Image

യൂണിഫോമിനെതിരെ അമേരിക്കന്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ കോടതിയിലേയ്ക്ക്

ഏബ്രഹാം തോമസ് Published on 03 February, 2018
യൂണിഫോമിനെതിരെ അമേരിക്കന്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ കോടതിയിലേയ്ക്ക്
കഴിഞ്ഞ മാസം അമേരിക്കന്‍ എയര്‍ലൈന്‍സ് കമ്പനിയുടെ ഫ്രണ്ട് ലൈന്‍ ജീവനക്കാരുടെ യൂണിഫോം തയാറാക്കുവാന്‍ ഒരു പുതിയ കമ്പനി (ലാന്‍ഡ്‌സ് എന്‍ഡ്) ഏല്‍പിക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ യൂണിഫോമിനെ ചൊല്ലി ഒരു വര്‍ഷത്തിലധികമായി ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന പ്രതിഷേധം അവസാനിച്ചു എന്നാണ് പലരും കരുതിയത്.

എന്നാല്‍ രണ്ടു കേസുകള്‍, ഒന്ന് കലിഫോര്‍ണിയയിലും മറ്റൊന്ന് ഇല്ലിനോയിലും ഫയല്‍ ചെയ്തിരിക്കുന്ന വിവരം പുറത്തുവന്നു. തങ്ങളുടെ യൂണിഫോമുകള്‍ തങ്ങളെ രോഗാതുരരാക്കുന്നു എന്ന പരാതിയുമായി ജീവനക്കാര്‍ (പ്രത്യേകിച്ച് ഫ്‌ലൈറ്റ് അറ്റന്റന്റുമാര്‍) മുന്നോട്ട് പോവുകയാണ്.

യൂണിഫോമുകള്‍ മുന്‍പ് തയാറാക്കിയിരുന്ന ട്വിന്‍ ഹില്ലിനെതിരെയാണ് കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഈ യൂണിഫോമുകള്‍ ത്വക് സ്‌ഫോടനം, തലവേദന, ശ്വാസതടസം എന്നീ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായാണ് ആരോപണം.

അലമേഡ കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ (കലിഫോര്‍ണിയ) ഫയല്‍ ചെയ്തിരിക്കുന്ന കേസ് ട്വിന്‍ ഹില്ലിനും അതിന്റെ കേന്ദ്ര സ്ഥാപനം ടെയിലേര്‍ഡ് ബ്രാന്‍ഡ്‌സിനും എതിരെയാണ്. ഇല്ലിനോയ് ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസില്‍ അമേരിക്കന്‍ എയര്‍ലൈന്‍സും പ്രതിസ്ഥാനത്തുണ്ട്. ഇതൊരു ക്ലാസ് ആക്ഷന്‍ ലോ സ്യൂട്ടാണ്.

കുറ്റകരമായ ഉപേക്ഷ മുതല്‍ ഉല്പന്ന ഉത്തരവാദിത്വവും മനഃപൂര്‍വം വികാര വിക്ഷോഭം വരെ കേസുകളില്‍ ആരോപിക്കപ്പെടുന്നു. ജോലി സ്ഥലത്ത് നിന്ന് കഴിയുന്നതും വേഗം ഈ യൂണിഫോമുകള്‍ നീക്കം ചെയ്യുകയും ജീവനക്കാരുടെ ആരോഗ്യത്തിനും ഉപജീവനമാര്‍ഗത്തിനും ഉണ്ടായ നഷ്ടത്തിന് പരിഹാരം നേടുകയുമാണു ലക്ഷ്യമെന്നു ജീവനക്കാരുടെ അഭിഭാഷകര്‍ പറയുന്നു.

നാലായിരത്തില്‍ അധികം ഫ്‌ലൈറ്റ് അറ്റന്റന്റുമാരും നൂറിലധികം പൈലറ്റുമാരും യൂണിഫോം ധരിക്കുവാന്‍ ആരംഭിച്ചതിനുശേഷം തങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് യൂണിയനുകളില്‍ പരാതി നല്‍കി. ഈ യൂണിഫോമുകള്‍ ഏര്‍പ്പാടാക്കിയത് 2016 ഡിസംബറിലാണ്.

അമേരിക്കന്‍ എയര്‍ലൈന്‍സും ട്വിന്‍ ഹില്ലും യൂണിഫോമുകള്‍ സുരക്ഷിതമാ ണെന്ന് ആവര്‍ത്തിച്ചു. ഇവ സുരക്ഷിതവും ഉദ്ദേശിക്കുന്ന ഉപയോഗത്തിന് അനുയോജ്യവുമാണ്. ട്വിന്‍ ഹില്‍ വക്താവ് ഡിയാഗോ ലോറോ പറഞ്ഞു. അമേരിക്കന്‍ ജീവനക്കാര്‍ക്ക് ചില ഉപാധികള്‍ മുന്നോട്ടു വയ്ക്കുകയും അടുത്ത കാലത്ത് യൂണിഫോമിന്റെ നിര്‍മ്മാണം ലാന്‍ഡ്‌സ് എന്‍ഡിനെ ഏല്പിക്കുകയും ചെയ്തു.

ഫ്‌ലൈറ്റ് അറ്റന്റുമാരും അവരുടെ അഭിഭാഷകരും സംശയിക്കുന്നത് യൂണിഫോം നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന കെമിക്കലുകളോ, കെമിക്കലുകളുടെ മിശ്രിതമോ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണെന്നാണ്. ദീര്‍ഘകാല നിത്യോപയോഗ കാഠിന്യങ്ങള്‍ ഏറ്റുവാങ്ങാനാണ് ഈ കെമിക്കലുകളും മിശ്രിതങ്ങളും ഉപയോഗിച്ച് നിര്‍മ്മാണ പ്രക്രിയ നടത്തുന്നതെന്നും ആരോപണമുണ്ട്.

അമേരിക്കനും ട്വിന്‍ ഹില്ലും, ടെയിലേര്‍ഡ് ബ്രാന്‍ഡ്‌സും യൂണിയനുകളും ശക്തരായ പ്രതിയോഗികളാണ്. അലാസ്‌ക എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് അറ്റന്റന്റ്‌സ് ഫയല്‍ ചെയ്ത മറ്റൊരു കേസും ട്വിന്‍ ഹില്‍സിനെതിരെ നിലവിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക