Image

മലയാള സിനിമയില്‍ മറ്റൊരു വനിതാ കൂട്ടായ്‌മ കൂടി : ഭാഗ്യലക്ഷ്‌മി അധ്യക്ഷ

Published on 03 February, 2018
മലയാള സിനിമയില്‍ മറ്റൊരു വനിതാ കൂട്ടായ്‌മ കൂടി :  ഭാഗ്യലക്ഷ്‌മി അധ്യക്ഷ
കൊച്ചി: വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്‌ പുറമെ മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്‌മ. ഫെഫ്‌കയുടെ നേതൃത്വത്തിലാണ്‌ പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്‌.

സംഘടനയുടെ ആദ്യ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം കൊച്ചിയില്‍ ചേര്‍ന്നു. സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്‌ ആദ്യ യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്‌തത്‌. സംവിധായകരായ ബി ഉണ്ണികൃഷ്‌ണനും, സിബി മലയിലും യോഗത്തില്‍ സംസാരിച്ചു.

യോഗത്തില്‍ ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തതായാണ്‌ റിപ്പോര്‍ട്ട്‌. ഭാഗ്യലക്ഷ്‌മിയാണ്‌ സംഘടനയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷ.

സിനിമയിലെ അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന സ്‌ത്രീ തൊഴിലാളികളുടെ പ്രശ്‌നം കേള്‍ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമാണ്‌ പുതിയ കൂട്ടായ്‌മയെന്ന്‌ ഭാഗ്യലക്ഷ്‌മി പ്രതികരിച്ചു. ഇങ്ങനെ ഒരു കൂട്ടായ്‌മയെ കുറിച്ച്‌ ഏറെനാളായി ചിന്തിക്കുന്നു. 6000 അംഗങ്ങളുള്ള ഫെഫ്‌കയുടെ ജനറല്‍ ബോഡിയില്‍ ഞാന്‍ മാത്രമേ സ്‌ത്രീയായിട്ടുള്ളൂ. അപ്പോള്‍ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതിന്‌ പരിഹാരം കാണാനും ഒരു പ്രത്യേക സംഘടന ആവശ്യമാണെന്ന തിരിച്ചറിയലില്‍ നിന്നാണ്‌ ഇത്‌ ഉണ്ടായത്‌.
ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റുകള്‍, മേക്കപ്പ്‌ ആര്‍ട്ടിസ്റ്റുകള്‍, എഡിറ്റര്‍മാര്‍, സ്‌ക്രിപ്പ്‌ എഴുത്തുകാര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്‌ അംഗങ്ങള്‍.


കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‌ ശേഷമാണ്‌ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്‌ എന്ന പേരില്‍ മലയാള സിനിമയില്‍ പുതിയ സിനിമാ സംഘടന രൂപീകരിച്ചിരുന്നത്‌. മഞ്‌ജു വാര്യര്‍, ബീനാ പോള്‍, വിധു വിന്‍സെന്റെ, റീമ കല്ലിങ്കല്‍, പാര്‍വ്വതി, അഞ്‌ജലി മേനോന്‍, തുടങ്ങിയ പ്രമുഖരുടെ നേതൃത്വ നിരയിലായിരുന്നു സംഘടന രൂപീകരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക