Image

കുരീപ്പുഴയ്ക്ക് നേരെ നടന്ന ആര്‍.എസ്.എസ് ആക്രമണം: ശക്തമായ പ്രതിഷേധവുമായി കവി പി.കെ.ഗോപിയും, നവയുഗവും

Published on 06 February, 2018
കുരീപ്പുഴയ്ക്ക് നേരെ നടന്ന ആര്‍.എസ്.എസ് ആക്രമണം: ശക്തമായ പ്രതിഷേധവുമായി കവി പി.കെ.ഗോപിയും, നവയുഗവും
ദമ്മാം: പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആര്‍.എസ്.എസ് ആക്രമണം അത്യന്തം അപലപനീയമാണെന്നും, ജാതിമതശക്തികള്‍ അസഹിഷ്ണുത പരത്തുന്ന വര്‍ത്തമാനകേരളത്തിന്റെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും പ്രശസ്തകവിയും ഗാനരചയിതാവുമായ പി.കെ.ഗോപി പറഞ്ഞു.

നവയുഗം സാംസ്‌കാരികവേദിയുടെ അതിഥിയായി വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം നാട്ടിലേയ്ക്ക് മടങ്ങാന്‍ ദമ്മാം എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹം, മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.

കേരളം കലയും സാംസ്‌കാരികപ്രവര്‍ത്തനങ്ങളും സാമൂഹികപരിവര്‍ത്തനങ്ങളും വഴി ദശകങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ട് നേടിയ പുരോഗമനസമൂഹത്തെ പുറകോട്ടു പിടിച്ചു വലിയ്ക്കുന്ന സംഘടിതപ്രവര്‍ത്തനങ്ങളാണ് ഇന്ന് ജാതിമതവര്‍ഗ്ഗീയ കോമരങ്ങള്‍ നടത്തുന്നത്. സ്വതന്ത്രചിന്തയുള്ള മനുഷ്യര്‍ സ്വന്തം അഭിപ്രായം പറഞ്ഞാല്‍ അവരെ കായികമായി ആക്രമിയ്ക്കുന്ന പ്രവണത അത്യന്തം അപകടകരമാണ്. ജാതിമതഭ്രാന്തിന്റെ പുതിയ മുഖമാണോ അതോ കേന്ദ്രഭരണം കൈവെള്ളയില്‍ ഉള്ളതിന്റെ ബാക്കിപത്രമാണോ ഈ അസഹിഷ്ണുത എന്ന് ബന്ധപ്പെട്ടവര്‍ പറയണം. ഇത്തരം ശക്തികള്‍ക്കെതിരെ ശക്തമായി പ്രതികരിയ്ക്കാന്‍ കേരളസമൂഹവും ഭരണാധികാരികളും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദലിതനെയും, ന്യൂനപക്ഷങ്ങളെയും, സ്വാതന്ത്രചിന്തകരെയും തല്ലിക്കൊല്ലുന്ന സംഘിസംസ്‌കാരം കേരളത്തില്‍ വേണ്ട: നവയുഗം 

ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന പോലെ ദലിതനെയും, ന്യൂനപക്ഷങ്ങളെയും, സ്വാതന്ത്രചിന്തകരെയും തല്ലിക്കൊല്ലുന്ന മനുവാദസംസ്‌കാരം കേരളത്തില്‍ വളര്‍ത്തി, അതുവഴി ജാതിമതവര്‍ഗ്ഗീയതയിലൂടെ ഭരണാധികാരം നേടിയെടുക്കാനാണ്  സംഘപരിവാര്‍ ശ്രമിയ്ക്കുന്നതെന്നും, ഇതിന്റെ ഉത്തമഉദാഹരണമാണ് കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആര്‍.എസ്.എസ് ആക്രമണമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയില്‍ പറഞ്ഞു. 

കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. അശാന്തന്‍ എന്ന ദളിത് കലാകാരന്റെ മൃതദേഹത്തോട് ആര്‍. എസ്.എസ്സുകാര്‍ കാട്ടിയ അനാദരവിനെക്കുറിച്ചും, വടയമ്പാടി ജാതിമതില്‍ സമരത്തെക്കുറിച്ചും അദ്ദേഹം ഉത്ഘാടനപ്രസംഗത്തില്‍ പറഞ്ഞതാണ് ആക്രമണത്തിന് കാരണം. ആര്‍.എസ്.എസുകാരുടെ വര്‍ഗ്ഗീയഅജണ്ടയെ ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്തും എന്ന ധാര്‍ഷ്ട്യം കേരളത്തില്‍ നടക്കില്ല. 

ഈ ആക്രമണം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിയ്ക്കണമെന്നും, സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ കേരളസമൂഹം തയ്യാറാകണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക