Image

ശമ്പളമില്ലാതെ മാസങ്ങളോളം ദുരിതത്തിലായ ഗുജറാത്തി വനിത മടങ്ങി

Published on 29 January, 2018
ശമ്പളമില്ലാതെ മാസങ്ങളോളം ദുരിതത്തിലായ ഗുജറാത്തി വനിത മടങ്ങി
അല്‍ഹസ്സ: ആറു മാസത്തോളം ശമ്പളം കിട്ടാതെ ദുരിതത്തിലായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, നാട്ടിലേയ്ക്ക് മടങ്ങി.

ഗുജറാത്ത് വഡോദര സ്വദേശിനി ഹലീമയാണ് മൂന്നു മാസത്തെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയത്. ഒരു വര്‍ഷം മുന്‍പാണ് ഹലീമ ഒരു സൗദിയുടെ വീട്ടിലെ ജോലിക്കാരിയായി അല്‍ഹസ്സയില്‍ എത്തിയത്. നാട്ടില്‍ മൂന്നു പെണ്മക്കള്‍ ഉള്‍പ്പെടുന്ന ദരിദ്രമായ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനായി, അന്‍പതിനായിരം രൂപ ഒരു വിസ ഏജന്റിന് നല്‍കിയാണ്, അവര്‍ ഈ പ്രവാസജോലിയ്ക്കായി എത്തിയത്. എന്നാല്‍ വറചട്ടിയില്‍ നിന്നും എരിതീയിലേയ്ക്ക് എന്ന അവസ്ഥയായിരുന്നു അവര്‍ക്ക് നേരിടേണ്ടി വന്നത്. ജോലിസ്ഥലത്ത് മോശം ജീവിതസാഹചര്യങ്ങളും, കഠിനമായ ജോലിയും, ശകാരവും ഒക്കെ നേരിട്ടെങ്കിലും, നാട്ടിലെ കുടുംബത്തെയോര്‍ത്ത് അവര്‍ പിടിച്ചു നിന്നു. എന്നാല്‍ ആദ്യമൂന്നു മാസം കഴിഞ്ഞപ്പോള്‍, ശമ്പളം കിട്ടാതെയായി. ചോദിച്ചാല്‍ അടുത്തമാസം തരാമെന്നുപറയും. ആറുമാസത്തോളം ശമ്പളം കുടിശ്ശികയായി. പ്രതിഷേധിച്ചപ്പോള്‍ ശകാരവും, ഭീക്ഷണിയും കേള്‍ക്കേണ്ടി വന്നു. ഒടുവില്‍ ആരുമറിയാതെ ആ വീട്ടിന് പുറത്തു കടന്ന ഹലീമ, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ അല്‍ഹസ്സ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

സ്‌പോണ്‍സര്‍ ഹലീമയ്‌ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തു. ഹലീമ നവയുഗം അല്‍ഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈന്‍ കുന്നിക്കോടിനെ ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. ഹുസ്സൈനും, സാമൂഹ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡവും ഹലീമയ്ക്കായി ലേബര്‍ കോടതിയില്‍ ഹാജരായി വാദിച്ചു. സ്‌പോണ്‍സര്‍ നല്‍കിയ കേസ് തള്ളിയ കോടതി, സ്‌പോണ്‌സര്‍ക്കെതിരെ ഹലീമ നല്‍കിയ കേസ് ഫയലില്‍ സ്വീകരിച്ചു സ്‌പോണ്‌സര്ക്ക് നോട്ടീസ് അയച്ചു. ആദ്യപ്രാവശ്യം മാത്രം കോടതില്‍ വന്ന സ്‌പോണ്‍സര്‍ പിന്നീട് വന്നതേയില്ല. കോടതി കേസ് ഹലീമയ്ക്ക് അനുകൂലമായി വിധിച്ചു. ഹലീമയുടെ പാസ്സ്പോര്‍ട്ട് കിട്ടാനായി നവയുഗം പ്രവര്‍ത്തകരും പോലീസും അന്വേഷിച്ചെങ്കിലും സ്പോണ്‍സറെ കണ്ടു കിട്ടിയില്ല. അത് മൂലം ഹലീമയുടെ അഭയകേന്ദ്രത്തിലെ താമസം മൂന്നു മാസത്തോളം നീണ്ടു.

തനിയ്ക്ക് എങ്ങനെയും നാട്ടില്‍ പോയാല്‍ മതി എന്ന ഹലീമയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഹുസ്സൈനും മണിയും ഇന്ത്യന്‍ എംബസ്സി വഴി അവര്‍ക്ക് ഔട്ട്പാസ്സ് എടുത്തു നല്‍കുകയും, വനിതാഅഭയകേന്ദ്രം വഴി ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി നല്‍കുകയും ചെയ്തു.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഹലീമ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ : ഹലീമയ്ക്ക് മണി മാര്‍ത്താണ്ഡം യാത്രാരേഖകള്‍ കൈമാറുന്നു. ഹുസ്സൈന്‍ കുന്നിക്കോട് സമീപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക