Image

മനുഷ്യന്‍ കുരങ്ങനില്‍ നിന്നോ? (സന്തോഷ് പിള്ള)

സന്തോഷ് പിള്ള Published on 03 February, 2018
മനുഷ്യന്‍ കുരങ്ങനില്‍ നിന്നോ? (സന്തോഷ്  പിള്ള)
'പരിണാമ   സിദ്ധാന്തം   പൊളിയാണ് .  കുരങ്ങനില്‍  നിന്നും മനുഷ്യനുണ്ടായോ? മനുഷ്യനേക്കാള്‍  ബുദ്ധി കൂടിയ  മറ്റൊരു   ജീവി  ഉണ്ടാകേണ്ടതല്ലേ?  അതെവിടെ?'   പൊതുവെ കേള്‍ക്കുന്ന ചോദ്യങ്ങള്‍.

അനേകം  കോടി വര്‍ഷം  ചരിത്രമുള്ള  ഭൂമിയില്‍  കേവലം  നൂറു  വര്‍ഷം  മാത്രം ജീവിക്കുന്ന  ഒരു മനുഷ്യന്  ഈ പ്രതിഭാസം  എങ്ങനെ  നോക്കി  കാണാന്‍ സാധിക്കും?  ഒരു  മണിക്കൂറില്‍  67000 മൈല്‍  വേഗതിയില്‍  ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് പറഞ്ഞാല്‍,  പിന്നെ അതെങ്ങനെ  സംഭവിക്കാനാ?. ഞാനതറിയിന്നില്ലല്ലോ,  എന്നായിരിക്കും  പലരുടെയും ചിന്താഗതി. ഇതോടൊപ്പം മണിക്കൂറില്‍  1000  മൈല്‍  വേഗതിയില്‍  ഒരു  പമ്പരം  കറങ്ങുന്നതു പോലെ സ്വയം  കറങ്ങി  കൊണ്ടിരിക്കുന്നു  എന്ന്  കൂടി  ആയാലോ? !!!

ജീവന്‍  ജലത്തില്‍  ഉത്ഭവിച്ചു.  പിന്നീട്  ഉഭയ  ജീവികളായി  പതുക്കെ കരയിലേക്ക്   കുടിയേറി.  അവരില്‍  ചിലര്‍  ആകാശത്ത്  പറവകളായി, കരയില്‍  വാസം തുടങ്ങിയവരില്‍  ചിലര്‍  വീണ്ടും  വെള്ളത്തിലേക്ക്   താമസം മാറ്റി.  അങ്ങനെ  അങ്ങനെ  മാറി  മാറി  മനുഷ്യരായി  തീര്‍ന്നു.  അമ്മയുടെ  ഗര്‍ഭ പാത്രത്തില്‍   ഭ്രൂണമായി  ഉടലെടുക്കുന്ന  ഒരു ജീവന്‍  വളര്‍ച്ചയുടെ  ഓരോ ഘട്ടങ്ങളിലും  പരിണാമത്തിന്റെ  ചരിത്രത്തിലൂടെ  കടന്നുപോകുന്നു. 

ഇതെല്ലാം   കേട്ടുപഴകിയ കഥ.   പുതിയതെന്തെങ്കിലും  ഉണ്ടോ? 
സുഹൃത്തിന്റെ  നവജാത  ശിശുവിനെ  കാണാന്‍  ചെന്നപ്പോള്‍,  കുഞ്ഞ്  മുഷ്ടി ചുരുട്ടി  ബലമായി  പിടിച്ചിരിക്കുന്നു.  ഫലിത  പ്രിയനായ  സുഹൃത്ത്  പറഞ്ഞു, ഇവന്‍  വളര്‍ന്ന്  ഒരുരാഷ്ട്രീയക്കാരന്‍  ആകുമെന്ന  എല്ലാ  ലക്ഷണവും  കാണുന്നുണ്ട്.  ' ഇപ്പോഴേ മുഷ്ടി ചുരുട്ടി,  ഇങ്കിലാബ്  സിന്ദാബാദ്  വിളി  തുടങ്ങി'. പക്ഷെ, ഭൂമിയില്‍  പിറന്നു വീഴുന്ന  എല്ലാ കുഞ്ഞുങ്ങളും ബലമായി കൈകള്‍ ചുരുട്ടി  പിടിച്ചിരിക്കും.   മരം ചാടിയും, മരത്തിനു  മുകളിലും   ജീവിച്ചിരുന്ന  പൂര്‍വികര്‍ക്ക്  കുട്ടികള്‍  ജനിക്കുമ്പോള്‍,  കുഞ്ഞുങ്ങള്‍  താഴെ വീണ്  അപകടം സംഭവിക്കാതിരിക്കാന്‍  പ്രകൃതി   സ്വയമേ  പഠിപ്പിച്ചതാണത്രേ  ഈ വിദ്യ. രോമാവൃതമായ  മാതാവിന്റെ  ശരീരത്തില്‍  അള്ളിപ്പിടിച്ചു  കിടന്ന്  വീഴ്ചയില്‍ നിന്നും  രക്ഷനേടാന്‍.

അനേകം  മാറ്റങ്ങളിലൂടെ  കടന്നു വന്ന  നമ്മളുടെ ശരീരത്തില്‍ ,  പൂര്‍വികര്‍ ഉപയോഗിച്ചിരുന്നതും,  എന്നാല്‍  ഇപ്പോള്‍  ഉപയോഗമില്ലാത്തതുതമായ നിരവധി പേശികള്‍  കാണാന്‍ സാധിക്കുന്നു.  ചില  മനുഷ്യരില്‍  ചെവി ക്കുട  ചലിപ്പിക്കാവുന്ന  പേശികള്‍  നിലനില്‍ക്കുന്നതിനാല്‍  അവര്‍ക്ക്  ചെവി അനക്കാന്‍  സാധിക്കുന്നു.  ശബ്ദം കേള്‍ക്കുന്ന  ദിശയിലേക്കു  ചെവി തിരിക്കുന്ന ജീവികളുടെ  പിന്തുടര്‍ച്ചയാണിത്.  പുതുതായി പണിതീര്‍ത്ത  കെട്ടിടത്തതിന്റെ വക്കിനും  മൂലക്കുമൊക്കെ,  തേക്കുമ്പോള്‍  അധികം  വരുന്ന  സിമിന്റ്   എപ്രകാരമാണോ  പറ്റി  പിടിച്ചിരിക്കുന്നത്   അതുപോലെ  പല  അനാവശ്യ  പേശികളും, എല്ലുകളും, പല്ലുകളും  നമ്മളുടെ ശരീരത്തിലും കുടികൊള്ളുന്നു.

കൈപ്പത്തി  നിവര്‍ത്തിപ്പിടിച്ച്   ചെറുവിരല്‍  തള്ള വിരലിനോട് ചേര്‍ത്തുപിടിച്ചാല്‍ പതിനഞ്ച്  ശതമാനം  മനുഷ്യരുടെ  കൈത്തണ്ടയിലും എഴുന്ന്  നില്‍ക്കുന്ന  'പല്‍മാരിസ്  ലോങ്ങസ്സ്' എന്ന  പേശി കാണാന്‍ സാധിക്കും. നമ്മളുടെ ശരീരത്തിന്  ഒരു ഗുണവും ഇല്ലാത്ത  ഈ  പേശി,  നടക്കാന്‍  നാല് കാലുകളും ഉപയോഗിച്ചിരുന്ന  ജീവികളില്‍  നിന്നും പിന്തുടര്‍ച്ചയായി നമ്മള്‍ക്ക്  ലഭിച്ചതാണ് . ശരീരത്തിലെ  മറ്റുള്ള  സ്ഥലങ്ങളില്‍  പേശിക്ക്  ആവശ്യം വരുമ്പോള്‍,  ഡോക്ടര്‍മാര്‍  ആദ്യമായി  ശസ്ത്രക്രിയ  ചെയ്‌തെടുക്കുന്നതും  ഈ പേശി തന്നെ. എണ്‍പത്തിയഞ്ചു  ശതമാനം  ജനങ്ങളിലും  ഈ  പേശി  ഇല്ലാത്തതു കൊണ്ട് , കൈകളുടെ  പ്രവര്‍ത്തനത്തില്‍  ഒരു  തകരാറും  ഇല്ലതാനും.

ഭക്ഷണം  പാകം  ചെയ്യാന്‍  പഠിക്കുന്നതിനു  മുമ്പ്  നല്ലതുപോലെ  ചവച്ചരച്ചാണ്  മുന്‍  തലമുറക്കാര്‍  ആഹാരം കഴിച്ചിരുന്നത്. പല്ലുകള്‍ക്ക്  വേണ്ടത്ര പരിചരണം ഇല്ലാത്തതു  മൂലം  കൗമാര പ്രായത്തില്‍  ദന്ത നഷ്ടം  സാധാരണമായിരുന്നു. വേവിച്ച്  ഭക്ഷിക്കാന്‍  ആരംഭിച്ചപ്പോള്‍  പല്ലുകള്‍ക്ക്  അധികം വ്യായാമം ആവശ്യമില്ലാതെ  വരുകയും,  താടിയെല്ലുകള്‍  ചെറുതാവുകയും  ചെയ്തു. എന്നാല്‍  പഴയ കാലത്തിന്റെ  ഓര്‍മ്മയില്‍  നിന്നും  വിസ്ഡം ടീത്ത്  എന്ന ഓമന  പേരില്‍  ഒരു അണപല്ല്  യൗവ്വനാരംഭത്തില്‍  ഉണ്ടായിവരുമ്പോള്‍ ,  അതിന്  നിലകൊള്ളാന്‍  താടിയെല്ല്   ഇല്ലാത്തതു കൊണ്ട്   പറിച്ച്  മാറ്റേണ്ടതായി വരുന്നു.

വന്‍കുടലിന്റെ  അറ്റത്തായി  ഒരു കുഴലിന്റെ  ആകൃതിയില്‍  ഉള്ള  ചെറിയ അറയാണ്  അപ്പന്റിക്‌സ് .  ഒരു  കോടി  വര്‍ഷങ്ങളില്‍  ഉണ്ടായിട്ടുള്ള  സസ്തനങ്ങളെ പരിശോധിച്ചപ്പോള്‍  പല ജീവികളിലും  അപ്പന്റിക്‌സ്  നിലനില്‍ക്കുകയും,  പിന്നീട്  പല സസ്തനങ്ങളിലും  ഇല്ലാതാവുകയും  ചെയ്യുന്നതായി കണ്ടെത്തി.  അണുബാധ  ഉണ്ടായി പൊട്ടുമ്പോള്‍  വളരെ  പെട്ടെന്ന്  ശസ്ത്രക്രിയയിലൂടെ  നീക്കം ചെയ്യേണ്ട  ഒരു കുഴപ്പക്കാരനായിട്ടാണ്   അപ്പന്റിക്‌സി നെ   പൊതുവെ അറിയപ്പെട്ടിരുന്നത് .  പല  സസ്തനങ്ങളിലും  ഇല്ലാതായിട്ട്   മനുഷ്യരില്‍  വീണ്ടും  പ്രത്യക്ഷപെടാനുള്ള   കാരണം  ശാസ്ത്രജ്ഞര്‍  അന്വേഷിച്ചു.  ഉദര രോഗങ്ങള്‍  ഉണ്ടാക്കുന്ന  അപകട കാരികളായ  ബാക്ടീരിയകളില്‍  നിന്നും രക്ഷ  നേടുവാനായി നമ്മള്‍ക്കാവിശ്യമുള്ള  നല്ല  ബാക്ടീരിയകള്‍ക്ക്   ഒളിച്ചു താമസിക്കാനുള്ള  സ്ഥലമായതുകൊണ്ടാണ്  അപ്പന്റിക്‌സ്  വീണ്ടും മനുഷ്യരില്‍ വച്ചുപിടിപ്പിച്ചിരിക്കുന്നത്.

നട്ടെല്ലിന്റെ  താഴത്തെ  അറ്റത്ത്  മൂന്ന് മുതല്‍  അഞ്ചു വരെ കശേരുക്കള്‍ ചേര്‍ന്നുണ്ടായിരിക്കുന്ന ഭാഗത്തെയാണ് 'കോക്കിക്‌സ് ' എന്നുപറയുന്നത് .
വാല്‍ എല്ല് എന്ന പേരിലും  ഇവ അറിയപ്പെടുന്നു.  പരിണാമത്തിന്റെ പിന്നാമ്പുറത്തെവിടെയോ  കൈമോശം വന്ന  ഒരു വാലിന്റെ  ശേഷ  ഭാഗമായി അവ  ഇപ്പോഴും  നമ്മോടൊപ്പം  കൂടിയിരിക്കുന്നു. നമ്മള്‍ക്ക്  ഏറെക്കുറെ ആവശ്യമില്ലാതെ  വന്നിട്ടും  ഇപ്പോഴും  ശരീരത്തില്‍  നിലനില്‍ക്കുന്ന  രോമം പോലെ, വാലും  കൂടി  നിലനിന്നിരുന്നെങ്കില്‍,  ആലോചിക്കാന്‍  രസമുള്ള  ഒരു വിഷയമാണ് . തലമുടിയില്‍ കാണിക്കുന്ന  വിക്രിയ കള്‍  പോലെ, വാലില്‍  നമ്മള്‍ എന്തൊക്കെ  ചെയ്യുമായിരുന്നേനെ?
നല്ല ഒരു ഗാനം ആസ്വദിച്ചു്  സ്വയംമറന്നിരിക്കുമ്പോഴും, തീവ്ര വികാരങ്ങള്‍ക്കടിമപ്പെടുമ്പോഴുമെല്ലാം ശരീരത്തിലെ  രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നത്   അനുഭവപ്പെടാത്തവര്‍  ഉണ്ടാവില്ല. 'രോമാഞ്ച കഞ്ചുകം ' എന്നൊക്കെ  ഒരു കാവ്യാ ഭാഷയും  ഉണ്ടല്ലോ?  തൊലിപ്പുറത്തു  തടിപ്പും ഇതിനോടൊപ്പം വരുന്നതു കൊണ്ടാവാം  'ഗൂസ്  ബംപ്‌സ് ' എന്നും അറിയപ്പെടുന്നത് . തണുപ്പില്‍ നിന്നും രക്ഷനേടുന്നതിനായി പക്ഷികളും, മൃഗങ്ങളുമൊക്കെ ശരീരത്തിലെ രോമം എഴുന്നു നിര്‍ത്തി, അതിനുള്ളില്‍,  ശരീരത്തില്‍  തട്ടി ചൂടായിട്ടുള്ള  വായുവിനെ കുടുക്കി ഇടുന്നതിനു വേണ്ടിയാണ്  ഇങ്ങനെ ഒരു സ്വഭാവം പ്രകടമാക്കുന്നത്.  ആക്രമിക്കപ്പെടുമ്പോള്‍  സ്വന്തം  ശരീര  വലിപ്പം  പെരുപ്പിച്ചു  കാണിക്കുവാനും  ജന്തു വര്‍ഗം ഈ മാര്‍ഗം സ്വീകരിക്കാറുണ്ട് .
ഇതൊന്നും  എനിക്ക്  വിശ്വസിക്കാന്‍  കഴിയില്ല. എപ്പോഴും മാറികൊണ്ടിരിക്കുകയാണെങ്കില്‍  മനുഷ്യനെക്കാള്‍  ബുദ്ധിയുള്ള  വേറൊരു ജീവി വരേണ്ടതല്ലേ,  അതെവിടെ?

ആയിരത്തിഅഞ്ഞൂറുകളില്‍  സ്പാനിഷ്  സഞ്ചാരികള്‍,  യൂറോപ്പില്‍  നിന്നും, കപ്പലില്‍  കുതിരകളെ കൊണ്ടുവന്ന്  അതിന്മേല്‍ യാത്ര ചെയ്ത്  അമേരിക്കയിലെ  റെഡ് ഇന്ത്യക്കാരെ  നേരിട്ടപ്പോള്‍ , കുതിരയേയും, അതില്‍ യാത്രചെയ്യുന്ന മനുഷ്യരെയും  ആദ്യമായി കാണുന്ന  റെഡ് ഇന്ത്യന്‍സ്  വിചാരിച്ചത്  ഇതൊരു പുതിയ ജീവി ആണെന്നാണ് .  കുതിരയും  മനുഷ്യനും  ചേര്‍ന്ന  ഒറ്റ ജീവി!!! പിന്നീട്  അമേരിക്കന്‍  ഭൂഖണ്ഡത്തില്‍  ആകമാനം  നടന്ന  വര്‍ഗ്ഗ സമരത്തില്‍ അമേരിക്കന്‍  ഇന്‍ഡ്യക്കാരെ,  യൂറോപ്പില്‍  നിന്നും  വന്നവര്‍  കീഴ്‌പെടുത്തി. മെച്ചമായ  ആയുധങ്ങള്‍  കൊണ്ടും, യുദ്ധ തന്ത്രങ്ങള്‍  കൊണ്ടും ഒരുവിഭാഗം മനുഷ്യര്‍  മറ്റൊരു  വിഭാഗത്തെ അടിച്ചമര്‍ത്തുന്നതിന്  അമേരിക്ക  സാക്ഷ്യം വഹിച്ചു.  അനേക സംവത്സരങ്ങളായി സമുദ്രത്താല്‍  വേര്‍പെട്ടു  നിന്ന  മനുഷ്യ സമൂഹങ്ങളില്‍  നിലനിന്നിരുന്ന  രോഗങ്ങള്‍  പോലും വ്യത്യസ്തങ്ങളായിരുന്നു. വസൂരി എന്ന മാരക രോഗം  എന്തെന്നറിയാതിരുന്ന  അമേരിക്കന്‍ ഇന്‍ഡ്യക്കാരില്‍  പലരും അസുഖം  പടര്‍ന്നുപിടിച്ചു മരണമടഞ്ഞു.   അസുഖം  ബാധിച്ച  യൂറോപ്പുകാര്‍  പുതച്ച കമ്പിളി പുതപ്പുകള്‍, ഞങ്ങള്‍ സന്തോഷത്തോടെ ദാനമായി തരുകയാണ്  എന്ന കപട  നാട്യത്താലാണ് അവര്‍ക്ക്  കൊടുത്തത് . ഈ  രോഗത്തിനെതിരെയുള്ള പ്രതിരോധ  ശക്തി  റെഡ്   ഇ ന്‍ഡ്യന്‍സിനില്ലായിരുന്നു.  പുതപ്പ്  ഒരു ജൈവ ആയുധമായിരിന്നു. കടല്‍ കടന്നു  വന്നവര്‍ക്കെന്തോ  അത്ഭുദ സിദ്ധിയുള്ളതുകൊണ്ടാണ്  ഈ അസുഖം ഞങ്ങളില്‍ പരത്താന്‍  സാധിക്കുന്നെതെന്നു  അമേരിക്കന്‍  ഇന്ത്യക്കാര്‍  ഉറച്ചു വിശ്വസിച്ചിരുന്നു.

ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അമേരിക്കയിലെ  ആദിവാസികള്‍ അമേരിക്കന്‍  ഇന്ത്യന്‍സ്  ആയിരുന്നു  എന്ന് പറഞ്ഞാല്‍  അന്നുണ്ടാകാന്‍ പോകുന്ന തലമുറ  വിശ്വസിക്കുമോ?  ചിത്രങ്ങളും, ചരിത്ര രേഖകളും ഉള്ളത്  കൊണ്ട്  കുറച്ചു പേര്‍ സത്യം അറിഞ്ഞെന്നിരിക്കും.  ഇപ്പോള്‍  തന്നെ  വളരെ  കുറച്ചു്  റിസര്‍വേഷനുകളിലായി  ഒതുങ്ങി  ജീവിക്കുന്ന  റെഡ് ഇന്ത്യന്‍സ്,  ഭൂരിപക്ഷ സമൂഹത്തില്‍  ലയിച്ചില്ലാതാകാനുള്ള  സാധ്യത വളരെ അധികമാണ്. രൂപത്തില്‍  തന്നെ  യൂറോപ്പില്‍  നിന്നും  കുടിയേറിയവരില്‍  നിന്നും  ഇവര്‍ വ്യത്യാസപ്പെട്ടിരിക്കുന്നു  എന്ന്  ഇവരെ  നേരില്‍  കാണുന്ന  ഇന്നത്തെ  ജനത മനസ്സിലാക്കും.  പക്ഷെ നമ്മുടെ പിന്‍തലമുറക്കാരോ?  ഹോമോസേപ്പിയന്‍സ്  എന്ന വംശത്തിലെ  തന്നെ  ഒരു വിഭാഗം  മറ്റൊരു  വിഭാഗത്തെ  ഇല്ലാതാക്കുന്നതിന്റെ  നല്ല  ഒരു നേര്‍ക്കാഴ്ചയാണ്  ഇപ്പോള്‍  അമേരിക്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കുറേക്കൂടി  പിന്നോട്ട്  പോയാല്‍,  അഗ്‌നിയെ ആദ്യമായി നിയന്ത്രണ വിധേയമാക്കിയ  ആദിമമനുഷ്യരെ,  അവരുടെ  തൊട്ട്  മുമ്പുള്ള  തലമുറ അത്ഭുദത്തോടെ  ആയിരിക്കും  നോക്കികണ്ടത്.  പുതിയ ഒരു ജീവിവര്‍ഗം എന്നുപോലും അവര്‍ കരുതിയിരിക്കാം. 
ഓരോ  പുതിയ ഉപകരണങ്ങളും, ആയുധങ്ങളും നിര്‍മ്മിച്ച്  അവ ഉപയോഗിക്കാന്‍  മനുഷ്യര്‍  പഠിച്ചപ്പോഴെല്ലാം,   പുതിയ  ഒരു ജീവിവര്‍ഗം  ഉദയം ചെയ്യുകയാണുണ്ടായത്.  ആശയ  വിനിമയത്തിന്   ഭാഷ കൂടി കണ്ടുപിടിച്ചതോട്,  മാറ്റത്തിന്റെ  അനന്തസാധ്യതയുടെ  വാതായനം നമ്മള്‍  മലര്‍ക്കെ തുറന്നിട്ടു . അക്ഷരങ്ങളിലൂടെയും, അക്കങ്ങളിലൂടെയും,  അറിവുകള്‍  നഷ്ടപ്പെടാതെ  അടുത്ത  തലമുറകള്‍ക്ക്  പകര്‍ന്നു  കൊടുക്കുവാനും  നമ്മള്‍ക്ക്  ഇപ്പോള്‍ സാധിക്കുന്നു.  

ശൂന്യാകാശ  പര്യവേഷണം  കഴിഞ്ഞു  മാതൃപേടകത്തില്‍  നിന്നും ഗഗനസഞ്ചാരികള്‍  ഭൂമിയിലേക്കിറങ്ങുമ്പോള്‍ പുതിയ  ഒരു  ജീവി വര്‍ഗത്തെ നമ്മള്‍ കാണുന്നു.   അഞ്ച്  വയസ്സുള്ള  ഒരു  കുട്ടി, സെല്‍  ഫോണില്‍ കുഞ്ഞുവിരലുകള്‍ ചലിപ്പിച്ചു  അനായാസേനെ  ഓരോരൊ  ആപ്ലിക്കേഷനിലൂടെ  യാത്ര ചെയ്ത്  കളിച്ചു രസിക്കുമ്പോളും  നമ്മള്‍  കാണുന്നത് പുതിയ  ഒരു  ജീവിവര്‍ഗ്ഗത്തിന്റെ  ഉദയം  തന്നെയാണ്.  നമ്മള്‍ക്ക് സമ്മതമാണെങ്കിലും, അല്ലെങ്കിലും, നമ്മള്‍ അറിയിന്നുണ്ടെങ്കിലും, ഇല്ലെങ്കിലും നമ്മള്‍ മാറിക്കൊണ്ടിരിക്കുകയാണ് . ഈ പ്രതിഭാസത്തിന്  നമ്മള്‍ക്കിഷ്ടമുള്ള നാമം കൊടുക്കാം.  മാറ്റം, ചലനം, പട്ടണവാസി, പരിഷ്‌കാരി,  പരിണാമം അങ്ങനെ പലതും.
കടപ്പാട്.

https://www.sciencealert.com/your-appendix-might-serve-an-important-biological-function-after-all-2

 


Join WhatsApp News
truth and justice 2018-02-03 08:16:07
The bible is very clearly written almighty God created Adam the first man with lump of clay and God breathed in to his nostrils. We read the Darvin the author of theory of evolution finally acknowledged that there is a living God.
sunu 2018-02-03 21:38:34
ആവശമില്ലാത്തിടത്തോക്കെ പൂട ശരീരത്തിൽ കിളിർക്കുന്നു. അതും കുരങ്ങിന്റെ ഭാഗം ആണോ ? ഈ പൂടയാണ് ഇന്ന് ബ്യൂട്ടിപാര്ലർ എന്ന ശതകോടിയുടെ ബിസിനസ് നടത്തുന്നത്. 
ദൈവം 2018-02-03 22:42:19
പരിണാമ സിദ്ധാന്തത്തീലൂടെ നിങ്ങൾ 
എന്നെ തുരത്താമെന്നോർത്തിടേണ്ട  
കുരങ്ങന്റെ വാല് മുറിച്ചു നിങ്ങൾ 
മനുഷ്യനെ തീർക്കാമെന്നോർത്തിടേണ്ട  
'ദൈവ കണിക'യിലൂടെ നിങ്ങൾ 
എന്നെ പിടിക്കാമെന്നോർത്തിടേണ്ട 
നിൻറെ മുതു മുത്തച്ചന്മാർ 
എന്നെ പിടിക്കാൻ ഓടി ഓടി 
ഒടുവിൽ കാല പുരിക്ക്‌പോയി 
ഞാൻ മാത്രം ഇന്നും ജീവിക്കുന്നു 
ഞാനാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവൻ 
എന്നെ തൊട്ട് കളിച്ചിടേണ്ട 
അക്കളി തീക്കളി ആയിമാറും 
അഗ്നിയായ് വായുവായി തീപ്പൊരിയായ് 
ഉണ്ട് ഞാൻ ഇവിടെ യൊക്കെ 
എന്റെ മക്കൾ ജയനേം മാത്തുള്ളേയും 
പന്ത്‌ തട്ടാമെന്നോർത്തിടേണ്ട 
അവരെന്റെ ജീവനെ കാത്തിടുന്നോർ 
അവർ ചാകും എനിക്കായ് വേണ്ടിവന്നാൽ

സുനു കുട്ടന് 
ആവശ്യമില്ലാത്തടത്ത് രോമം വന്നാൽ 
അടുത്തുള്ള മൃഗശാലേൽ അഭയം തേടൂ 
പരിണാമ പ്രക്രയയിൽ പിഴവ് വന്നാൽ 
ഇതുപോലെ വന്നിടും  രക്ഷയില്ല 
എനിക്കുള്ള നേർച്ച കഴിച്ചു വന്നാൽ 
നിന്നെ ഞാൻ തിരികെ മനുഷ്യനാക്കാം
 
 
സൃഷ്ടിക്ക് സമയമായി ഭാര്യ വിളിച്ചിടുന്നു
ചെന്നില്ലേൽ പട്ടിണിക്കിട്ടു കൊല്ലുമവൾ  
ഞാൻ എന്നാൽ ചെല്ലട്ടെ പിന്നെ കാണാം
നിങ്ങളും പോയി സൃഷ്ടിക്കൂ കുട്ടികളെ 
പരിണാമവാദികൾ തുലഞ്ഞിടട്ടെ 
ജയനും മാത്തുള്ളേം അവരെ നോക്കിടട്ടെ 

മർക്കട രോദനം 2018-02-04 14:52:11
വേണ്ടനിക്ക് മനുഷ്യനാകേണ്ട 
നല്ലൊരു മർക്കടമായി ജീവിക്കണം
എന്റെ വാല് മുറിക്കുവാൻ 
കത്തിയുമായി കറങ്ങുന്ന കൂട്ടരേ 
വാല് മുറിയ്ക്കല്ലേ കേണപേക്ഷിക്കുന്നു 
ഞങ്ങളെ വെറുതെ വിടേണമേ.
വാല് ചുറ്റി മരക്കൊമ്പിലാടി 
ഒന്നിൽ നിന്നൊന്നിലേക്ക് ചാടി 
ആനന്ദ ജീവിതം കാട്ടിൽ കഴിക്കണം 
വേണ്ട ഞങ്ങൾക്ക് പരിണാമം ഒട്ടുമേ 
വേണ്ട നിങ്ങടെ സംസ്ക്കാരം ഒട്ടുമേ 
കണ്ടാൽ  തമ്മിൽ കടിച്ചു കീറും നിങ്ങൾ 
പാരവയ്ക്കും പരസ്പരം ചതിക്കും 
വേണ്ടിവന്നാൽ കത്തിക്ക് കുത്തും 
ഹി ഹി ഇത് കഷ്ടം ഞങ്ങൾക്കില്ലതൊട്ടുമേ 
ഞങ്ങൾ സന്തുഷ്ടരാണീ കാട്ടിൽ 
ഞങ്ങളെ വെറുതെ വിടുക 
ഞങ്ങളും നിങ്ങളും തമ്മിൽ ബന്ധമല്ല 
നങ്ങൾ നിങ്ങളുടെ പൂര്വികരുമല്ല 
ഞങ്ങളെ വെറുതെ വിട്ടിടൂ ദയവായി 
വിദ്യാധരൻ 2018-02-04 22:25:52
മനുഷ്യനും മർക്കടവും 

മനുഷ്യൻ 
"നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന
മർക്കടാ നീയങ്ങു മാറിക്കിടാ ശഠാ
ദുർഘടസ്ഥാനത്തു വന്നു ശയിപ്പാൻ
നിനക്കെടാ തോന്നുവാൻ എന്തെടോ സംഗതി
നാട്ടിൽപ്രഭുക്കളെക്കണ്ടാലറിയാത്ത
കാട്ടിൽക്കിടക്കുന്ന മൂളിക്കുരങ്ങു നീ" (നമ്പ്യാർ

മുതു മുത്തച്ഛൻ മർക്കടം  

തന്തയെം തള്ളയെം കണ്ടാലറിയാത്ത  
കാര്യം കഴിയുമ്പോൾ തല്ലി ഇറക്കുന്ന;
നിങ്ങളിൽ നിന്ന് മറ്റെന്തു പ്രതീക്ഷിപ്പൂ
നിന്റെ പ്രപിതാമഹൻ ഞാനീ മർക്കടം.
കാലങ്ങൾ എത്ര കഴഞ്ഞാലും നീ നിന്റെ 
പൂർവ്വകാല ചരിത്രം ചിക്കിചികയുമ്പോൾ 
കാണാമെൻ വാലിന്നടയാളം പൃഷ്ഠം നീ തപ്പുകിൽ
'ഇന്ന് ഞാൻ  നാളെ നീ' എന്ന തത്വം   മറക്കേണ്ട
വന്നിടും നിനെക്കെന്റ് ഗതി നിച്ഛയം
നിന്നെ തല്ലി ഇറക്കിടും നിൻ മക്കൾ 
കൊണ്ടു ചെന്നാക്കും വൃദ്ധസദനങ്ങളിൽ
അന്ന് നീ പരിണാമ വിധേയനായിടും 
പല്ലു കോഴിയും തൊലി ചുക്കി ചുളിഞ്ഞിടും 
നിന്റെ കവിൾ ഒട്ടി കണ്ണു കുഴിഞ്ഞിടും 
ചുമ്മാ ഇരുന്നു നീ മാന്തി ചൊറിഞ്ഞിടും 
പൊക്കം കുറഞ്ഞിടും കുത്തി ഇരുന്നിടും 
കണ്ടാലോ  മുതുമുത്തച്ഛനെ പറിച്ചു വച്ചപോൽ
എന്നിലേക്ക് മടങ്ങാതെ മാർഗ്ഗമില്ലല്ലാതെ
നീ എന്നിൽ നിന്ന് പരിണമിച്ച് മർക്കടമായവൻ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക