Image

മാനവികതയുടെ കൃഷിയിടം മണ്ണാണ് :ജോസഫ് കൂവള്ളൂരിന്റെ കൃഷി പാഠം

അനില്‍ പെണ്ണുക്കര Published on 30 January, 2018
മാനവികതയുടെ കൃഷിയിടം മണ്ണാണ് :ജോസഫ് കൂവള്ളൂരിന്റെ കൃഷി പാഠം
മണ്ണിനെയും മനുഷ്യനെയും അറിഞ്ഞു അമേരിക്കയില്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ഒരു ചെറുപ്പക്കാരന്‍ ഇന്ന് ലോക യാത്രയിലാണ് .ജൈവ വൈവിധ്യം തേടി,കൃഷിയുടെ പുതിയ പാഠങ്ങള്‍ തേടി ലോക യാത്രയിലാണ് ..ജോസഫ് കൂവള്ളൂര്‍
പ്രശസ്ത ആക്ടിവിസ്റ്റും യോഗാചാര്യനുമായ തോമസ് കൂവള്ളൂരിന്റെ മകന്‍ .അച്ഛനെപ്പോലെ തന്നെ യോഗയില്‍ അഗ്രഗണ്യന്‍ ,ഇപ്പോള്‍ കേരളത്തിന്റെ തനത് ആയോധന കലയായ കളരിയിലും നിപുണന്‍ .
പക്ഷെ ജോസഫ് കൂവള്ളൂര്‍ മറ്റൊരു വഴിക്കാണ് തന്റെ ചിന്തകളെ തിരിച്ചു വിടുന്നത് .

മനുഷ്യന്‍ ഇന്ന് മറ്റെന്തെല്ലാം നേടിയാലും അവന്റെ ജീവിതത്തിന്റെ ആണിക്കല്ല് കഴിക്കുന്ന ഭക്ഷണമാണ് .നമുക്ക് കഴിക്കേണ്ട ഭക്ഷണം ,അതിനു വേണ്ടതെല്ലാം മനുഷ്യന്‍ തന്നെ അവന്റെ കൃഷിയിടങ്ങളില്‍ ഉണ്ടാക്കുകയും പൂര്‍ണ്ണമായും ഒരു ഓര്‍ഗാനിക് സിസ്റ്റത്തിലേക്ക് വരികയും ചെയ്താല്‍ രോഗങ്ങള്‍ ,മറ്റു മനുഷ്യനുണ്ടാകുന്ന ജീവിത പ്രയാസങ്ങള്‍ക്കൊക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്നു ജോസഫ് പറയുന്നു.

.സ്കൂള്‍ കോളേജ് പഠന കാലത്തിനു ശേഷം ഒരു ഫൈനാന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്ത ജോസഫ് ,അത് തന്റെ ശരീരത്തിന് നന്നല്ല എന്ന് തോന്നിയപ്പോള്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു .ചെറുപ്പം മുതല്‍ക്കേ ഭക്ഷണം കഴിക്കുക,ഭക്ഷണം ഉണ്ടാക്കുക അതെല്ലാം വളരെ ഇഷ്ടമായിരുന്നു .ഒരു മാറ്റമെന്നോണം പിന്നീട് ന്യൂയോര്‍ക്കില്‍ ഒരു ജാപ്പനീസ് റെസ്‌റ്റോറന്റില്‍ ഷെഫ് ആയി ജോലിക്കു കയറി. പക്ഷെ പായ്ക്കറ്റ് ഫുഡ് ,അത് പിന്നീട് പുതിയ ഭക്ഷണമായുള്ള മാറ്റം ഒക്കെ മാനസിക പ്രയാസം ഉണ്ടാക്കി .മനുഷ്യന് നല്ല ഭക്ഷണം ലഭിക്കണം,രോഗങ്ങള്‍ അവനെ കീഴ്‌പ്പെടുത്തരുത് അങ്ങനെ ഒരു ചിന്ത ചില ജപ്പാന്‍ സുഹൃത്തുക്കളുമായി പങ്കുവച്ചു .

അത് ഒരു യാത്രയുടെ തുടക്കം ആയിരുന്നു.നേരെ ജപ്പാനിലേക്ക് .വേള്‍ഡ് വൈഡ് ഓപ്പറച്ചുനട്ടിസ് ആന്‍ഡ് ഓര്‍ഗാനിക് ഫാമിങ് എന്ന സംഘടനയുമായുള്ള പരിചയം ജോസഫിനെ പുതിയ കൃഷിപാഠത്തിലേക്കു നയിച്ചു.ബയോ ഡൈനാമിക് ഫാമിങ്ങിലേക്ക് ജപ്പാന്റെ പെട്ടന്നുള്ള മാറ്റം വല്ലാതെ ആകര്‍ഷിച്ചു.പിന്നെ ഇത് പഠിക്കുവാനുള്ള ശ്രമമായി .ജപ്പാനില്‍ നിന്ന് തിരിച്ചുവന്നു ന്യൂയോര്‍ക്കില്‍ എത്തി ലിബര്‍ട്ടി ഫാമില്‍ പഠനവും കൃഷിയും.ഇനി യാത്ര ന്യൂസിലാന്‍ഡിലേക്ക് ആണ് .കൃഷിയുടെ പുതിയ പാഠങ്ങള്‍ തേടിയുള്ള യാത്രയ്ക്ക് ജോസഫിനെ ചിന്തിപ്പിച്ചത് ഇന്ന് ലോകത്തുണ്ടാകുന്ന മനുഷ്യന്റെ ജീവിതാവസ്ഥകളില്‍ ഉണ്ടായ മാറ്റമാണ് .

മണ്ണില്‍ നിന്നാണ് മനുഷ്യന്റെ പിറവി. മാനവികതയുടെ കൃഷിയിടവും മണ്ണാണ്. മനുഷ്യ നാഗരികതയുടെ വികാസം മണ്ണിലൂടെയാണ്. കൃഷിക്കു വേണ്ടിയാണ് കൂട്ടായ ജീവിതം ശീലിച്ചതെന്ന് ചരിത്ര പുസ്തകങ്ങള്‍ പറഞ്ഞുവെക്കുന്നു. അപ്പോള്‍ ആരോഗ്യം മാത്രമല്ല, സംസ്കാരവും സമൂഹവും കരുത്താര്‍ജിച്ചത് കൃഷിയിലൂടെ തന്നെയാണ്.
പ്രകൃതിക്കൊരു താളം അഥവാ നടപടിക്രമമുണ്ട്. അന്യുസ്യൂതമായ ഒരു പ്രവാഹമാണത്. ഈ പ്രവാഹത്തിന്റെ നിമ്‌നോന്നതികള്‍ക്കനുസരിച്ചാണ് പൂര്‍വികര്‍ ജീവിതത്തെ പടുത്തുയര്‍ത്തിയത്. ജീവിതചര്യകളും കൃഷിയുള്‍പ്പെടെയുള്ള ജീവിതായോധന മാര്‍ഗങ്ങള്‍ ചിട്ടപ്പെടുത്തിയതും പ്രകൃതിയുടെ പൂര്‍വ നിശ്ചിതങ്ങളായ ഈ താളക്രമമനുസരിച്ചാണ്.

എല്ലാ ജീവജാലങ്ങള്‍ക്കും വളരാനും ജീവിക്കാനും ഈ ക്രമത്തോട് താദാത്മ്യപ്പെട്ടു മാത്രമേ സാധ്യമാവൂ. സമരസപ്പെടലിന്റെ അത്തരമൊരു ജീവിത ചര്യ സ്വീകരിക്കുകയേ മനുഷ്യനും തരമുള്ളൂ. അതാണ് പ്രകൃതിയോടും അതിന്റെ താളക്രമം നിര്‍ണയിച്ചവനോടുമുള്ള നീതി.പ്രകൃതിയുമായി ഇണങ്ങുന്ന ജീവിതാവസ്ഥകളില്‍നിന്ന് മനുഷ്യനെ പറിച്ചെടുത്തത് അവന്റെ ദേഹേച്ഛയാണ്. മനുഷ്യന്‍ തനിക്കിഷ്ടമുള്ള വിത്ത്, തനിക്കിഷ്ടമുള്ള രീതിയില്‍ നട്ട്, താന്‍ നിശ്ചയിക്കുന്ന വളമിട്ട്, താന്‍ തന്നെ നിശ്ചയിക്കുന്ന സമയത്ത് വിളവെടുക്കുക്കുന്നു.പ്രകൃതി അവനൊപ്പം താങ്ങും തണലുമായി നില്‍ക്കുന്നു.ലോകമെമ്പാടും കാര്‍ഷിക രംഗം വലിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി കാണാന്‍ സാധിക്കുന്നത്.

കൃഷിയെയും കാര്‍ഷിക വൃത്തിയെയും കമ്പോളവല്‍ക്കരിച്ചതാണ് ഇന്ന് കാര്‍ഷിക ലോകം അനുഭവിക്കുന്ന പ്രതിസന്ധിക്കുകാരണം. വിപണിലാഭം മാത്രം ഉന്നംവെച്ച് വിളവര്‍ധന ലക്ഷ്യമിട്ട് സങ്കരവിത്തുകളും സങ്കരവീര്യത്തെ ഉത്തേജിപ്പിക്കുന്ന രാസവളങ്ങളും സങ്കര സന്തതികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷം നിറഞ്ഞ കീടനാശിനികളും എല്ലാം ചേര്‍ന്ന് നമ്മുടെ ഭക്ഷ്യക്കലവറകളെ നിറച്ചെങ്കിലും രാസകൃഷിയുടെ പ്രത്യാഘാതങ്ങള്‍ നമ്മെ തന്നെ വേട്ടയാടുന്ന അനുഭവമാണ് ഇന്നുള്ളത്. ഇതില്‍ നിന്നാണ് ബയോ ഡൈനാമിക് ഫാമിങ് എന്ന ആശയത്തിലേക്കുള്ള തിരിച്ചുപോക്ക് ആരംഭിക്കേണ്ടതെന്നു ഈ ചെറുപ്പക്കാരന്‍ പറയുന്നു .

അനുദിനം വിഷമയമായിക്കൊണ്ടിരിക്കുന്ന മണ്ണും വെള്ളവും വായുവും ഭക്ഷണവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മണ്ണിന്റെയും മനുഷ്യന്റെയും പ്രകൃതിയുടേയും നിലനില്‍പിന് ഹാനികരമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ബദല്‍ കൃഷി രീതികളുടെ സാധ്യതകളെ കുറിച്ച അന്വേഷണം ലോകത്തിന്റെ പല കോണിലും ഉണ്ടായത് .അങ്ങനെയാണ് ബയോ ഡൈനാമിക് ഫാമിങ് ശക്തി പ്രാപിക്കുന്നത് .
പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ജീവനുള്ള വസ്തുക്കളും അവയുടെ അവശിഷ്ടങ്ങളും ചേര്‍ത്ത് മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്തുകയും ജൈവിക മാര്‍ഗങ്ങള്‍ അവലംബിച്ച് കീടരോഗ നിയന്ത്രണം സാധ്യമാക്കുകയും ചെയ്യുകയെന്നതാണ് ഈ കൃഷിയുടെ അടിസ്ഥാനം. കൃഷി, വിളവ്, ആരോഗ്യം, മണ്ണ്, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം പരസ്പര പൂരകങ്ങളാണെന്നും ഒന്നിനെ വിട്ട് മറ്റൊന്നിനെ പൂര്‍ണമായും സംരക്ഷിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് ഈ ഫാമിങ്ങിന്റെ അന്തസത്ത. ഇവിടെ വിളക്കല്ല പ്രാധാന്യം, മറിച്ച് മണ്ണിനാണ്. നിങ്ങള്‍ മണ്ണിനു ഭക്ഷണം നല്‍കൂ, നിങ്ങള്‍ക്കുള്ള ഭക്ഷണം മണ്ണ് തരും എന്ന ചിന്തയാണ് ഇപ്പോള്‍ ഉള്ളത്.

ശാസ്ത്രീയമായി ഏറെ മുന്നേറിയെന്നു പറയുമ്പോഴും, എല്ലാ മേഖലകളും കൈയടക്കിയെന്നഭിമാനിക്കുമ്പോഴും ഭയാനകങ്ങളായ രോഗങ്ങളുടെ പിടിയിലാണ് മനുഷ്യര്‍. ആധുനികമായ എല്ലാ സൗകര്യങ്ങളും വേണ്ടത്ര മരുന്നുകളും ചികിത്സകരും ഉണ്ടായിട്ടും രോഗങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് തകര്‍പ്പന്‍ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആഹാര ശീലങ്ങളില്‍ സൂക്ഷ്മതയും നിയന്ത്രണവും ഇല്ലാത്തതാണ് മനുഷ്യര്‍ ഇന്നനുഭവിക്കുന്ന മിക്കരോഗങ്ങളുടെയും അടിസ്ഥാന കാരണം. പകര്‍ച്ച വ്യാധിയെന്നോണം പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ ഹൃദ്രോഗം, കിഡ്‌നി രോഗം, കാന്‍സര്‍, എയിഡ്‌സ് തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ നിയന്ത്രണാതീതമായി ലോകത്താകമാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ഇനിയെങ്കിലും യാഥാര്‍ഥ്യം തിരിച്ചറിയാതിരുന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താന്‍ കഴിയുകയില്ല. സ്വാദിഷ്ഠമായ ആഹാരം സമൃദ്ധമായി ഭക്ഷിക്കുന്നവന്‍ 'പൊണ്ണത്തടി' കൊണ്ട് വിഷമിക്കുന്നു. കിഡ്‌നി കേടുവന്ന് ഡയാലിസിസും കിഡ്‌നി മാറ്റിവെക്കലും നടത്തി ജീവിതാവസാനം വരെ കുടുംബങ്ങളും രോഗിയും തീരാവേദനയോടെ ദിവസങ്ങള്‍ തള്ളി നീക്കുകയാണ്.

കൃത്യമായ ഭക്ഷണവും മരുന്നും കഴിക്കുന്നുവെന്ന് അഭിമാനിക്കുമ്പോഴും കുഴഞ്ഞുവീണു മരിക്കുന്നവരുടെ എണ്ണം ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു.കലോറി തിയറിയുടെ അടിസ്ഥാനത്തില്‍ പോഷകാംശം ഉള്ള കുറെ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരുമിച്ച് കഴിച്ചാല്‍ ശരീരം അവയെ ദഹിപ്പിച്ച് വിലച്ചെടുത്തുകൊള്ളും എന്ന മിഥ്യാ ധാരണയാണ് ജനങ്ങള്‍ക്കുള്ളത്.

കിട്ടുന്നതെല്ലാം കിട്ടുമ്പോഴൊക്കെ തിന്നും കുടിച്ചും ജീവിക്കാം, രോഗം വരുമ്പോള്‍ മരുന്നും കഴിക്കാം എന്ന ആധുനിക മനുഷ്യന്റെ വിദ്യാഭ്യാസം തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്. (പ്രകൃതിയുടെ നിയമത്തിനനുസരിച്ച് ജീവിക്കുവാന്‍ ബാധ്യതയുള്ള കോടിക്കണക്കിന് ജീവികളില്‍ ഒരു ജീവി മാത്രമാണ് മനുഷ്യന്‍. അമിതാധ്വാനം, അമിത ഭക്ഷണം, അമിത ലൈംഗികത, വിശ്രമരാഹിത്യം, വ്യായാമക്കുറവ്, കാറ്റു വെയിലും കൊള്ളാത്ത അവസ്ഥ ഇവയെല്ലാം പ്രകൃതി വിരുദ്ധ ജീവിതത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയാണ് ശരീരത്തില്‍ അഴുക്കുകെട്ടാന്‍ ഇടയാക്കുന്നത്.) ഈ അഴുക്ക് അന്യപദാര്‍ഥം, വിഷ സങ്കലനം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. ഇതാണ് എല്ലാ രോഗത്തിന്റെയും അടിസ്ഥാന കാരണംഇവയെ ശരീരത്തില്‍ നിന്ന് പുറംതള്ളാനാണ് രോഗമുണ്ടാകുന്നത്. ശരീരത്തില്‍ അന്യപദാര്‍ഥം എത്തിയ സാഹചര്യംവിഷ സങ്കലനമുണ്ടായ അവസ്ഥ, അതിന്റെ കാരണം എന്നിവ മനസ്സിലാക്കി ആ അവസ്ഥയെ ഇല്ലാതാക്കിയാല്‍ രോഗങ്ങളുണ്ടാവില്ല.

അവിടെയാണ് വിഷ രഹിതമായ പച്ചക്കറികളും നമുക്കാവശ്യമുള്ള ധാന്യങ്ങള്‍ ഉള്‍പ്പെടെ മനുഷ്യന്‍ തന്നെ മണ്ണില്‍ പണിയെടുത്തു ഉണ്ടാക്കിയാല്‍ യതൊരു രോഗത്തിനും നമ്മെ കീഴ്‌പെടുത്താനാവില്ല .ശരീരാവയവങ്ങള്‍ക്ക് കേടുവരുത്താത്ത, മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടാത്ത, ശരീരത്തിന് എല്ലാ വിധ പോഷണവും ലഭ്യമാകുന്ന ഒരു ആഹാര രീതി സ്വീകരിച്ചാലേ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താനാകൂ.

പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ആഹാരമെന്ന ഇന്ധനം എരിഞ്ഞുണ്ടാകുന്നതാണ്. ജീവ ശരീരത്തില്‍ തേയ്മാനം പരിഹരിക്കാന്‍ കൂടി ആഹാരമെന്ന ഇന്ധനം പ്രയോജനപ്പെടുന്നു. ഭക്ഷണത്തിലെ പോഷണം ഉപയോഗിച്ചാണ് പുതിയ കോശങ്ങള്‍ നിര്‍മിക്കപ്പെടുന്നതും വളര്‍ച്ച നടത്തുന്നതും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: ''ആഹാരം നിന്റെ ഔഷധമായിരിക്കട്ടെ, ആഹാരമല്ലാതെ നിനക്കൊരു ഔഷധവുമില്ല.'' ശരിയായി സൂര്യപ്രകാശം ലഭിച്ച് അവരവരുടെ പ്രദേശത്തു കൃഷിചെയ്തുകൊണ്ടുണ്ടാക്കുന്ന ഭക്ഷ്യവിളകളും പഴങ്ങളുമാണ് നാം കഴിക്കേണ്ടത്. അത് നമ്മുടെ ഔഷധവുമായിരിക്കും. ഭക്ഷണത്തിന്നാവശ്യമായ സാധനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശരീരത്തിന്നാവശ്യമായ എല്ലാ ഘടകങ്ങളും അതിലുണ്ടെന്ന് ഉറപ്പുവരുത്തണം.

ലോകത്തുണ്ടായ ചില മാറ്റങ്ങളില്‍ ആശങ്കയുള്ള ഒരു ചെറുപ്പക്കാരന്റെ വാക്കുകള്‍ ആണിത് .നല്ല ഭക്ഷണം,നമ്മുടെ കൈകളിലൂടെ തന്നെ ,ഒപ്പം ആരോഗ്യത്തിനായി അല്പം യോഗയും കൂടി ആകുമ്പോള്‍ മനുഷ്യന്‍ പരിപൂര്‍ണ്ണമായി എന്നൊന്നും പറയില്ല.പക്ഷെ അല്പം സ്വസ്ഥതയോടെ സ്വന്തം ശരീരത്തെ കാത്തുവെച്ചു വരും തലമുറയ്ക്ക് മാതൃകയാകാന്‍ സാധിക്കും.
രണ്ടു സെന്റു ഭൂമിയുള്ളവനും ഏക്കര്‍ കണക്കിന് ഭൂമിയുള്ളവനും അവനവന് വേണ്ട ഭക്ഷണം ഉണ്ടാക്കുക.സ്വന്തം കുടുംബത്തും സ്വയം കൃഷി ചെയ്തു കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആരോഗ്യം വീണ്ടെടുക്കാം എന്ന് മാത്രമാണ് ഈ യാത്രയില്‍ ജോസഫ് കൂവള്ളൂരിന് പറയാനുള്ളത്.

മകന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ പിന്തുണയുമായി പിതാവ് തോമസ് കൂവള്ളൂരും മാതാവ് സിസിലി കൂവള്ളൂരും ,സഹോദരിയും കുടുംബവും ഒപ്പമുണ്ട്
മാനവികതയുടെ കൃഷിയിടം മണ്ണാണ് :ജോസഫ് കൂവള്ളൂരിന്റെ കൃഷി പാഠം
Join WhatsApp News
Sudhir Panikkaveetil 2018-01-31 18:06:35
അഭിവന്ദ്യനായ ശ്രീ കൂവള്ളൂർ സാറിന്റെ മകന് എല്ലാ വിധ നന്മകളും നേരുന്നു. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യാൻ  ബംഗാളിയെയും ഒറിയക്കാരനെയും മലയാളി  ആശ്രയിക്കരുതെന്ന പഠന ക്‌ളാസും ആവശ്യമാണ്. 
Thomas Koovalloor 2018-02-03 23:03:35
Dear Sudheer Sir,
 I really appreciate you for spending time to read the article about Joseph Koovalloor, and making a positive comment about his challenging job. I am so happy that he has a passion towards the earth, and bio-dynamic organic agriculture and farming. I hope one day people realize the importance of keeping earth fertile without using chemicals. 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക