Image

സ്‌നേഹസ്പര്‍ശം (ആര്‍.പഴുവില്‍, ന്യൂജേഴ്‌സി)

ആര്‍.പഴുവില്‍, ന്യൂജേഴ്‌സി Published on 29 January, 2018
 സ്‌നേഹസ്പര്‍ശം (ആര്‍.പഴുവില്‍, ന്യൂജേഴ്‌സി)
ഞായറാഴ്ച !

സാധാരണ പതിവില്ലാത്ത ഒരു ഉച്ചയുറക്കം കഴിഞ്ഞു താഴെ സ്വീകരണ മുറിയിലേക്ക് കോണി ഇറങ്ങി വന്നതാണ്.

ഏറ്റവും താഴത്തെ പടിയിലെത്തി ഇടത്തോട്ട് തിരിഞ്ഞതും തീരെ പ്രതീക്ഷിക്കാത്ത  അസാധാരണമായ  ഒരു കാഴ്ച്ചയില്‍  കണ്ണുടക്കി അവിടെതന്നെ തറഞ്ഞു   നിന്ന് പോയി..

 കൗതുകമോ, ആശ്ചര്യമോ അതിലുപരി സന്തോഷമോ??

കണ്ണെടുക്കാനേ തോന്നിയില്ല ! പറഞ്ഞറിയിക്കാനാകാത്ത ഒരു പിടി വികാരങ്ങള്‍ക്കടിപ്പെട്ട് , കുറച്ചുനേരം കൂടെ സ്വപ്നത്തിലെന്ന പോലെ അങ്ങനെത്തന്നെ  നിന്നു.

പിന്നെ ,  പെട്ടെന്നോര്‍മ വന്ന പോലെ, കൈ  പൈജാമയുടെ  കീശയിലേക്കു നീണ്ടതും ശബ്ദമുണ്ടാക്കാതെ  ഫോണ്‍ തപ്പിയെടുത്തതും  ഫോക്കസ് ചെയ്തു ക്ലിക്ക് ചെയ്തതും എല്ലാം നിമിഷാര്‍ദ്ധത്തില്‍ !

ഇങ്ങനെയുള്ള അപൂര്‍വ നിമിഷങ്ങള്‍ ഒപ്പിയെടുത്തില്ലെങ്കില്‍ അതൊരു നഷ്ടം തന്നെ !!!

ആ വിസ്മയ കാഴ്ച എന്തെന്നല്ലേ?

പതിനാറു വയസ്സ് പ്രായമുള്ള, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ  മകന്‍ താഴെ നിലത്തിരുന്നു, സോഫയില്‍   ഇരിക്കുന്ന അമ്മയുടെ മടിയില്‍ തല വെച്ച്  ഒരു അര്‍ദ്ധ  സുഷുപ്തിയില്‍ ലയിച്ചെന്നപോലെ അങ്ങനെ കിടക്കുകയാണ് !!!

അമ്മയാകട്ടെ,  സസ്‌നേഹം മകന്റെ തലയിലൂടെ മൃദുവായി വിരലുകള്‍ ഓടിച്ചു തലോടിക്കൊണ്ടിരുന്നു.

Middle school ല്‍ ആയതില്‍ പിന്നെ, സ്‌കൂളില്‍ പോകുന്ന നേരത്തു തിടുക്കത്തില്‍ ഒന്ന് പുറത്തു തട്ടുന്നതോ, പേരിനു വല്ലപ്പോഴും ഒന്ന്  hug  ചെയ്‌തെന്നു വരുത്തി ബൈ പറയുന്നതോ അല്ലാതെ , ഇങ്ങനെ രണ്ട് പേരും ചേര്‍ന്നിരിക്കുന്നത് കണ്ടിട്ടില്ല.

എനിക്ക് ഇതൊരു അസുലഭമായ കാഴ്ച തന്നെ !

തിരക്കു പിടിച്ച ജീവിതത്തിനിടയില്‍, വല്ലപ്പോഴും മാത്രം  സംഭവിക്കുന്ന മുഹൂര്‍ത്തങ്ങളില്‍ ഒന്ന് !

ഞാന്‍ ശബ്ദമുണ്ടാക്കാതെ പതിയെ നടന്നു അടുത്ത സോഫയില്‍ ചെന്നിരുന്നു.

രണ്ട് പേരും അവരുടേതായ ലോകത്താണ്!  എന്നെ കണ്ടതേയില്ല. മകന്റെ കണ്ണുകള്‍ പാതി അടഞ്ഞു കിടക്കുന്നു. മയക്കത്തിലാണ്.  അവന്റെ അമ്മയുടെ ശ്രദ്ധ മുഴുവന്‍ താഴോട്ട് അവന്റെ മൂടിയിഴകളിലോട്ടും.

നിശ്ശബ്ദനായി അവരെത്തന്നെ നോക്കി ഇരുന്നു.

പൊടുന്നനെ ഓര്‍മ്മകള്‍ ചിറകു വെച്ച് നാല് ദശകങ്ങള്‍ പിറകോട്ടു  പറന്നുവോ?   നാട്ടില്‍ എന്റെ വീട്ടിലേക്ക്...കുട്ടിക്കാലത്തേക്ക് കൊണ്ടെത്തിച്ചുവോ?

ഉച്ച തിരിഞ്ഞു വെയിലൊട്ടാറിയിരിക്കുന്നു

ഇപ്പോള്‍  എന്റെ 'അമ്മ വടക്കേപ്പുറത്തെ ഉമ്മറ പടിയില്‍ വന്നിരിക്കുകയാണ്.. അനിയത്തിമാരുടെ തല നോക്കലും ചീകി വൃത്തിയാക്കലും തകൃതിയായി നടക്കുന്നു..   ഇടിച്ചു കേറി, അവരെ തള്ളി മാറ്റി, അമ്മയുടെ മടിയില്‍ തല വെച്ച് ഞാന്‍ ഇരുന്നു. അമ്മയുടെ കൈ വിരലുകള്‍ മുടിയിഴകളില്‍ പരതുമ്പോള്‍ തനിയെ ഉറക്കം വരുന്നു ..  വടക്കുപടിഞ്ഞാറു  ദിശയില്‍ നിന്ന് അപ്പോള്‍ മാത്രം വന്ന  ഒരു ചെറുകാറ്റ് , വീടിനു തൊട്ടടുത്ത് നില്‍ക്കുന്ന പേരറിയാത്ത മരത്തിന്റെ  ഇലകളില്‍ നേരിയ മര്‍മ്മരമുണ്ടാക്കി, സുഖകരമായ ഒരു കുളിരും പേറി ആലസ്യത്തിനാക്കം കൂട്ടാനെത്തി...ആ കാറ്റിനെ   അകമ്പടി സേവിച്ചെന്നോണം ഒരു റേഡിയോപ്പാട്ടിന്റെ ഈണവും കൂടെയെത്തി.. ....ഞാനിപ്പോള്‍ അനിര്‍വചനീയമായ ഒരു അനുഭൂതിയുടെ ലോകത്തിലേക്ക് ഉയരുകയാണ്..കണ്ണുകള്‍ അടയുന്നു..

ഉറങ്ങിയോ..? താഴേക്ക് വീഴുന്ന പോലൊരു തോന്നല്‍.

ഞെട്ടിയുണര്‍ന്നു. പരിസരബോധം വീണ്ടെടുത്തു, ഭാര്യയും മകനും ഇരുന്നിരുന്നിടത്തേക്കു നോക്കി.

അവിടെ തന്നെയുണ്ട്.  ഇപ്പോള്‍ അവള്‍ എന്നെ കണ്ടിരിക്കുന്നു.

ഒന്ന് ചിരിച്ചു,

എന്തേ എന്ന് പുരികങ്ങളുയര്‍ത്തി കണ്ണുകള്‍ കൊണ്ട് ചോദിച്ചു. ഒന്നുമില്ല എന്ന് കണ്ണ് കൊണ്ട് തന്നെ ഞാനും മറുപടി പറഞ്ഞു.  അവള്‍ തല താഴ്ത്തി വീണ്ടും അവനെ തലോടുന്നതില്‍ വ്യാപൃതയായി.

ഞാന്‍ മകന്റെ മേല്‍ കണ്ണോടിച്ചു.  അവനു പ്രായത്തില്‍ കവിഞ്ഞ ശരീരവലിപ്പം ഉണ്ട്.

സ്ഥിരമായി gym സന്ദര്‍ശിച്ചു മസില്‍ വെപ്പിച്ചിട്ടുമുണ്ട്.

എത്ര വലുതായാലും അമ്മക്ക്  (അച്ഛനും) അവന്‍ എന്നും  കൈക്കുഞ്ഞു തന്നെ !!!.

പിഞ്ചു കുഞ്ഞായിരുന്നപ്പോള്‍, ഇടത്തെ കൈത്തണ്ടയില്‍ അവനെ അനായാസമായി കിടത്തി  , വലതു കൈ കൊണ്ട്   കുളിപ്പിച്ചെടുക്കാറുള്ളത് ഓര്‍ത്തു.  ഇന്ന് , രണ്ട് കൈ കൂട്ടിപ്പിടിച്ചാലും അമ്മക്ക് അവനെ വട്ടമെത്തില്ല…

പെട്ടെന്ന് വീട്ടിലെ ഫോണ്‍ ശബ്ദിച്ചു...

സോഫയുടെ അങ്ങേ ഭാഗത്താണ്.. ഞാന്‍ ചാടിയെണീറ്റു അങ്ങോട്ടെത്തുമ്പോഴേക്കും മൂന്നു പ്രാവശ്യം ഉച്ചത്തില്‍ റിങ് ചെയ്തു കഴിഞ്ഞിരുന്നു...

മകന്‍ മയക്കത്തില്‍ നിന്നുണര്‍ന്നു..കണ്ണുതിരുമ്മി ചുറ്റും നോക്കി .'

'ഓ , ഞാന്‍ ഇവിടെ ' ?!!!

കക്ഷി ഓര്‍ത്തെടുക്കാനുള്ള ശ്രമം ആണ്.

അവന്റെ ഉറക്കത്തിനു ഭംഗം വന്നതില്‍ എനിക്ക് നേരിയ ഇച്ഛാഭംഗം   തോന്നാതിരുന്നില്ല.

'ആ  ...നീ എന്റെ മടിയില്‍ തല വെച്ച് അങ്ങനെ കിടന്നു ഉറങ്ങിയില്ലേ...നിന്റെ ആ വലിയ തല കാരണം എന്റെ കാലു വേദനിക്കുന്നു' ...എന്റെ ഭാര്യ പറഞ്ഞു..

അവന്‍ ചിരിച്ചു...അമ്മയുടെ സ്‌നേഹസ്പര്‍ശത്തിന്റെ മുഴുവന്‍ വാത്സല്യവും അനുഭവിച്ചറിഞ്ഞത് ഓര്‍ത്തെടുത്ത നിറഞ്ഞ ചിരി!.

ആ ചിരി നോക്കി നില്‍ക്കെ ഞാന്‍ ഓര്‍ക്കുകയായിരുന്നു.

ഉദാത്തമായ മാതൃ സ്‌നേഹത്തിന്റെ മഹത്വം...!

അമ്മയുടെ ഒരു ചെറിയ സ്പര്‍ശം പോലും അവരില്‍  ഉളവാക്കുന്ന അനുഭൂതി, ആഹഌദം,  സുരക്ഷിതത്വം...

അതാവുന്നത്ര പകര്‍ന്നു കൊടുക്കുന്ന നിമിഷങ്ങള്‍ എന്നുമുണ്ടാകട്ടെ !

അത് നാടന്‍ രീതിയില്‍ തല നോക്കിയിട്ടായാലും, ചേര്‍ത്ത് പിടിച്ചു ഉമ്മ കൊടുത്തിട്ടായാലും ..

ഈ ടെക്‌നോളജി യുഗത്തില്‍ ,

നാലോ അഞ്ചോ വയസ്സാകുമ്പോഴേക്കും  I-Padd ഉം എടുത്തു  കുട്ടികള്‍ തനിയെ അവരുടേതായ ലോകത്തിലേക്ക് ഒതുങ്ങിക്കൂടാനും ഒറ്റപ്പെടാനും വെമ്പല്‍ കൂട്ടുന്ന ഇക്കാലത്ത്! ...

ഇടയ്ക്കു അവസരങ്ങള്‍ ഉണ്ടാക്കി,  നമുക്കവരെ ചേര്‍ത്ത് പിടിക്കാം..

സ്‌നേഹ സ്പര്‍ശം കൊണ്ടവരെ സന്തോഷിപ്പിക്കാം..

സാന്ത്വനിപ്പിക്കാം..

സ്‌നേഹത്തിന്റെ വില അറിയുന്ന, തിരിച്ചു സ്‌നേഹിക്കാന്‍ കഴിയുന്ന നല്ല മനുഷ്യരാക്കാം.!!!

**** ശുഭം ****

ആര്‍. പഴുവില്‍ , ന്യൂ ജേഴ്‌സി

 സ്‌നേഹസ്പര്‍ശം (ആര്‍.പഴുവില്‍, ന്യൂജേഴ്‌സി)
Join WhatsApp News
ബിന്ദു ടിജി 2018-01-29 15:24:25
രാജീവിന്റെ   ലളിതവും സ്‌നേഹ  സമ്പന്നവുമായ   
ഈ എഴുത്തിനു നാട്ടുകാരിയുടെ എല്ലാ ആശംസകളും!!
RAJEEVAN ASOKAN 2018-02-05 21:47:25
വളരെ നന്ദി പ്രിയ നാട്ടുകാരി, വായനക്കും പ്രോത്സാഹനത്തിനും. 
ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക