Image

ഹേയ് ജൂഡ്- ഒരു ഫീല്‍ ഗുഡ് മുവീ

Published on 03 February, 2018
ഹേയ് ജൂഡ്- ഒരു ഫീല്‍ ഗുഡ് മുവീ
ശ്യാമപ്രസാദിന്റെ സിനിമകള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ പതിവു കാഴ്ചകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു കഥയും കഥാപരിസരവും പ്രേക്ഷകരുടെ മനസിലേക്ക് വരും. തന്റെ മുന്‍കാല സിനിമകളുടെ ദൃശ്യഭാഷ കൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു വിശ്വാസത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. മുഖ്യദാരാ സിനിമകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അതിയായ താല്‍പര്യം പ്രകടിപ്പിക്കാതെയും കലാമൂല്യത്തില്‍ വിട്ടു വീഴ്ച വരുത്താതെയുമാണ് ശ്യാമപ്രസാദ് തന്റെ ഓരോ സിനിമകളും പ്രേക്ഷകര്‍ക്കായി സമര്‍പ്പിച്ചിട്ടുളളത്.

തന്റെ പുതിയചിത്രമായ ഹേയ് ജൂഡ്-പ്രേക്ഷക മനസിന് സന്തോഷം നല്‍കുന്ന ഒരു ചിത്രമാണ്. തന്റെ തന്നെ മുന്‍ ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ ആന്തരിക സംഘര്‍ഷങ്ങള്‍ക്കാണ് പ്രമേയത്തില്‍ മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. ഇവിടെയും അത് കുറച്ചു കൂടി വ്യക്തമാണ്. ഭൂമിയില്‍ മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വ്യത്യസ്തരായിട്ടാണ്. അവര്‍ക്ക് വ്യത്യസ്തമായ കഴിവുകളും ഉണ്ടാകും. കഴിവുകള്‍ കുറഞ്ഞവരും ഉണ്ടാകും. എന്നാല്‍ എല്ലാവരും തങ്ങളെ പോലെയാകണമെന്ന് വാശി പിടിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ഇവിടെയുണ്ട്. അത് മറ്റുള്ളവരുടെ ജീവിതത്തിന്റെ മേല്‍ സൃഷ്ടിക്കുന്ന വൈകാരികവും സാമൂഹ്യവുമായ ആഘാതങ്ങളുണ്ട്. അത് വളരെ വ്യക്തമായി കാട്ടിത്തരുന്നുന്ന ചിത്രമാണ് ഹേയ് ജൂഡ്.

ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറില്‍ പെട്ട ആസ്‌പെന്‍ജര്‍ സിന്‍ഡ്രോം എന്ന അവസഥയിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് നായകനായ ജൂഡ്(നിവിന്‍ പോളി). ശാസ്ത്ര സംബന്ധമായ വിഷയങ്ങളില്‍ അസാമാന്യമായ ഓര്‍മ്മശക്തിയും കഴിവും പ്രകടിപ്പിക്കുന്ന ഇവര്‍ക്ക് പക്ഷേ സാധാരണ ആളുകള്‍ പ്രകടിപ്പിക്കുന്നതു പോലെയുള്ള ആശയ വിനിമയ ശേഷി വളരെ കുറവായിരിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് മനസില്‍ വരുന്ന വികാരങ്ങളുടെ പ്രതിഫലനമൊന്നും ഇവരുടെ മുഖത്തുണ്ടാവുകയില്ല. അതായത് തമാശ കേട്ടാലും ദുഖകരമായ കാര്യങ്ങള്‍ സംഭവിച്ചാലും ഒരു ഭാവവും പ്രകടിപ്പിക്കാതെ ഏതാണ്ട് നിര്‍വികാരമായ അവസ്ഥ.

ഡൊമിനിക് റോഡിഗ്രിസി (സിദ്ദിഖ്)ന്റെയും മരിയ(നീന കുറുപ്പ്)യുടെയും മകനാണ് ജൂഡ്. ആള്‍ വളരെ ബുദ്ധിമാനാണ്. സമുദ്രശാസ്ത്രമാണ് ജൂഡിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. അവന്റെ പ്രായത്തിലുള്ള മറ്റ് ആണ്‍കുട്ടികളെ പോലെ സുഹൃത്തുക്കളോ മറ്റ് ദുശീലങ്ങളോ ഒന്നും ജൂഡിനില്ല. അവന്റെ പ്രത്യേകമായ കഴിവുകള്‍ കണ്ടില്ലെന്നു നടിച്ച് അവനെയും തങ്ങളുടെ രീതിയില്‍ വളര്‍ത്താനാണ് ജൂഡിന്റെ മാതാപിതാക്കല്‍ ശ്രമിക്കുന്നത്. മകന്‍ തങ്ങളുടെ വഴിയിലേക്കു വരാത്തതില്‍ അവര്‍ക്കു വിഷമമുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പുരവസ്തുക്കളുടെ ബിസിനസ് നടത്തുന്ന ഡൊമിനിക്കിന് ഗോവയില്‍ പോകേണ്ട ആവശ്യമുണ്ടാകുന്നു. ഈ യാത്രയില്‍ ജൂഡിനേയും അയാള്‍ കൂടെ കൂട്ടുന്നു. അവിടെ അയാള്‍ ബൈ പോളാര്‍ എന്ന പെരുമാറ്റ വൈകല്യമുള്ള ക്രിസ്റ്റല്‍ (തൃഷ) എന്ന യുവതിയുമായി പരിചയപ്പെടുന്നു. ക്രിസ്റ്റലുമായുള്ള സൗഹൃദം ജൂഡിന്റെ ജീവിതത്തെയും സ്വപ്നങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നതാണ് ചിത്രത്തിലെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ പറയുന്നത്.

ഓര്‍ത്തുവയ്ക്കാന്‍ പാകത്തില്‍ നിരവധി നല്ല മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്. നായകനായി എത്തിയ നിവിന്‍ പോളിയുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ പ്‌ളസ് പോയിന്റ്. മലയാളത്തിലേക്കുള്ള അരങ്ങേറ്റം തൃഷ ഗംഭീരമാക്കിയിട്ടുണ്ട്. ഗോവന്‍ മലയാലി പെണ്‍കുട്ടിയായി മറ്റാരെയും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം തൃഷ തന്റെ കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. ഗായിക സയനോരയാണ് തൃഷയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.
ഡൊമിനിക്കായി എത്തിയ സിദ്ദിഖ് മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുളളത്. സമീപ കാലത്ത് അദ്ദേഹം അവതരിപ്പിച്ച പല കഥാപാത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ശക്തമായ കഥാപാത്രമാണ് ഇതിലെ ഡൊമിനിക്. ആംഗ്‌ളോ ഇന്‍ഡ്യന്‍ വംശജനായി കഥാപാത്രത്തോടു നൂറു ശതമാനം നീതി പുലര്‍ത്തിയി യിട്ടുണ്ട് അദ്ദേഹം. ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തിയ നീനാ കുറുപ്പും തന്റെ വേഷം ഭംഗിയാക്കി. ക്രിസ്റ്റലിന്റെ അച്ഛനും സൈക്യാട്രിസ്റ്റുമായി വിജയ് മേനോനും നല്ല അഭിനയം തന്നെ പുറത്തെടുത്തു. എന്നാല്‍ എക്കാലത്തെയും പോലെ അല്‍പം എക്‌സെന്‍ട്രിക്കായ ടൈപ്പു കഥാപാത്രങ്ങളുടെ പാതയില്‍ തന്നെയാണ് ഇപ്പോഴും എന്നു പറയാതെ വയ്യ. തന്റെ മുന്‍കാല സിനിമകളില്‍ നിന്നു വേറിട്ട് നല്‍മ്മം കലര്‍ത്താനുള്ള ഒരു ശ്രമവും സംവിധായകന്‍ നടത്തിയിട്ടുണ്ട്. അതിന്റെ തെളിവാണ് ചിത്രത്തില്‍ അല്‍പായുസായ അജുവര്‍ഗീസിന്റെ കഥാപാത്രം. സിനിമ കണ്ടിറങ്ങുമ്പോള്‍ ആ കഥാപാത്രത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്നു പോലും നമുക്ക് തോന്നും.

ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണം മികച്ചതായി. ഔസോപ്പച്ചന്റെയും ഗോപീസുന്ദറിന്റെയും രാഹുല്‍രാജിന്റെയും നേതൃത്വത്തില്‍ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡിനോട് ചേര്‍ന്നു നില്‍ക്കുന്നു. തിരക്കുകള്‍ക്കിടയിലും മനസില്‍ സംതൃപ്തിയോടെ കണ്ടിറങ്ങാവുന്ന ചിത്രമാണ് ഡേയ് ജൂഡ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക