാജ്യം ക്രിസ്തുമതത്തെ ഔദ്യോഗികമതം ആയി പ്രഖ്യാപിച്ചു. അപ്പനും മകനും ഒരു പ്രായം ആവുക വയ്യ എന്ന് ഒരു പണ്ഡിതന്‍ പറഞ്ഞു. യേശുക്രിസ്തു ദൈവമാണോ ദൈവപുത്രനാണോ എന്ന് ഒരു ചോദ്യം മറ്റൊരാള്‍ അവതരിപ്പിച്ചു. സ്വന്തം പിതാവിന്റെ കാര്യം ഉറപ്പില്ലാത്തവരായിരുന്നു റോമാചക്രവര്‍ത്തിമാര്‍. അതു കൊണ്ട് പിതാവും പുത്രനും തമ്മിലുള്ള മൂപ്പിളമത്തര്‍ക്കം ഒന്നും ആദ്യം അവര്‍ക്ക് അത്ര വലിയ കാര്യമായി തോന്നിയില്ല. എന്നാല്‍ ക്രിസ്തു മതത്തിന്റെ നിരോധനം നീക്കിയിരുന്നതിനാല്‍ അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഓരോ നേതാവും ശ്രമിക്കാന#് തുടങ്ങി. അത് തലവേദന ആയി. അപ്പോഴാണ് സാര്‍വത്രികസുന്നഹദോസ് വിളിക്കാന്‍ ചക്രവര്‍ത്തി നിശ്ചയിച്ചത്.

അങ്ങനെ വിശ്വാസം ക്രോഡീകരിക്കപ്പെട്ടു. തര്‍ക്കങ്ങളൊക്കെ പരിഹരിക്കാന്‍ സാമ്രാജ്യത്തിലെ മൂന്ന് പ്രധാനനഗരങ്ങള്‍-റോം, അലക്‌സന്ത്രിയ, അന്ത്യോഖ്യാ- കേന്ദ്രമാക്കി സംവിധാനം ഉണ്ടാക്കി. കുറച്ചുകാലം അങ്ങനെ പോയി. അഞ്ചാം നൂറ്റാണ്ടില്‍ ആദ്യത്തെ പിളര്‍പ്പ്. പതിനൊന്നാം നൂറ്റാണ്ടില്‍ 'വലിയ പിളര്‍പ്പ്' എന്നറിയപ്പെടുന്നത്. പിന്നെ മാര്‍ട്ടിന്‍ ലൂഥര്‍, ഹെന്ററി എട്ട്. ഇരുപതാംനൂറ്റാണ്ടില്‍ ബ്രദറണ്‍-പെന്തക്കോസ്ത് പരിപാടികള്‍. അങ്ങനെ കത്തോലിക്കാ-ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്-ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ്-പ്രോട്ടസ്റ്റന്റ്-പെന്തക്കോസ്തല്‍(കരിസ്മാറ്റിക്)തുടങങി കാക്കത്തൊള്ളായിരം ഉപവിഭാഗങ്ങളായി ക്രിസ്തുമതം പിരിഞ്ഞു. ഓരോരുത്തരും അവരവര്‍ പിടിച്ച മുയലുകള്‍ക്ക് കൊമ്പുകള്‍ ഉണ്ട് എന്ന് അവകാശപ്പെട്ടു. കാസയില്‍ ഈച്ച വീണാല്‍ കാസ അശുദ്ധമാവുമോ ഈച്ച വിശുദ്ധമാവുമോ എന്ന മട്ടിലുള്ള വേദശാസ്ത്ര വിവാദങ്ങള്‍ അരങ്ങ് കൊഴുപ്പിച്ചു. സഭയ്ക്ക് പുറത്ത് ഇസ്ലാമും കമ്യൂണിസവും ഉപഭോഗസംസ്‌കാരവും വളര്‍ന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം ആയപ്പോള്‍ ചിലര്‍ക്ക് ക്രിസ്തുവിലെ ഐക്യം ഓര്‍മ്മ വന്നു. അങ്ങനെ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ സഭകളുടെ ലോകകൗണ്‍സില്‍ രൂപപ്പെടുത്തി. ആദ്യം ഓര്‍ത്തഡോക്‌സുകാര്‍ അത്ര ഉത്സാഹം കാണിച്ചില്ലെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയില്‍ അവരും കത്തോലിക്കരും എക്യുമെനിസം ഒരു ലക്ഷ്യമായി അംഗീകരിച്ച് ആകാവുന്നത്ര സഹകരിക്കുന്ന സമ്പ്രദായത്തിലേക്ക് വന്നു. പെന്തക്കോസ്തല്‍ വിഭാഗങ്ങള്‍ക്ക് അപ്പോഴും സമാനമാന്യത എപ്പിസ്‌ക്കോപ്പല്‍സഭകള്‍ കല്പിച്ചില്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പ സിംഹാസനാരുഢനായതോടെ അവരുടെ അസ്പൃശ്യതയും മാറി.

യേശുക്രിസ്തുവിനെ ദൈവവും ദൈവപുത്രനും ആയി അംഗീകരിക്കുന്നവര്‍ക്ക് എക്യൂമെനിസം ഒരു ആദര്‍ശവും ഒരു ലക്ഷ്യവും ആയി ഇന്ന് മാറിയിട്ടുണ്ട്. എന്നുവച്ച് ദൃശ്യമായ ഐക്യത്തിലേയ്ക്ക് നാളെയോ മറ്റന്നാളോ വരും എന്ന് ധരിച്ചുകളയരുത്, കത്തോലിക്കര്‍ക്കും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സുകാര്‍ക്കും വിശുദ്ധകുര്‍ബ്ബാന നിഷേധിക്കുന്നവരാണ് ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സുകാര്‍. ഇപ്പറഞ്ഞ മൂന്ന് കൂട്ടരും പ്രൊട്ടസ്റ്റന്റുകാരെ അകറ്റിനിര്‍ത്തും. അവരുള്‍പ്പെടെ നാല് വിഭാഗങ്ങളും പെന്തക്കോസ്താദികളോടൊപ്പം കര്‍തൃമേശ പങ്കിടുകയില്ല. എങ്കിലും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചുപ്രവര്‍ത്തിക്കുക എന്ന സമീപനം പൊതുവെ എല്ലാവരും സ്വീകരിച്ചുകാണുന്നുണ്ട്. അത്രയും നല്ല കാര്യം.

റോമന്‍ കത്തോലിക്കാസഭ മുന്‍കൈ എടുത്ത് ക്രിസ്തീയ വിശ്വാസത്തിന് പുറത്തുള്ളവരുമായി ബന്ധം മെച്ചപ്പെടുത്താനുള്ള യത്‌നങ്ങള്‍ തുടങ്ങിയത് ജോണ്‍ XXIII എന്ന പരിശുദ്ധപിതാവിന്റെ കാലം മുതല്‍ക്ക് ആണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യാഹ്നത്തില്‍ ലോകത്തിന്റെ പകുതിയോളം തങ്ങളുടെ ആശയ സാമ്രാജ്യത്തില്‍ ഒതുക്കിയ കമ്യൂണിസവുമായി സംവദിക്കാന്‍ ആ മഹാത്മാവിന് കഴിഞ്ഞതുകൊണ്ടാണ് ക്യൂബയിലെ മിസൈല്‍ പ്രതിസന്ധി ഒരു ലോകമഹായുദ്ധത്തിലേയ്ക്ക് വഴി തുറക്കാതിരുന്നത് എന്നത് ചരിത്രമാണ്. ഇസ്ലാം, യഹൂദമതം തുടങ്ങിയവരുമായും സംസാരിക്കാം എന്ന അവസ്ഥ വന്നതോടെ എക്യൂമെനിസത്തിന്റെ രണ്ടാം ഘട്ടം ആയി.

അതായത് എക്യൂമെനിസം എന്ന ശബ്ദം ഇന്ന് മതാതീതമായ മാനവൈക്യത്തെയാണ് വിഭാവനം ചെയ്യുന്നത്; ഓക്‌സ്ഫഡ് നിഘണ്ടുവില്‍ 'വേദശാസ്ത്ര വീക്ഷണഭേദങ്ങള്‍ക്കതീതമായി ആഗോള ക്രൈസ്തവ ഐക്യം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുക.' എന്നാണ് ഇപ്പോഴും കാണുന്നതെങ്കിലും. സത്യത്തില്‍ പദനിഷ്പത്തി അന്വേഷിച്ചാല്‍ വീട്, ആവാസകേന്ദ്രം എന്നൊക്കെ അര്‍ത്ഥം പറയാവുന്ന OIKOS എന്ന ഗ്രീക്കു ശബ്ദത്തിലാണ് എത്തുക.(എ) ഒയ്ക്കീന്‍- Oikein-സമം അധിവസിക്കുക. എക്യൂമിനെ ഗേ, Oikoumene ge, എന്ന ഗ്രീക്കു പധത്തിന് മനുഷ്യവാസം ഉള്ള ഭൂവിഭാഗം എന്നാണര്‍ത്ഥം. അത് പരിണമിച്ച് എക്യൂമെനിക്കോസ് ഉണ്ടായി. ലത്തീനിലെ എക്യൂമെനിക്കുസ് പൊതു സാര്‍വത്രിം എന്നിങ്ങനെയാണ് അര്‍ത്ഥം ദ്യോതിപ്പിക്കുക. അതായത് പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലീഷില്‍ ഈ പദം രൂപപ്പെടുന്നതുവരെ എക്യൂമെനിസം എന്ന ആശയം മതനിരപേഷമായിരുന്നു. അതുകൊണ്ട് സര്‍വ്വമതസൗഭ്രാത്രം ലക്ഷ്യമിടുന്ന മതാന്തരസംവാദവും മതാതീത മാനസികാവസ്ഥയും സൂചിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന പദം തന്നെ ആണ് എക്യൂമെനിസം.

അവിടെയും തീരുന്നില്ല എക്യൂമെനിസത്തിന്റെ വ്യാപ്തി എന്റെ മനസ്സില്‍. അത് പ്രകൃതിയെയും ഉള്‍ക്കൊള്ളുന്നതാണ്. 'നമ്മുടെ പൊതുഭവനം' എന്നാണല്ലോ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭൂമിയെ വിവരിക്കുന്നത്. ഈ പൊതുഭവനത്തിലെ അന്തേവാസികളാണ് പക്ഷിമൃഗാദികളും തരുലതാദികളും. അവയുമായുള്ള സജീവവും സക്രിയവും ആയ ബന്ധവും എക്യൂമെനിസത്തിന്റെ നിര്‍വ്വചനത്തില്‍ വരേണ്ടതുണ്ട്. ഈ ആശയം ഈ രൂപത്തില്‍ മറ്റാരും പറഞ്ഞതായി എനിക്കറിവില്ലെങ്കിലും ഈ മനസ്സുമായി ജീവിച്ച വ്യക്തിയാണ് അസീസിയിലെ പ്രേമകോകിലം എന്നറിയപ്പെടുന്ന ഫ്രാന്‍സിസ് അസീസി. നദിയെ സഹോദരി ആയും ഗിരിയെ സഹോദരന്‍ ആയും കാണുന്നത് ദൈവത്തെ പിതാവായി കാണുന്നതിന്റെ തുടര്‍ച്ചയാണ്. കാക്കയെ പെങ്ങളായും മാന്‍പേടയെ മകളായും ചെന്നായയെ സഹോദരനായും കാണുന്ന മനസ്സും ദൈവം സകല സൃഷ്ടിയുടെയും പിതാവാണ് എന്ന ബോധ്യത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്.

ചുരുക്കിപ്പറഞ്ഞാല്‍ എക്യൂമെനിസം അക്ഷരാര്‍ത്ഥത്തില്‍ തന്നെ സാര്‍വ്വത്രിക സാഹോദര്യത്തെയാണ് സൂചിപ്പിക്കേണ്ടത്. ഞാനും എന്റെ അയല്‍ക്കാരനും. ആ അയല്‍ക്കാരനെ റീത്തിന്റെ അടിസ്ഥാനത്തിലോ സഭയുടെ അടിസ്ഥാനത്തിലോ മതത്തിന്റെ അടിസ്ഥാനത്തിലോ ജൈവശ്രേണിയിലെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലോ ചരം-അചരം എന്ന ദ്വന്ദ്വത്തിന്റെ അടിസ്ഥാനത്തിലോ ചേതനം-അചേതനം എന്ന വര്‍ഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തിലോ പരിമിതപ്പെടുത്തരുത്. ഇരുപത്തി മൂന്നാമത്തെ യോഹന്നാനും ഒന്നാമത്തെ ഫ്രാന്‍സിസും ലോകത്തെ പഠിപ്പിക്കുന്ന എക്യൂമെനിസത്തിന്റെ സാരാംശം ഈ സാര്‍വ്വത്രികതയാണ്. സൃഷ്ടിയുടെ സമഗ്രത- ഇന്റഗ്രിറ്റി ഓഫ് ക്രിയേഷന്‍-എന്ന ആശയം അംഗീകരിക്കുമ്പോഴാണ് സൃഷ്ടാവിന്റെ  സമഗ്രാധിപത്യം വ്യക്തമാകുന്നത്. സര്‍വ്വശക്തന്റെ സമഗ്രാധിപത്യത്തെക്കുറിച്ചുള്ള ബോധമാണ് വ്യക്തികളായും സമൂഹങ്ങളായും സമ്പൂര്‍ണ്ണസമര്‍പ്പണത്തിലേക്ക് നമ്മെ നയിക്കുക. ആ സൂര്യോദയത്തിലാണ് എക്യൂമെനിസം സാക്ഷാല്‍ക്കരിക്കപ്പെടുന്നത് എന്ന് നിസ്സംശയം പറയാം.

എക്യൂമെനിസം എന്റെ നോട്ടത്തില്‍  (ഡി.ബാബുപോള്‍)
Join WhatsApp News
Ninan Mathullah 2018-01-27 07:06:37
The way human mind works is still the same. At personal level it changes, but when it comes to collective mind, the power that comes with it corrupts. One group consider another group as a threat to it. This has happened in history, and is happening in India with its majority and elsewhere. If we can watch out for this, it is a good idea as Jesus prayed that his disciples be one as the Trinity is one.
ചാക്കിട്ടു പിടുത്തം 2018-01-27 19:08:48

എകുമിനിസമൊ അതോ ചാക്കിട്ടു പിടുത്തമോ?

സഭക്കാര്‍ ചാകര കൊയ്യുന്ന സമയം

പലതരം കാതോലിക്ക , ഇപ്പോള്‍ കേള്‍ക്കുന്നു കേരളത്തില്‍ രണ്ടു പാത്രിയര്‍ക്കീസ്, ഒന്ന് പൂന്തേന്‍ കുരിശു മറ്റത് ആരായാലും വേണ്ടില്ല ചേരി .

ഇത് യോഹന്നാന്‍ trick , യോഹന്നാന്‍ പണം കൊടുത്തു പോത്തന്‍ കുരിശു ബാവ , പോത്തന്‍ ബാവ patriarch . അപ്പോള്‍ സാക്ഷാല്‍ ദേവലോകം ബാവ വിടുമോ,

നീ ഒക്കെ patriarch എങ്കില്‍ ഞാന്‍ pope .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക