Image

അരങ്ങേറ്റം ഗംഭീരമാക്കി ആദി

Published on 27 January, 2018
അരങ്ങേറ്റം ഗംഭീരമാക്കി ആദി
താരപുത്രന്‍മാരുടെ സിനിമയിലേക്കുള്ള വരവ് ആരാധകര്‍ പലപ്പോഴും വലിയ പ്രതീക്ഷകളോടെയാണ് കാണുക. താരരാജാവ് മോഹന്‍ലാലിന്റ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയേയും പ്രേക്ഷകര്‍ വരവേറ്റത് അങ്ങനെ തന്നെ. പ്രേക്ഷകരും സംവിധായകരും തന്നില്‍ അര്‍പ്പിച്ച വിശ്വാസം ആദിയില്‍ പ്രണവ് കാത്തു സൂക്ഷിച്ചു എന്നു നിസംശയം പറയാം.

മോഹന്‍വര്‍മ(സിദ്ദിഖ്) റോസക്കുട്ടി(ലെന)യുടെയും മകനാണ് ആദി(പ്രണവ് മോഹന്‍ലാല്‍). ഒരു സംഗീത സംവിധായകന്‍ ആകണം എന്ന ലക്ഷ്യത്തോടെയാണ് അയാള്‍ ബാംഗ്‌ളൂരിലേക്ക് വണ്ടി കയറുന്നത്. എന്നാല്‍ അവിടെ വച്ച് യാദൃശ്ചികമായി അയാള്‍ ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നു. കൊല ചെയ്യപ്പെടുന്നതാകട്ടെ, ബാംഗ്‌ളൂരിലെ ഒരു വലിയ ബിസിനസ്‌കാരന്റെ മകനും. ആദിയാണ് കൊല ചെയ്‌തെന്നു വിശ്വസിക്കുന്ന ആ ചെറുപ്പക്കാരന്റെ കുടുംബം അയാള്‍ക്കെതിരേ തിരിയുന്നു. പണവും രാഷ്ട്രീയ സ്വാധീനവും ബന്ധുബലവുമുള്ള ഇവരുടെ കൈയില്‍ നിന്നു രക്ഷപെടാന്‍ പിന്നീട് ആദി നടത്തുന്ന അതിജീവന പോരാട്ടങ്ങളും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് തുടര്‍ന്നുള്ള ചിത്രത്തിന്റെ പ്രമേയം.

കന്നിച്ചിത്രത്തില്‍ മുഴുനീള കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ചില്ലറ പാളിച്ചകള്‍ ഒഴിവാക്കിയാല്‍ പ്രണവിന്റേത് മികച്ച പ്രകടനമാണെന്നു തന്നെ പറയാം. വികാരതീവ്രമായ അഭിനയ മുഹൂര്‍ത്തങ്ങളില്‍ ഒരു തുടക്കക്കാരനില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഈ ചിത്രത്തിനായി ആദി നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും ആക്ഷന്‍ രംഗങ്ങളില്‍ പ്രകടിപ്പിച്ച മികവ് എടുത്തു പറയേണ്ടതാണ്. മലയാള സിനിമയ്ക്ക് വലിയ പരിചയമില്ലാത്ത ഒന്നാണ് പാര്‍ക്കൗര്‍. സൈനിക ശിക്ഷണത്തിന്റെ ഭാഗമായി നടത്തുന്ന ഒരു തരം പരിശീലനമാണിത്. വലിയ കെട്ടിടങ്ങളില്‍ നിന്നും മതിലില്‍ നിന്നും ഉയരത്തില്‍ നിന്നുമൊക്കെ ചാടുന്ന, ഒന്നു പിഴച്ചാല്‍ ഏറെ അപകടം സംഭവിക്കാവുന്ന ഒരു വ്യത്യസ്ത പരിശീലന ഇനം. ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ ഇത് വളരെ പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഡ്യൂപ്പില്ലാതെയാണ് പ്രണവ് ഈ രംഗങ്ങളില്‍ അഭിനയിച്ചത് എന്നത് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

തന്റെ മുന്‍കാല ചിത്രങ്ങളായ ഊഴം, ദൃശ്യം എന്നീ സിനിമകളിലേതു പോലെ സാധാരണ കുടുംബജീവിതത്തിന്റെ സ്‌നേഹവും ഇഴയടുപ്പവും അതിലേക്ക് അപ്രതീക്ഷിതമായി ഒരു കുറ്റകൃത്യത്തിന്റെ ആഘാതം ഏല്‍ക്കുമ്പോഴുള്ള പരിണിതഫലങ്ങളും ഈ സിനിമയിലും ജീത്തു ജോസഫ് കാണിച്ചു തരുന്നു. ജീത്തു തന്നെ കഥയും തിരക്കഥയും എഴുതിയ ആദിയുടെ അവസാനത്തെ കുറച്ചു മിനിറ്റുകള്‍ പ്രേക്ഷകന് തികച്ചും വ്യത്യസ്തമായ കാഴ്ചാനുഭവം തന്നെ സമ്മാനിക്കും.

ആദിയുടെ മാതാപിതാക്കളായി സിദ്ദിഖ്, ലെന എന്നിവര്‍ മികച്ച അഭിനയം കാഴ്ച വച്ചു. വില്ലനായി എത്തിയ ജഗപതി ബാബു, ഷറഫുദ്ദീന്‍, മേഘനാദന്‍, അനുശ്രീ, കിച്ചു, ടോണി ലുക്ക്, സിജോയ് വര്‍ഗീസ് എന്നിവരും മികച്ച അഭിനയം കാഴ്ച വച്ചു. പ്രത്യേകിച്ചു വില്ലനായി എത്തിയ ജഗപതി ബാബു. സിജു വില്‍സണ് ഇതു വരെ കിട്ടിയ റോളുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഈ ചിത്രത്തിലെ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രം ജയകൃഷ്ണന്‍. ജയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീയുടെ പ്രകടനവും മികച്ചതായി. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും അയൂബ് ഖാന്റെ ചിത്രസംയോജനവും എടുത്തു പറയേണ്ടതാണ്. ചിത്രത്തിന്റെ മൂഡിനൊപ്പിച്ചുള്ള അനില്‍ ജോണ്‍സന്റെ പശ്ചാത്തല സംഗീതവും ഏറെ മികച്ചതാണ്. ആദ്യന്തം രസകരമായി തന്നെ കണ്ടിരിക്കാവുന്ന ചിത്രമാണ് ആദി എന്നതില്‍ സംശയമില്ല.    
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക