Image

പത്മാവത് നോര്‍ത്ത് അമേരിക്കയില്‍ കളക്ഷനില്‍ പത്താമത്

ഏബ്രഹാം തോമസ് Published on 02 February, 2018
പത്മാവത് നോര്‍ത്ത് അമേരിക്കയില്‍ കളക്ഷനില്‍ പത്താമത്
ഏറെ നാളുകള്‍ക്കുശേഷം ഒരു ഇന്ത്യന്‍ (ഹിന്ദി) ചിത്രം ഒരാഴ്ചയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്തി. 4.4 മില്യന്‍ ഡോളര്‍ കളക്ഷനുമായി സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത് ആണ് പത്താം സ്ഥാനത്തെത്തിയത്. അമേരിക്കയിലെയും കാനഡയിലെയും ബോക്‌സ് ഓഫിസ് വരുമാനം ആണിത്.

ഓസ്‌കര്‍ അവാര്‍ഡുകളുടെ നാമ നിര്‍ദേശപട്ടിക പുറത്തുവന്നതിനാല്‍ ചലച്ചിത്ര പ്രേമികള്‍ ആ ചിത്രങ്ങള്‍ കാണാന്‍ കൂടുതല്‍ താല്‍പര്യപ്പെടാറുണ്ട്. പത്മാവതിന് ധാരാളം എതിര്‍പ്പുണ്ടായിരുന്നു. ചിത്രത്തിന് നോര്‍ത്ത് അമേരിക്കയില്‍ ഇത്രയും വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കുമെന്ന് വിതരണക്കാര്‍ പോലും കരുതിയിരുന്നില്ല.

190 കോടി രൂപയാണ് ആദ്യം ചിത്രത്തിന്റെ നിര്‍മ്മാണ ചെലവായി പറഞ്ഞിരുന്നത്. ചിത്രം വലിയ വിജയമായപ്പോള്‍ ഇപ്പോള്‍ നിര്‍മ്മാണ ചെലവ് 215 കോടി രൂപയാണെന്ന് പറയുന്നു. തിയേറ്റര്‍ കളക്ഷനുകളും റിലീസ് ചെയ്യാന്‍ കഴിയാതെ വന്ന സംസ്ഥാനങ്ങളുടെ വകയായി ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാര തുകയും വിവിധ ജനങ്ങളിലുള്ള വരുമാനവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിഹിതവും എല്ലാം കണക്കിലെടുത്താല്‍ ചിത്രം ഇതുവരെ നേടിയത് 350 കോടി രൂപ (നെറ്റ്) യാണെന്ന് ബോളിവുഡ് സിനിമാ വ്യവസായ പണ്ഡിതര്‍ പറയുന്നു.

കഴിഞ്ഞയാഴ്ച നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത ഹോളിവുഡ് ചിത്രം മെയ്‌സ് റണ്ണര്‍ : ദ ഡെത്ത് ക്യുയര്‍ ആയിരുന്നു. (24.1 മില്യന്‍ ഡോളര്‍). പരമ്പരയിലെ മൂന്നാമത്തെ ചിത്രം ആദ്യ രണ്ടു ചിത്രങ്ങളുടെയത്രയും (യഥാക്രമം 32.5 മില്യന്‍, 30.3 മില്യന്‍ ഡോളര്‍) നേട്ടം ഉണ്ടാക്കിയില്ല. കഴിഞ്ഞ രണ്ടാഴ്ചകളില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ജൂമാന്‍ജി : വെല്‍കം ടു ദ ജംഗിള്‍ 16.1 മില്യന്‍ ഡോളറുമായി രണ്ടാം സ്ഥാനത്തെത്തി. ഇതുവരെ ചിത്രം നേടിയിരിക്കുന്നത് 338.1 മില്യന്‍ ഡോളറാണ്.

2,816 സ്‌ക്രീനുകളിലേയ്ക്ക് പ്രദര്‍ശനം വിപുലപ്പെടുത്തിയ ഹോ സ്‌റ്റൈല്‍സ് 10.1 മില്യന്‍ ഡോളര്‍ നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. നാലാം സ്ഥാനത്ത് ദ ഗ്രേറ്റസ്റ്റ് ഷോമാന്‍ (9.5 മില്യന്‍ ഡോളര്‍), അഞ്ചാം സ്ഥാനത്ത് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് പെന്റഗണ്‍ പേപ്പേഴ്‌സിന്റെ കഥ പറഞ്ഞ ദ പോസ്റ്റ് (9.1 മില്യന്‍ ഡോളര്‍), ആറാം സ്ഥാനത്ത് 12 സ്‌ട്രോംഗ് (8.7 മില്യന്‍ ഡോളര്‍) ഏഴാം സ്ഥാനത്ത് ഡെന്‍ ഓഫ് തീവ്‌സ് (8.6 മില്യന്‍ ഡോളര്‍), എട്ടാം സ്ഥാനത്ത് ദ ഷേപ്പ് ഓഫ് വാട്ടര്‍( 5.9 മില്യന്‍ ഡോളര്‍) ഒന്‍പതാം സ്ഥാനത്ത് പാഡിംഗ്ടണ്‍ (5.6 മില്യന്‍ ഡോളര്‍) പത്താം സ്ഥാനത്ത് പത്മാവത് (4.4 മില്യന്‍ ഡോളര്‍) എന്നിങ്ങനെ ആയിരുന്നു ആദ്യ 10 ചിത്രങ്ങളുടെ പ്രകടനം.

ഓസ്‌കര്‍ നിശയ്ക്ക് ഇനി ആറ് ആഴ്ചകളേയുള്ളൂ. നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളോടുള്ള താല്‍പര്യം വര്‍ധിച്ചുവരികയേയുള്ളൂ. ദ ഷേപ് ഓഫ് വാട്ടര്‍ 13 നോമിനേഷനുമായി ആരാധകര്‍ക്ക് വലിയ പ്രലോഭനം നല്‍കുന്നു. നല്ല ചിത്രം, നല്ല സംവിധായകന്‍, നല്ല നടി, നല്ല സഹനടന്‍, നല്ല സഹനടി ഇങ്ങനെ പോകുന്നു പ്രലോഭനങ്ങള്‍.

പത്മാവത് നോര്‍ത്ത് അമേരിക്കയില്‍ കളക്ഷനില്‍ പത്താമത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക